ഏലൂർ: റോഡരികിൽ ഉപേക്ഷിക്കപ്പെട്ട പാഴ്‌മരങ്ങളും വേരുകളും ഏലൂർ നഗരസഭാ മുൻ കൗൺസിലർ ജോസഫ് ഷെറിയുടെ കണ്ണിൽപ്പെട്ടാൽ അതു പിന്നീട് അപൂർവ ശില്പങ്ങളായി മാറ്റും.

പെരിയാറിന്റെ തീരത്ത്‌ താമസിക്കുന്ന ഷെറി പുഴയിലൂടെ ഒഴുകിവരുന്ന മരങ്ങളെയും വിട്ടുകളയില്ല. ഇവ പിടിച്ചെടുത്ത് കഴുകി സൂക്ഷിക്കും. ആളുകൾ ഉപയോഗ ശൂന്യമെന്നു കരുതി വലിച്ചെറിയുന്ന പാഴ്‌മരങ്ങളും വേരുകളും ഷെറി ശില്പങ്ങളാക്കുന്നു.

കൊടുങ്ങല്ലൂരിൽ റോഡരികിൽ കത്തിച്ച മാലിന്യത്തിൽനിന്ന്‌ രണ്ടു മരങ്ങൾ കിട്ടി. ഇവ കൂട്ടുകാരനും ചിത്രകാരനും ശില്പിയുമായ മനു ഒഷേയുടെ സഹായത്തോടെ ‘വിശപ്പ്’ എന്ന ആശയത്തിൽ മീനിനെ പിടിച്ച നീർക്കാക്കയും നീർക്കാക്കയെ വേട്ടയാടാൻ ശ്രമിക്കുന്ന മുതലയുമായി മാറ്റി.

ചേരാനെല്ലൂരിൽനിന്ന്‌ കണ്ടെത്തിയ വേരുകളിലൊന്നിനെ പവിഴപ്പുറ്റാക്കി, മറ്റൊന്നിനെ കരിമ്പുലിയുമാക്കി. വൈപ്പിനിൽനിന്ന്‌ ലഭിച്ച ചീനവല കുറ്റിച്ചെടികൾ തൂക്കിയിടുന്നതിനായി മാറ്റി.

ഷെറിയുടെ വീടിന്റെ ചുമരുകൾ പഴയ വസ്തുക്കൾ പ്രദർശിപ്പിച്ച്‌ ഭംഗി കൂട്ടിയിരിക്കുന്നു. പഴയകാല മണ്ണെണ്ണ വിളക്കുകൾ, പെട്രോ മാക്സുകൾ, ആഭരണപ്പെട്ടികൾ, പറ, ഇടങ്ങഴി തുടങ്ങി പുരാതന വസ്തുക്കളൊക്കെ ഷെറിയുടെ വീട്ടിലുണ്ട്.

പാലക്കാട്ടുനിന്ന്‌ വാങ്ങിയ കാളവണ്ടി, കലപ്പ, നുകം, തേക്കുകൊട്ട എന്നിവ വീടിനു പുറത്തും അലങ്കാരമായി സൂക്ഷിക്കുന്നു. ഇവയിൽ കുറേ വസ്തുക്കൾ പ്രളയത്തിൽ ഒഴുകിപ്പോയി. കുറച്ച്‌ മോഷണവും പോയി.

ചെടികളുടെയും ഫലവൃക്ഷങ്ങളുടെയും വലിയൊരു ശേഖരവും ഷെറിക്കുണ്ട്. 30 തരം ചെമ്പരത്തികൾ, വിവിധ ഇനം ബോഗൻവില്ലകൾ, ഏഴുതരം പെറ്റൂണിയകൾ, റോസ് എന്നിവയും പച്ചക്കറികളും ഇവിടുണ്ട്. കൂടാതെ 20 ഇനം മാവുകൾ, സപ്പോട്ട, പ്ലാവ്, പേര, റംബൂട്ടാൻ, ആത്തച്ചക്ക, നെല്ലിക്ക, ഇടുമ്പൻപുളി, തെങ്ങ് എന്നിവ ഷെറിയുടെ കൃഷിയിടത്തെയും സമ്പന്നമാക്കുന്നു.