‘ഒരുദിവസം ടാങ്കർലോറി വന്നില്ലെങ്കിൽ കാര്യങ്ങൾ ആകെ കുഴയും... ആളുകൾ കഷ്ടത്തിലാകും.’-ഇടക്കൊച്ചി നോർത്ത് വാർഡ് കൗൺസിലർ ജീജ ടെൻസൻ പറയുന്നു. കണ്ണങ്ങാട്ട് പ്രദേശം ഇപ്പോഴും കുടിനീരിനായി ഓടുകയാണ്. പൈപ്പുണ്ടെങ്കിലും വെള്ളം വരുന്നില്ല. ചിലയിടത്ത് മോശമായ വെള്ളമാണ് വരുന്നത്. എത്രയോ കാലമായി ഈ മേഖല കുടിവെള്ളത്തിനു വേണ്ടി കാത്തിരിക്കുന്നു. പണ്ടുകാലം മുതലേ ടാങ്കർ ലോറികളിലാണ് ഇവിടേക്ക് വെള്ളമെത്തിക്കുന്നത്. ഇത്തിത്തറ കോളനി, പാലമുറ്റം വടക്കേഭാഗം, കണ്ണങ്ങാട്ട് പാലത്തിന് സമീപം തുടങ്ങിയ മേഖലകളിലൊക്കെ കുടിനീർക്ഷാമമുണ്ട്. ‘ദിവസം ആറു വണ്ടി വെള്ളമെങ്കിലും വേണം. ചിലപ്പോൾ അത് ഒമ്പതു വരെയാകും’-ജീജ പറയുന്നു. ഇടക്കൊച്ചി പ്രദേശത്ത് ഭൂമിക്കടിയിൽനിന്ന് ലഭിക്കുന്ന വെള്ളം ഉപയോഗിക്കാനാവില്ല. എല്ലാക്കാര്യത്തിനും പൈപ്പുവെള്ളം വേണം. പക്ഷേ, അതിനനുസരിച്ച് വെള്ളം വിതരണം ചെയ്യാൻ സംവിധാനമുണ്ടായില്ല.