കുമ്പളം : പഞ്ചായത്തിനുള്ള അടങ്കൽ തുക വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കുമ്പളം പഞ്ചായത്ത് ഓഫീസിന് മുന്നിൽ യു.ഡി.എഫ്. അംഗങ്ങൾ സമരം നടത്തി. ഈ വർഷത്തെ വാർഷിക പദ്ധതിയിൽ ഏഴ് ലക്ഷം രൂപയാണ് അടങ്കൽ നിശ്ചയിച്ചിരുന്നത്. ഇതിന് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം കിട്ടുകയും ചെയ്തു. എന്നാൽ, യു.ഡി.എഫ്. അംഗങ്ങൾ അറിയാതെ തുക വെട്ടിച്ചുരുക്കുകയും ഡി.പി.സി.ക്ക് അയയ്ക്കുകയും ചെയ്തതായാണ് യു.ഡി.എഫ്. അംഗങ്ങളുടെ ആരോപണം. കമ്മിറ്റിയുടെ ഈ നടപടിക്കെതിരേ യു.ഡി.എഫ്. അംഗങ്ങൾ കളക്ടർക്ക് പരാതി നൽകുകയും ചെയ്തു. ഭരണസമിതിയുടെ ഈ നടപടിക്കെതിരേയാണ് യു.ഡി.എഫ്. അംഗങ്ങൾ പഞ്ചായത്തിന് മുന്നിൽ പ്രതിഷേധം രേഖപ്പെടുത്തിയത്. പ്രതിഷേധ സമരത്തിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ജോർജ്, മുൻ വൈസ് പ്രസിഡന്റ് ശ്രീജിത്ത് പാറക്കാടൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ മിനി പ്രകാശൻ, റസീന സലാം, പഞ്ചായത്ത് മെമ്പർമാരായ ഷീജ പ്രസാദ്, അനീഷ് സി.ടി. എന്നിവർ പങ്കെടുത്തു. അടിയന്തര പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ തുക വെട്ടിച്ചുരുക്കലിനെതിരേ തങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയതായും യു.ഡി.എഫ്. അംഗങ്ങൾ പറയുന്നു.