കൊച്ചി: ‘ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധം’ എന്ന പ്രയോഗം കളിക്കളത്തിലെന്നപോലെ രാഷ്ട്രീയത്തിലും പ്രസക്തമാണ്. പന്ത് എതിരാളിയുടെ ഹാഫിൽനിന്ന്‌ സ്വന്തം ഹാഫിലേക്ക്‌ വരാതെ നോക്കുക. യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും ഏറ്റവും മികച്ച രണ്ട്‌ സ്ട്രൈക്കർമാർ ജില്ലയിലുണ്ട്... പറവൂർ എം.എൽ.എ വി.ഡി. സതീശനും തൃപ്പൂണിത്തുറ എം.എൽ.എ എം. സ്വരാജും. ഇവർക്കൊപ്പം പി.ടി. തോമസിനെയും കെ.ജെ. മാക്സിയെയും പോലുള്ള ഉശിരൻ സ്ട്രൈക്കർമാരുമുണ്ട്.

കേരള പ്രീമിയർ ലീഗ് ഫുട്ബോളിന്‌ കൊച്ചി വേദിയായ ദിവസം രാഷ്ട്രീയപ്പോരാട്ടത്തെ കളിയോടുപമിച്ചാൽ എങ്ങനുണ്ടാവും. തിരഞ്ഞെടുപ്പിനൊരുങ്ങുന്ന വി.ഡി. സതീശനും കെ.െജ. മാക്സിയും രാഷ്ട്രീയപ്പോരിനെ ഫുട്ബോളിലൂടെ വിലയിരുത്തുന്നു.

ടോട്ടൽ പെർഫോമൻസ്

“ഞാനും എന്റെ കളിക്കാരും ഡബിൾ സ്‌ട്രോങ്ങാണ്. ഞങ്ങളുടെ പോസ്റ്റിലേക്ക്‌ വെറുതെ ഗോളടിക്കരുത്” -ഒരു പഞ്ച് ഡയലോഗിലാണ് യു.ഡി.എഫ്. സിറ്റിങ് എം.എൽ.എ വി.ഡി. സതീശൻ സംസാരിച്ചു തുടങ്ങിയത്.

“വാമപ്പ് കഴിഞ്ഞ്‌ ഞങ്ങൾ ഗ്രൗണ്ടിലേക്കിറങ്ങാൻ തുടങ്ങുകയാണ്. മണ്ഡലത്തിലെ 175 ബൂത്ത് കമ്മിറ്റികളും രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. വോട്ടർ പട്ടികയിൽ പേരുചേർക്കലെന്ന വാമപ്പും നേരത്തെതന്നെ നടത്തി. പാർട്ടി സംസ്ഥാന നേതൃത്വത്തിൽ നിന്ന് അറിയിപ്പു കിട്ടിയതോടെ മണ്ഡലത്തിലെ പ്രവർത്തകരെല്ലാം ഉഷാറാണ്. ടീമിന്റെ ടോട്ടൽ പെർഫോമൻസിലാണ് എല്ലാ ശ്രദ്ധയും. സർക്കാറിന്റെ അഴിമതിക്കും ദുർഭരണത്തിനും എതിരേയാണ് ഞങ്ങളുടെ ആക്രമണം. എതിരാളികളുടെ കളിയുടെ ശൈലിയും ഞങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. അവരുടെ ആക്രമണം പെനാൽട്ടി ബോക്സിലേക്ക്‌ എത്തുന്നതിനു മുമ്പേ തടയിടാനുള്ള പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. പരമാവധി ഫൗൾ ഇല്ലാതെ ക്ലീൻ ഫുട്‌ബോളുമായാണ് ഈ തിരഞ്ഞെടുപ്പിലേക്ക്‌ ഞങ്ങൾ ഇറങ്ങുന്നത്. എതിരാളികളെ വ്യക്തിപരമായോ മാനസികമായോ ആക്രമിക്കുന്ന മോശം ഫുട്‌ബോൾ ഞങ്ങൾ കളിക്കില്ല. ഗാലറിയിലിരിക്കുന്ന കാണികളല്ലേ അവസാന വിധിയെഴുതേണ്ടത്.”

ഗോളുകളുടെ പെരുമഴ

“സഖാവ് പിണറായി ക്യാപ്റ്റനായുള്ള ടീമാണിത്. കുറഞ്ഞത്‌ ആറ്‌ ഗോളിനെങ്കിലും ഞങ്ങൾ ജയിച്ചുകയറും” -കൊച്ചിയിലെ എൽ.ഡി.എഫ്. സിറ്റിങ് എം.എൽ.എ കെ.ജെ. മാക്സി പ്രവചിക്കുന്നു.

“ഞങ്ങളുടെ ടീമിന്‌ തകർപ്പൻ ജയം ജനങ്ങൾ സാക്ഷാത്കരിക്കുമെന്ന് ഉറപ്പാണ്. കുടിവെള്ള പ്രശ്നത്തിന്റെ പരിഹാരമാണ് ഞങ്ങളുടെ കളിയിലെ തുറുപ്പു ചീട്ടുകളിലൊന്ന്. നേരത്തെ ദിവസം ആറ്‌്‌ എം.എൽ.ഡി. വെള്ളം മാത്രം കിട്ടിയിരുന്ന കൊച്ചി പ്രദേശത്ത് ഇപ്പോൾ 22 എം.എൽ.ഡി. വെള്ളമെത്തുന്നു. ചെല്ലാനം ഹാർബറാണ് മറ്റൊന്ന്. തകർച്ച മാത്രം കണ്ടിരുന്ന പ്രദേശത്ത് വികസനത്തിന്റെ അടയാളമായി മാറിയ ഹാർബർ എത്രയോ ജീവിതങ്ങൾക്കാണ് പ്രകാശമായത്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ഏറെയുള്ളതുകൊണ്ട് തകർപ്പൻ ആക്രമണ ഫുട്‌ബോൾതന്നെ ഞങ്ങൾക്ക്‌ കാഴ്ചവെക്കാനാകും. എതിരാളികളുടെ മൂർച്ചയില്ലാത്ത ഫോർവേഡുകൾക്കു ഞങ്ങളുടെ പെനാൽറ്റി ബോക്സിൽ കയറി ഒന്നും ചെയ്യാനില്ല. അവർക്കാകെ ചെയ്യാനുള്ളത് ഇല്ലാത്ത ആരോപണങ്ങളുടെ കെട്ട്‌ അഴിച്ചുവിടലാണ്. അങ്ങനെ വന്നാൽ അതിനെ ഡിഫൻഡ് ചെയ്ത് ഗോൾ വഴങ്ങാതിരിക്കാനുള്ള മികവും ഞങ്ങൾക്കുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഡിഫൻസീവ് ഫുട്‌ബോൾ ഒട്ടും വേണ്ടിവരില്ല. ആക്രമിച്ച്‌ കളിക്കുക, ഗോളടിക്കുക, ജയിക്കുക.”