കുറുപ്പംപടി : 11-ാം വാർഡിൽ 11-ാം തീയതി നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ചൂടിലാണ് വേങ്ങൂർ പഞ്ചായത്ത്. പഞ്ചായത്ത് ഭരണത്തിൽ നിർണായകമായേക്കാവുന്ന തിരഞ്ഞെടുപ്പായതിനാൽ ഇരുമുന്നണികളും മുതിർന്ന നേതാക്കളെ പ്രചാരണത്തിന്‌ എത്തിക്കുകയാണ്.

15 അംഗ പഞ്ചായത്തിൽ എട്ട് അംഗങ്ങളുടെ പിന്തുണയോടെയാണ് എൽ.ഡി.എഫ്. അധികാരം നിലനിർത്തിയിരുന്നത്. യു.ഡി.എഫിന് ഏഴ് അംഗങ്ങളാണുള്ളത്. 11-ാം വാർഡിലെ എൽ.ഡി.എഫ്. അംഗം ടി. സജിയുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ്. ഭരണം നിലനിർത്തണമെങ്കിൽ എൽ.ഡി.എഫിന് തിരഞ്ഞെടുപ്പിൽ വിജയിച്ചേ പറ്റൂ. അതേസമയം, അവസരം പരമാവധി മുതലെടുത്ത് അധികാരത്തിലെത്താനാണ് യു.ഡി.എഫിന്റെ ശ്രമം.

പീറ്റർ പി.വി. (എൽ.ഡി.എഫ്.), ലീന ജോയ് (യു.ഡി.എഫ്.), എൽദോ എബ്രഹാം (ബി.ജെ.പി.), വർഗീസ്‌കുട്ടി (സ്വത.) എന്നിവരാണ് സ്ഥാനാർത്ഥികൾ.

ചൂരത്തോട് ജങ്‌ഷനിലെ ഓട്ടോഡ്രൈവറും സി.ഐ.ടി.യു. പ്രവർത്തകനുമാണ് പീറ്റർ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 169 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അട്ടിമറിവിജയം നേടിയ വാർഡിൽ വിജയം ആവർത്തിക്കാനാവുമെന്നാണ് എൽ.ഡി.എഫ്. പ്രവർത്തകരുടെ പ്രതീക്ഷ.

യു.ഡി.എഫ്. സ്ഥാനാർത്ഥി ലീന ജോയ് മുൻ ഭരണസമിതിയിൽ ഇതേ വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗമാണ്. യു.ഡി.എഫിന്റെ കുത്തകയായിരുന്ന വാർഡ് വീണ്ടും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ പ്രവർത്തനം. ജനറൽ സീറ്റിൽ വനിതയെ മത്സരിപ്പിച്ച് ജയിപ്പിക്കാനുള്ള യു.ഡി.എഫ്. ശ്രമത്തിനു പിന്നിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണെന്ന വിഷയംകൂടിയുണ്ട്.

സ്വതന്ത്രനായി മത്സരിക്കുന്ന ഓട്ടോഡ്രൈവർ വർഗീസ്‌കുട്ടി മുൻ പഞ്ചായത്തംഗമാണ്. ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി വൈസ്‌ പ്രസിഡന്റും ഡ്രൈവറുമാണ് എൽദോ എബ്രഹാം. എൽ.ഡി.എഫ്., യു.ഡി.എഫ്. മുന്നണികൾക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ സ്ഥിതി തങ്ങൾക്ക് അനുകൂലമാകുമെന്ന് ബി.ജെ.പി.യും വിലയിരുത്തുന്നു.

1145 വോട്ടുകളാണ് വാർഡിലുളളത്. സ്ഥാനാർത്ഥികളെല്ലാവരും കൺവെൻഷനുകൾ പൂർത്തിയാക്കി, വീടുകൾ കയറിയിറങ്ങി വോട്ടഭ്യർത്ഥിക്കുന്ന തിരക്കിലാണ്.