കാലടി : കൺടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനു പിന്നാലേ കോവിഡ് വാക്‌സിനേഷൻ നിർത്തിവച്ചത് കാലടി ഗ്രാമപ്പഞ്ചായത്ത് നിവാസികൾക്ക് വലിയ തിരിച്ചടിയായി.

പഞ്ചായത്തിലെ വിവിധ വാർഡുകളിൽ വാക്‌സിനേഷൻ വളരെ ഫലപ്രദമായ രീതിയിൽ നടന്നുകൊണ്ടിരിക്കുമ്പോഴാണ് കോവിഡ് രോഗവ്യാപനം ഉണ്ടാകുകയും കൺടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തത്. തുടർന്ന് വാക്‌സിനേഷൻ മാറ്റി വയ്ക്കുകയായിരുന്നു.

45 വയസ്സ് പിന്നിട്ട നിരവധി പേർക്ക് ഇനിയും വാക്‌സിനേഷൻ നൽകേണ്ടതുണ്ട്. നിലവിൽ പഞ്ചായത്തിൽ 201 കോവിഡ് രോഗബാധിതരുണ്ട്. ശ്വാസകോശ രോഗങ്ങളും മറ്റ് രോഗങ്ങളും ഉള്ള നിരവധി ആളുകൾ വാക്‌സിൻ എടുക്കുന്നതിനായി കാത്തിരിക്കുകയാണ്. ആദ്യഡോസ് വാക്‌സിനേഷൻ എടുത്തവർക്ക് രണ്ടാമത്തേതിന്റെ സമയം കഴിഞ്ഞു. ഇത്തരം സാഹചര്യം നിലനിൽക്കേ അടിയന്തരമായി വാക്‌സിനേഷൻ ആരംഭിക്കാൻ അനുമതി നൽകണമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി, ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് നൽകിയ നിവേദനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി ആവശ്യപ്പെട്ടു.

വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് ജനത്തിരക്ക് ഒഴിവാക്കി പഞ്ചായത്ത് അംഗങ്ങൾ മുഖേന വാക്‌സിനേഷൻ നടത്താൻ ആവശ്യമായ നടപടികൾ പഞ്ചായത്ത് സ്വീകരിക്കുമെന്ന് ഉറപ്പുനൽകി. ആരാധനാലയങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കും. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അണുനശീകരണം നടത്തിവരുന്നുണ്ട്.