കൊച്ചി : ജി.സി.ഡി.എ. ചെയർമാൻ സ്ഥാനത്തേക്ക് ഇക്കുറി സി.പി.എം. ന്യൂനപക്ഷ പരിഗണന നൽകില്ല. കഴിഞ്ഞ തവണ മത ന്യൂനപക്ഷം മുൻനിർത്തിയാണ് സി.പി.എം. ജില്ലാ കമ്മിറ്റി അംഗമായ വി. സലിമിനെ ചെയർമാനാക്കിയത്. പാർട്ടി നിർദേശപ്രകാരം സലിം രാജിവെച്ചതോടെ ഒരാഴ്ചയായി ജി.സി.ഡി.എ. ചെയർമാൻ കസേര ഒഴിഞ്ഞുകിടപ്പാണ്.

ജിഡ മോഡലിൽ ജി.സി.ഡി.എ.യും സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനുള്ള ആലോചനകൾ നടക്കുന്നുണ്ട്. അതിനായി ഐ.എ.എസ്. ഉദ്യോഗസ്ഥരെ ചെയർമാനാക്കുന്നതിനാണ് നീക്കം. ഭരണ നിർവഹണത്തിൽ സർക്കാരിന് കൂടുതൽ എളുപ്പം ഇതായിരിക്കുമെന്നതിനാൽ, മുഖ്യമന്ത്രിയുടെ ഓഫീസിന് അതിലാണ് താത്‌പര്യം. എന്നാൽ, ജില്ലയിലെ മുതിർന്ന നേതാക്കളിൽനിന്ന് ശക്തമായ സമ്മർദമുള്ളതിനാൽ പാർട്ടിയിൽ നിന്നുതന്നെ ചെയർമാൻ വരുമെന്നാണ് കരുതുന്നത്.

ചെയർമാൻ സ്ഥാനം പാർട്ടിയിലെ ഇഷ്ടക്കാർക്ക് നൽകുന്നതിനായി ഒരു വ്യവസായ പ്രമുഖന്റെ ഇടപെടലിനെക്കുറിച്ചും സി.പി.എമ്മിനുള്ളിൽ ചർച്ച നടക്കുന്നുണ്ട്. കഴിഞ്ഞ ചെയർമാൻ നിയമനത്തിൽ ഈ വ്യവസായിയുടെ ഇടപെടൽ ഉണ്ടായെന്ന് പാർട്ടിക്കുള്ളിൽ മുറുമുറുപ്പുണ്ടായിരുന്നു.

കൊച്ചി മേയർ കഴിഞ്ഞാൽ ഏറ്റവും ആകർഷകമായ കസേരയാണ് ജി.സി.ഡി.എ. ചെയർമാന്റേത്. അതിനാൽ, മുതിർന്ന നേതാക്കൾ അതിനുള്ള അവസരം പ്രതീക്ഷിക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട നേതാക്കൾ ഇക്കുറി ജി.സി.ഡി.എ. ചെയർമാൻ സ്ഥാനം കിട്ടുന്നതിനായി ശ്രമിക്കുന്നുണ്ട്.

വനിതാ കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയ എം.സി. ജോസഫൈൻ ജി.സി.ഡി.എ. ചെയർമാൻ സ്ഥാനത്തേക്ക് വന്നേക്കുമെന്ന് പാർട്ടിക്കുള്ളിൽ ചർച്ചയുണ്ട്. എം.സി. ജോസഫൈൻ മുമ്പും ജി.സി.ഡി.എ. ചെയർമാനായിരുന്നിട്ടുണ്ട്. തൃപ്പൂണിത്തുറ മണ്ഡലത്തിൽ കുറഞ്ഞ വോട്ടിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്ന എം. സ്വരാജിനെ ജി.സി.ഡി.എ.യിലേക്ക് പരിഗണിച്ചേക്കാനുള്ള സാധ്യതയും ചർച്ചയാവുന്നുണ്ട്. സി.എം. ദിനേശ്‌ മണി, സി.കെ. മണിശങ്കർ, കെ.ജെ. ജേക്കബ്, എൻ.സി. മോഹനൻ തുടങ്ങി ജി.സി.ഡി.എ. ചെയർമാൻ സ്ഥാനത്തേക്ക് അർഹരായ മുതിർന്ന നേതാക്കളുടെ വലിയ നിര തന്നെ ജില്ലയിലുണ്ട്.