കൊച്ചി: മുതിർന്ന സോഷ്യലിസ്റ്റ് നേതാവും പരിസ്ഥിതി സ്നേഹിയും സാഹിത്യകാരനും പാർലമെന്റേറിയനും ആയിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ ഒന്നാം ചരമവാർഷിക ആചരണത്തോടനുബന്ധിച്ച് സ്മൃതിവൃക്ഷത്തൈ നട്ട് ലോക് താന്ത്രിക് യുവ ജനതാദൾ (എൽ.വൈ.ജെ.ഡി). പരിസ്ഥിതി ദിനത്തിൽ എൽ.വൈ.ജെ.ഡി. ജില്ലാ കമ്മിറ്റിയാണ് എം.പി. വീരേന്ദ്രകുമാർ സ്മൃതിവൃക്ഷത്തൈ നടീൽ സംഘടിപ്പിച്ചത്. ചലച്ചിത്ര നടൻ മണികണ്ഠൻ ആചാരിക്ക് വൃക്ഷത്തൈ നൽകി ലോക് താന്ത്രിക് യുവ ജനതാദൾ ജില്ലാ പ്രസിഡന്റ് ജി. ജയേഷ് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.

എം.പി. വീരേന്ദ്രകുമാർ സോഷ്യലിസ്റ്റ് ആശയങ്ങൾ തന്റെ ജീവിതത്തിൽ നടപ്പാക്കിയ മഹത് വ്യക്തിയാണെന്നും പ്രകൃതിയുടെ കാവൽക്കാരനായ അദ്ദേഹം ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ച മനുഷ്യസ്നേഹി കൂടിയാണെന്നും മണികണ്ഠൻ പറഞ്ഞു.

ചടങ്ങിൽ സോഷ്യലിസ്റ്റ് ലോയേഴ്‌സ് സെന്റർ സംസ്ഥാന ജനറൽ സെക്രട്ടറി വി.എസ്. ശ്രീജിത്ത്, പി.എച്ച്. ഷൈലേഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.

എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണയ്ക്കായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എൽ.വൈ.ജെ.ഡി. പ്രവർത്തകർ ഫലവൃക്ഷത്തൈകൾ നട്ടു. നജീബ്, സി.എസ്. അഭിമന്യു, വി.എം. നവാസ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു വിവിധയിടങ്ങളിൽ ചടങ്ങുകൾ.