കൊച്ചി: പലവട്ടം മീനുകൾ ചത്തുപൊങ്ങി. പുഴ പല നിറങ്ങളിൽ ഒഴുകി. കുടിവെള്ള പദ്ധതികൾ സ്തംഭിച്ചു. ഒരുഭാഗത്ത്‌ പെരിയാർ സംരക്ഷിക്കണമെന്ന മുറവിളി. മറുഭാഗത്ത്‌ തുടരുന്ന പുഴ മലിനീകരണം. വ്യവസായ മേഖലകളിലെ മുന്നൂറോളം ഫാക്ടറികളിൽനിന്നാണ്‌ പെരിയാറിലേക്ക്‌ മലിനജലമെത്തുന്നത്. ആശുപത്രി-മാർക്കറ്റ് മാലിന്യങ്ങൾ വേറെ. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഇടപെടലുകൾ പെരിയാറിനെ രക്ഷിക്കുമെന്ന പ്രതീക്ഷയിലാണ്‌ പരിസ്ഥിതി പ്രവർത്തകർ.

കർമപദ്ധതിക്ക്‌ നിർദേശം

പെരിയാർ ശുചീകരണം ഇനി നീട്ടിക്കൊണ്ടുപോകാൻ ആവില്ലെന്നാണ്‌ ഹരിത ട്രിബ്യൂണൽ നിലപാട്. നദീ ശുചീകരണം എട്ടു വർഷമായി കേൾക്കുന്നതാണെന്നും ഇനിയും ഇതു വൈകിക്കാനാകില്ലെന്നുമാണ് ട്രിബ്യൂണൽ ചെന്നൈ ബെഞ്ച് വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച കർമപദ്ധതി മേയ് 30-നകം സമർപ്പിക്കണമെന്നാണ് ഉത്തരവ്. മലിനീകരണത്തിന്റെ അവസ്ഥ വിവരിക്കുന്ന റിപ്പോർട്ട് മലിനീകരണ നിയന്ത്രണ ബോർഡ് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. ‘ഗ്രീൻ ആക്‌ഷൻ ഫോഴ്സി’ന്റെ ഹർജിയിലാണ് തീരുമാനം. റിപ്പോർട്ട് അന്തിമ ഘട്ടത്തിലാണെന്നും കോവിഡ് പശ്ചാത്തലത്തിൽ സമയം നീട്ടിനൽകണമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

കുടിവെള്ളം നിലയ്ക്കുമ്പോൾ

പെരിയാറിൽ ജലനിരപ്പ് താഴ്ന്ന്‌ കുടിവെള്ള വിതരണം നിലയ്ക്കുമ്പോൾ മാത്രമാണ്‌ മാലിന്യ പ്രശ്നത്തെക്കുറിച്ച് ചർച്ചകൾ ഉയരുന്നത്. നദിയുടെ നീരൊഴുക്കുള്ള ഭാഗങ്ങളിൽ മാത്രമല്ല, കൊച്ചി കായലിന്റെ അനേകം കൈവഴിയിലേക്കും മലിനീകരണം വ്യാപിക്കുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. പെരിയാർ തീരത്തെ വ്യവസായശാലകളുടെ പ്രവർത്തനം സ്ക്വാഡ് വഴിയും ക്യാമറകൾ ഉപയോഗിച്ചും കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന്‌ മലിനീകരണ നിയന്ത്രണ ബോർഡ് അവകാശപ്പെടുന്നു. രാത്രികാലങ്ങളിൽ സെപ്‌റ്റിക് ടാങ്ക് മാലിന്യം തള്ളുന്നതും വ്യാപകമാണ്.

മലിനീകരണം നിയന്ത്രിക്കുന്നതിന് പല നിർദേശങ്ങളും കമ്മിറ്റികളും ഉണ്ടായെങ്കിലും നടപടികൾ ഒന്നുമായില്ലെന്നു മാത്രം. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർെവെലൻസ് സെന്ററിൽ പെരിയാറിനെ നിരീക്ഷിക്കാൻ ജീവനക്കാരുണ്ട്. എന്നാൽ രാത്രികാലങ്ങളിൽ പലപ്പോഴും ഉണ്ടാവില്ല. പെരിയാറിന്റെ സമീപ പ്രദേശങ്ങളിലെ കിണറുകളും മലിനമാണ്. ഏലൂർ, ചേരാനല്ലൂർ ഭാഗത്ത്‌ മാലിന്യം രൂക്ഷമാണ്.

സ്വതന്ത്ര സമിതി വേണം

പെരിയാർ മലിനീകരണം തടയുന്നതിന്‌ മലിനീകരണ നിയന്ത്രണ ബോർഡോ മറ്റെന്തിലും സർക്കാർ സ്ഥാപനമോ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നു കാട്ടി ജസ്റ്റിസ് എ.വി. രാമകൃഷ്ണ പിള്ള കഴിഞ്ഞ വർഷം ദേശീയ ഹരിത ട്രിബ്യൂണലിന്‌ കത്ത്‌ നൽകിയിരുന്നു. പെരിയാറിന്റെ തീരത്തുകൂടി യാത്ര ചെയ്താണ്‌ റിപ്പോർട്ട് തയ്യാറാക്കിയത്. ട്രിബ്യൂണലിന്റെ സംസ്ഥാന മേൽനോട്ട സമിതി ചെയർമാനാണ് അദ്ദേഹം.

പെരിയാർ മലിനീകരണ പ്രശ്നം പരിഹരിക്കാൻ ട്രിബ്യൂണലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആറംഗ സ്വതന്ത്ര സമിതിയെ നിയോഗിക്കണമെന്ന നിർദേശമാണ് നൽകിയതെന്ന് ജസ്റ്റിസ് എ.വി. രാമകൃഷ്ണ പിള്ള പറഞ്ഞു.