കാഞ്ഞിരമറ്റം : മതമൈത്രിയുടെ നേർച്ചിത്രമാവുകയാണ് കാഞ്ഞിരമറ്റം മസ്ജിദുൽ മർഹമ. ശബരിമല തീർത്ഥാടകർക്ക് വിശ്രമത്തിനും പാചകത്തിനും സൗകര്യമൊരുക്കുകയാണ് കാഞ്ഞിരമറ്റം മുസ്‌ലിം പള്ളിയുടെ കീഴിലുള്ള മസ്ജിദുൽ മർഹമ.

കാഞ്ഞിരമറ്റം മുസ്‌ലിം പള്ളിക്കും ചാലയ്ക്കപ്പാറയ്ക്കും ഇടയിലുള്ള മസ്ജിദുൽ മർഹമയിൽ വർഷങ്ങളായി ശബരിമല തീർത്ഥാകർ വിശ്രമിക്കുകയും ഇവിടെവച്ച്‌ ഭക്ഷണം പാകംചെയ്ത് കഴിക്കുകയും ചെയ്യാറുണ്ടെന്ന് മഹല്ല് പ്രസിഡന്റും ഗ്രാമപ്പഞ്ചായത്ത് മുൻ അംഗവുമായ സലിം അലി പറഞ്ഞു.

തീർത്ഥാടന കാലമായാൽ മർഹമയുടെ ഗേറ്റും ടോയ്‌ലറ്റുകളുമെല്ലാം തുറന്നിടും. ആവശ്യത്തിന്‌ വെള്ളമുള്ളതിനാൽ വർഷങ്ങളായി ഇവിടെ വിശ്രമിച്ച് പോകുന്ന ഒട്ടേറെ തീർത്ഥാടകരുണ്ടെന്നും മഹല്ല് പ്രസിഡന്റ്‌ പറഞ്ഞു. വിദൂര സ്ഥലങ്ങളിൽ നിന്നെത്തുന്നവർ രാവിലെ എത്തി ഭക്ഷണമുണ്ടാക്കി കഴിച്ച് വിശ്രമിച്ച് ഉച്ചയോടെയാണ്‌ യാത്രതുടരുക.

എറണാകുളം-കോട്ടയം റോഡിനോടു ചേർന്നായതിനാൽ യാത്രചെയ്യാനും സൗകര്യമാണ്. തിങ്കളാഴ്ച മർഹമയിൽ രാവിലെയെത്തിയ തീർത്ഥാടകർ തങ്ങളുടെ വണ്ടി മർഹമയ്ക്കു സമീപം ഒതുക്കി ഭക്ഷണമൊക്കെ കഴിച്ച് ഒരു മണിയോടെയാണ് ഇവിടെനിന്ന്‌ പുറപ്പെട്ടത്. ശബരിമല തീർത്ഥാടകരിൽ പലരും കാഞ്ഞിരമറ്റം മലേപ്പള്ളിയിൽ വന്ന്‌ തേങ്ങ ഉടച്ച്‌ പോകുന്നതും പതിവുകാഴ്ചയാണ്.