കരിങ്ങാച്ചിറ : ജോർജിയൻ തീർഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെയ്ൻറ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ മാർ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിനു തുടക്കമായി. രാവിലെ നടന്ന കുർബാനയെ തുടർന്ന് യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസാണ് കൊടിയേറ്റിയത്. വൈകീട്ട് സന്ധ്യാപ്രാർഥന നടന്നു. കോവിഡ് പഞ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളാണ് പെരുന്നാൾ ചടങ്ങുകൾക്ക് ഏർപ്പെടുത്തിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു. ആറിന് രാവിലെ 6.30-ന് പ്രഭാത പ്രാർഥനയും, 7-ന് കുർബാനയും, വൈകീട്ട് 6-ന് സന്ധ്യാപ്രാർഥനയും നടക്കും. പ്രധാന പെരുന്നാൾ ദിവസമായ ഏഴിന് രാവിലെ 6.15-ന് പ്രഭാത പ്രാർഥനയും 7-ന് കുർബാനയും നടക്കും. തുടർന്ന് ജോസഫ് മാർ ഗ്രിഗോറിയോസ് ആശീർവാദത്തോടെ പെരുന്നാൾ സമാപിക്കും. പ്രധാന പെരുന്നാൾ ദിവസം നടക്കുന്ന നേർച്ചസദ്യ ഈ വർഷം ഉപേക്ഷിച്ചതായി ഭാരവാഹികൾ അറിയിച്ചു.