അരൂർ : നമ്മുടെ രാജ്യത്തെ മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടലിൽനിന്ന് മീൻപിടിക്കാനുള്ള അവസരം ഒരുക്കണമെന്ന് ചേംബർ ഓഫ് കേരള സീഫുഡ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. നിലവിൽ വിദേശ കമ്പനികളാണ് ഈ അവകാശം കുത്തകയാക്കി വച്ചിരിക്കുന്നത്.

നമ്മുടെ തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിന് അവസരമൊരുക്കിയാൽ കയറ്റുമതി വർധിക്കുകയും ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്ന് ചേംബർ സംസ്ഥാന പ്രസിഡന്റ് ജെ.ആർ. അജിത്, സെക്രട്ടറി ഇബ്രാഹിംകുട്ടി എന്നിവർ പറഞ്ഞു.

6.3 ലക്ഷം ടൺ കൂന്തൽ ആഴക്കടലിലുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതുകൂടാതെ വിദേശരാജ്യങ്ങൾക്ക് പ്രിയപ്പെട്ട ട്യൂണ പോലുള്ള മത്സ്യങ്ങൾ വേറെയുമുണ്ട്.

വിദേശ കമ്പനികൾ ആധുനിക സംവിധാനങ്ങളുപയോഗിച്ച് വർഷങ്ങളായി ഇത് പിടിച്ചുകൊണ്ടിരിക്കയാണ്. ഇതെല്ലാം ആഭ്യന്തര വിപണിക്ക് മുതൽക്കൂട്ടാകേണ്ടതാണ്. നിലവിൽ മത്സ്യക്ഷാമം മൂലം നമ്മുടെ കയറ്റുമതി സ്ഥാപനങ്ങൾ പലതും അടഞ്ഞു കിടക്കുകയാണ്.

ആഴക്കടലിൽ മത്സ്യബന്ധനത്തിനാവശ്യമായ ആധുനിക ട്രോളറുകൾ ലഭ്യമാക്കി നമ്മുടെ രാജ്യത്തെ ആളുകൾക്ക് പരിശീലനം നൽകി മീൻപിടിക്കാൻ അവസരം നൽകണമെന്ന് ചേംബർ പ്രവർത്തകർ ആവശ്യപ്പെട്ടു.