പറവൂർ : സി.പി.ഐ.ക്ക്‌ നൽകിയ പറവൂരിൽ എൽ.ഡി.എഫ്. സ്ഥാനാർഥികളായി മത്സരിക്കുന്നവരുടെ ലിസ്റ്റ് ശനിയാഴ്ച ചേർന്ന സി.പി.ഐ. മണ്ഡലം കമ്മിറ്റി ചർച്ച ചെയ്ത്‌ ജില്ലാ സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിച്ചു.

സംസ്ഥാന കൗൺസിലംഗവും ഏലൂർ ഫാക്ടിൽ മുൻ ഉദ്യോഗസ്ഥനുമായ മഞ്ഞുമ്മൽ സ്വദേശി എം.ടി. നിക്സണെ ആണ് ആദ്യ പേരുകാരനായി പരിഗണിക്കുന്നത്. എ.ഐ.വൈ.എഫ്. ജില്ലാ ജോയിന്റ് സെക്രട്ടറി ഡിവിൻ കെ. ദിനകരൻ, സി.പി.ഐ. മണ്ഡലം അസി. സെക്രട്ടറി എ.കെ. സുരേഷ്, രമ ശിവശങ്കരൻ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്.

മണ്ഡലത്തിന്‌ പുറത്തു നിന്നുള്ളവർ വേണ്ടെന്ന നിർദേശമാണ് യോഗത്തിൽ അംഗങ്ങൾ ഉയർത്തിയത്.

കെ.എം. ദിനകൻ, കെ.ബി. അറുമുഖൻ എന്നിവരുടെ പേരുകളും മണ്ഡലം സെക്രട്ടറി കെ. പി. വിശ്വനാഥന്റെ പേരും ലിസ്റ്റിലുണ്ട്.

യോഗത്തിൽ മണ്ഡലം സെക്രട്ടറി വി.എൻ. സുകുമാരൻ അധ്യക്ഷനായി. സി.പി.ഐ. സംസ്ഥാന എക്സി. കമ്മിറ്റിയംഗവും മുൻ എം.എൽ.എ.യുമായ എ.കെ. ചന്ദ്രൻ, ജില്ലാ സെക്രട്ടറി പി. രാജു, സംസ്ഥാന കമ്മിറ്റിയംഗം കമല സദാനന്ദൻ, കെ.എം. ദിനകരൻ, എസ്. ശ്രീകുമാരി, കെ.കെ. അഷറഫ് തുടങ്ങിയവർ പങ്കെടുത്തു.