മരട് : മരട് അയിനി തോട് നവീകരണത്തിന്റെ രണ്ടാംഘട്ടം ഉടൻ തുടങ്ങുമെന്ന് നഗരസഭാധികൃതർ. തോട്ടിലെ നീരൊഴുക്ക് സുഗമമാക്കാൻ എടുത്ത നടപടിയുടെ അടുത്ത ഘട്ടമായി കാട്ടിത്തറ റോഡിനോട് ചേർന്നുകിടക്കുന്ന ഭാഗത്തെ കലുങ്കുകൾ പുനർനിർമിക്കും. ഗതാഗതം പൂർണമായും തടസ്സപ്പെടാതിരിക്കാൻ പാണ്ഡവത്ത് റോഡിലെ നിർമാണം പൂർത്തിയായ കലുങ്ക് തുറന്നു കൊടുത്തതിനു ശേഷമായിരിക്കും പുനർനിർമാണം ആരംഭിക്കുക.

നിലവിലുള്ള ദിശമാറ്റി വെള്ളം സുഗമമായി ഒഴുകാൻ വേണ്ടി റോഡിനിരുവശത്തു നിന്നും ചരിവോടുകൂടി മൂന്നു മീറ്റർ വീതിയുള്ള രണ്ടു കലുങ്കുകൾ ആയിരിക്കും നിർമിക്കുക. മഴക്കാലത്തിനു മുമ്പ് തോടിലെ തടസ്സങ്ങൾ നീക്കുമെന്ന് മരട് നഗരസഭാ ചെയർമാൻ ആൻറണി ആശാൻപറമ്പിൽ അറിയിച്ചു. നിലവിൽ തർക്കത്തിലുള്ള ചില കൈയേറ്റ പ്രദേശങ്ങൾ വിട്ടുനൽകാനും സമീപവാസികൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

പാണ്ഡവത്ത് റോഡിലെ കലുങ്ക് നിർമാണം പൂർത്തിയാക്കി തുറന്നു കൊടുത്തതിനു ശേഷം അയിനി റോഡിലെ ഗതാഗതത്തിനു നിയന്ത്രണം ഉണ്ടാകും.

ബി.ടി.സി. ജങ്ഷനിൽ നിന്ന് വരുന്നവർ സൊസൈറ്റി റോഡ് വഴിയും കാട്ടിത്തറ റോഡിൽ നിന്നും മാർട്ടിൻപുരം റോഡിൽ നിന്നും വരുന്നവർ പാണ്ടവത്ത് റോഡ് വഴിയും പോകേണ്ടി വരും. സ്ഥിതിഗതികൾ വിലയിരുത്താൻ ചെയർമാന്റെ ഒപ്പം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ചന്ദ്രകലാധരൻ, പി.ഡി. രാജേഷ്, അജിത നന്ദകുമാർ, മുനിസിപ്പൽ എൻജിനീയർ എ.എം. ബിജു എന്നിവർ സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.