പള്ളുരുത്തി : ഇടക്കൊച്ചി കായലരികത്ത് വാട്ടർ ട്രാൻസ്‌പോർട്ട് വകുപ്പ് ഉപേക്ഷിച്ചിട്ടിരിക്കുന്ന ബോട്ട് നാട്ടുകാർക്ക് ദുരിതമാകുന്നു. കായലിനോട് ചേർന്ന് സ്വകാര്യ വർക്ക് ഷോപ്പിലാണ് വാട്ടർ ട്രാൻസ്‌പോർട്ട് വകുപ്പിന്റെ ബോട്ട് ഇട്ടിരിക്കുന്നത്.

ഇത് അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്നതാണ്. പിന്നീട് ഉപേക്ഷിച്ചു. ബോട്ട് കായലിൽ കിടക്കുന്നതിനാൽ നീരൊഴുക്ക് തടസ്സപ്പെടുന്നതാണ് നാട്ടുകാർക്ക് ദുരിതമാകുന്നത്. ഈ ഭാഗത്ത് ചെളിയടിഞ്ഞു. പായലും നിറഞ്ഞു. കായൽ തന്നെ ഇല്ലാതായി. വർക്ക് ഷോപ്പിൽ ബോട്ടുകൾ കൊണ്ടുവന്ന് റിപ്പയർ ചെയ്ത് കൊണ്ടുപോകുന്നത് കൊണ്ട് വലിയ പ്രശ്‌നമില്ല. എന്നാൽ ഈ രീതിയിൽ ബോട്ട് എന്നേക്കുമായി ഉപേക്ഷിക്കുന്നത് വലിയ തലവേദനയാകുകയാണ്.

സർക്കാരിന്റെ ബോട്ടായതിനാൽ ആർക്കും ഒന്നും ചെയ്യാനാകുന്നില്ല. ഇനി ബോട്ട് നീക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. നീരൊഴുക്ക് തടസ്സപ്പെടുന്നതിനാൽ ബോട്ട് നീക്കാൻ നടപടി വേണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നുണ്ട്.