ആലുവ: പരിമിതികൾ കലാപ്രവർത്തനങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ആലുവയിൽ ഒരുകൂട്ടം കലാകാരന്മാർ.

ഡിസംബർ 10 മുതൽ 13 വരെ ഹൈദരാബാദിൽ നടക്കുന്ന ബധിര-മൂക കലാമേളയിലേക്കുള്ള മുന്നൊരുക്കമാണിവിടെ. തേവരയിൽ വീട്ടുജോലി ചെയ്യുന്ന സ്വപ്നയും തൃശ്ശൂരിലെ പെയിന്റിങ് തൊഴിലാളിയായ ഷാജിയും ഉൾപ്പെടെ 15 പേരാണ്‌ കേരളത്തെ പ്രതിനിധീകരിക്കുന്നത്.

‘സൗണ്ട് ഓഫ് സൈലൻസ് ആർട്‌സ് ആൻഡ്‌ കൾച്ചറൽ ഫോറം കേരള’യുടെ നേതൃത്വത്തിലാണ് പരിശീലനം. തിരുവാതിരകളി, മൂകാഭിനയം, നാടകം എന്നിവയിലാണ് കേരളം മത്സരിക്കുന്നത്. തിരുവാതിരകളി ടീമിലേക്ക് സ്ത്രീകളെ വേണ്ടത്ര കണ്ടെത്താനായില്ലെങ്കിലും ഇവർ പിന്നോട്ടില്ല. ആറംഗ തിരുവാതിരകളി ടീമിൽ നാലുപേരും പുരുഷന്മാരാണ്. കാക്കനാട്ട് നൃത്തകലാ വിദ്യാലയം നടത്തുന്ന രാജി ദിജുവാണ് ഇവർക്ക് സൗജന്യമായി തിരുവാതിരകളി പരിശീലനം നൽകുന്നത്.

മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള തുക ഇവർ സ്വയം കണ്ടെത്തുകയായിരുന്നു.

സർക്കാരിന്റെ സഹായം ലഭ്യമായാൽ ഒരു ഡാൻസ് അക്കാദമി തുടങ്ങാനും ഇവർക്കാഗ്രഹമുണ്ട്. അതു പോലെ ടെലിഫിലിം, നാടക സംഘം എന്നിവയ്ക്കും രൂപം നൽകാനും ലക്ഷ്യമിടുന്നു.

ബധിരരും മൂകരുമായ ,കോമഡി താരം നിഷാദ് പൂച്ചടിക്കൽ, കൊച്ചിൻ റിഫൈനറിലെ ജീവനക്കാരൻ കൂടിയായ വില്യം വിജയൻ, ഹൈക്കോടതി ജീവനക്കാരനായ സുരേഷ് കുമാർ എന്നിവർ പ്രോത്സാഹനമായി പരിശീലന ക്യാമ്പിലുണ്ട്.