കളമശ്ശേരി: കെ.എസ്.ആർ.ടി.സി.യുടെ ഡീസൽ ബസുകൾ സി.എൻ.ജി.യിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഹൈസ്പീഡിലാകുമെന്ന്‌ പ്രതീക്ഷ. കെ.എസ്.ആർ.ടി.സി.യുടെ ഡീസൽ ബസുകൾ സി.എൻ.ജി.യിലേക്ക് മാറുമെന്നാണ് ബജറ്റ് പ്രഖ്യാപനം ഇതിനായി 100 കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്. സി.എൻ.ജി.യിലേക്ക് മാറ്റുന്നതിനായി ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. പ്രാഥമിക ചർച്ചകൾ നാലുമാസം മുമ്പ് നടന്നിരുന്നു. ബസുകൾ സി.എൻ.ജി.യിലേക്ക് മാറ്റുമ്പോൾ സി.എൻ.ജി. നൽകുന്നതിന് സംവിധാനമൊരുക്കാനുള്ള നടപടികളാണ് കെ.എസ്.ആർ.ടി.സി-ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ഉദ്യോഗസ്ഥർ ചർച്ച ചെയ്തത്.

ഡിപ്പോയുള്ള സ്ഥലങ്ങൾക്ക്‌ മുൻഗണന

കെ.എസ്.ആർ.ടി.സി.ക്ക് ഡിപ്പോയും വർക്‌ഷോപ്പും ഉള്ള സ്ഥലങ്ങളിൽ സി.എൻ.ജി. ഫില്ലിങ്‌ സ്റ്റേഷൻ സ്ഥാപിക്കുന്നതിനാണ്‌ കൂടുതൽ പരിഗണന നൽകുന്നത്. കെ.എസ്.ആർ.ടി.സി.ക്ക് സ്വന്തമായി സ്ഥലം ഉണ്ടെങ്കിൽ അവിടെയും സി.എൻ.ജി. സ്റ്റേഷൻ സ്ഥാപിക്കുന്ന കാര്യവും ചർച്ചചെയ്തതായി ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് എ.ജി.എം. അജയ് പിള്ള പറഞ്ഞു. പിന്നീട് തിരഞ്ഞെടുപ്പ് വന്നതിനാൽ കൂടുതൽ ചർച്ചകൾ നടത്താനായില്ല.

നിരത്തിലുള്ളത് 26 സ്വകാര്യ സി.എൻ.ജി. ബസുകൾ

നിലവിൽ അദാനി ഗ്യാസ് അഞ്ച് ജില്ലകളിൽ സി.എൻ.ജി. ഫില്ലിങ്‌ സ്റ്റേഷനുകൾ തുറന്നിട്ടുണ്ട്. എറണാകുളത്ത് പത്തും പാലക്കാട്ടും തൃശ്ശൂരുമായി പത്തും മലപ്പുറത്തും കോഴിക്കോട്ടും രണ്ടു വീതവുമാണ് സ്റ്റേഷനുകൾ. സംസ്ഥാനത്ത് 26 സ്വകാര്യ സി.എൻ.ജി. ബസുകളാണ് ഓടുന്നത്. കളമശ്ശേരി കിൻഫ്രയിലുള്ള പമ്പിങ് സ്റ്റേഷനിൽനിന്ന് പൈപ്പ്‌ലൈൻ വഴിയാണ് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ഫില്ലിങ് സ്റ്റേഷനുകളിലേക്ക് സി.എൻ.ജി. എത്തിക്കുന്നത്.

സംഭരണ സ്റ്റേഷൻ 10 മാസത്തിനകം

ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ സി.എൻ.ജി വിതരണച്ചുമതല എ.ജി. ആൻഡ് പി. പ്രഥമിനാണ്. ഇവരും കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിട്ടുണ്ട്‌. ഇവർ ആലപ്പുഴ ജില്ലയിലെ അരൂരും എരമല്ലൂരും സി.എൻ.ജി. ഫില്ലിങ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പത്തു മാസത്തിനകം ചേർത്തലയിലും തിരുവനന്തപുരത്തെ കൊച്ചുവേളിയിലും സി.എൻ.ജി. സംഭരണ സ്റ്റേഷൻ പൂർത്തിയാകുമെന്ന് എ.ജി. ആൻഡ് പി. പ്രഥം കേരള-കർണാടക ചീഫ് ഓപ്പറേറ്റിങ്‌ ഓഫീസർ ചിരദീപ് ദത്ത പറഞ്ഞു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിതരണക്കാരെ തീരുമാനിക്കാനുള്ള നടപടിക്രമങ്ങൾ പെട്രോളിയം ആൻഡ്‌ നാച്ചുറൽ ഗ്യാസ് റഗുലേറ്ററി ബോർഡ് ആരംഭിച്ചിട്ടേയുള്ളു. അതിനുള്ള താത്‌പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.