തോപ്പുംപടി : രാഷ്ട്രീയം നോക്കാതെ ആരുടെ കാര്യത്തിലും ഇടപെടുന്ന ശൈലിയാണ് കെ.ജെ. മാക്സിയെന്ന കമ്യൂണിസ്റ്റുകാരനെ കൊച്ചിക്ക് പ്രിയങ്കരനാക്കിയത്. യു.ഡി.എഫിന്റെ കോട്ട എന്നറിയപ്പെടുന്ന കൊച്ചിയിൽ രാഷ്ട്രീയബലം കൊണ്ട് അവരെ ജയിക്കാനാവില്ലെന്ന് മാക്സിക്ക് കൃത്യമായി അറിയാം. കാലങ്ങളായി കൊച്ചി പ്രദേശം യു.ഡി.എഫിന്റെ കൈയിലായിരുന്നു. മട്ടാഞ്ചേരി മണ്ഡലമായിരുന്നപ്പോഴും പിന്നീട് കൊച്ചി മണ്ഡലമായപ്പോഴും യു.ഡി.എഫിനോട് തന്നെയായിരുന്നു ആഭിമുഖ്യം.

സി.പി.എമ്മിലെ നേതാക്കൾതന്നെ മത്സരിച്ച് പലപ്പോഴും ദയനീയമായി പരാജയപ്പെട്ട മണ്ഡലമായിരുന്നു. തോൽക്കുമെന്ന ഉറപ്പിൽ സി.പി.എം. സ്ഥാനാർഥികളെ പരീക്ഷിച്ചിരുന്ന മണ്ഡലം, മത്സരിക്കാൻ വേണ്ടി മാത്രം മത്സരിക്കുന്ന മണ്ഡലം... ഇതൊക്കെയായിരുന്നു സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് പുസ്തകത്തിൽ കൊച്ചിക്കുള്ള സ്ഥാനം.

ക്രൈസ്തവ സഭയുടെയും മുസ്‌ലിം സമുദായത്തിന്റെയും സ്വാധീനം ഏറെയുള്ള പ്രദേശം. രണ്ട് സമൂഹങ്ങളും യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോൾ സ്വാഭാവികമായും വിജയം അവർക്കായിരിക്കും. വി.കെ. ഇബ്രാഹിംകുഞ്ഞും ഡൊമിനിക്‌ പ്രസന്റേഷനുമെല്ലാം അനായാസം ജയിച്ചുകയറിയിരുന്ന മണ്ഡലം. എം.സി. ജോസഫൈനെപ്പോലെ ശക്തരായ സി.പി.എം. നേതാക്കൾ അടിതെറ്റി വീണതും ഇവിടെയാണ്.

2016-ൽ കെ.ജെ. മാക്സിയെ പാർട്ടി സ്ഥാനാർഥിയാക്കുന്നതും വലിയ പ്രതീക്ഷയൊന്നുമില്ലാതെയാണ്. കേന്ദ്ര കമ്മിറ്റിയംഗത്തിന് പോലും ജയിക്കാൻ കഴിയാത്ത സ്ഥലത്ത് മാക്സിയെ നിർത്തി ഭാഗ്യപരീക്ഷണമാണ് സി.പി.എം. നടത്തിയത്. എന്നാൽ മാക്സി സ്ഥാനാർഥിയായതോടെ അന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഗതി മാറി. നാട്ടുകാരനായ സ്ഥാനാർഥി എന്ന പരിവേഷം മാക്സിക്ക് തുണയായി.

എന്നാൽ, കോൺഗ്രസിന്റെ റിബൽ സാന്നിധ്യമാണ് മാക്സിയുടെ വിജയത്തിന് കാരണമായതെന്ന് കോൺഗ്രസ് ഉറപ്പിച്ചു. സി.പി.എമ്മും അങ്ങനെയാണ് വിലയിരുത്തിയത്. അഞ്ചു വർഷത്തിനു ശേഷം വീണ്ടും ഗോദയിലിറങ്ങുമ്പോൾ, മാക്സി വേറൊരു പ്രതിച്ഛായയിലായിരുന്നു. ജനങ്ങളുമായി കൂടുതൽ അടുത്ത അദ്ദേഹം, രാഷ്ട്രീയം നോക്കാതെ പ്രശ്നങ്ങളിൽ ഇടപെടുന്ന ആളെന്ന ഖ്യാതി നേടി. അവധിയില്ലാതെ പ്രവർത്തിക്കുന്ന ഓഫീസാണ് മാക്സിയുടെ ജനകീയതയ്ക്ക് അടിസ്ഥാനമായത്. എം.എൽ.എ. ഇല്ലാത്തപ്പോഴും ജനങ്ങളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് അവിടെ സംവിധാനമുണ്ടായിരുന്നു. എം.എൽ.എ. ഓഫീസുകൾ വെറും അലങ്കാരമല്ലെന്ന് അഞ്ചുവർഷം കൊണ്ട് കെ.ജെ. മാക്സി തെളിയിച്ചു.

വികസന പ്രവർത്തനങ്ങൾ പോലെ തന്നെ, ജനങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുന്നതിലും മാക്സി ശ്രദ്ധവെച്ചു. പൊതുവായ വികസനങ്ങളേക്കാൾ, അദ്ദേഹം ശ്രദ്ധവച്ചത് ജനങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലായിരുന്നു. സ്ത്രീ വോട്ടർമാരുടെ പിന്തുണ നേടുന്നതിന് ഇത് സഹായകമായി.

യു.ഡി.എഫിന്റെ ഉരുക്കുകോട്ടയിൽ സ്വന്തം പ്രതിച്ഛായയിലൂടെയാണ് അദ്ദേഹം വിള്ളലുണ്ടാക്കിയത്. അതോടൊപ്പം പാർട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകി. അതുകൊണ്ടുതന്നെ പാർട്ടിയുടെ കണക്കിൽപ്പെടാത്ത വോട്ടുകൾ പെട്ടിയിൽ വീഴുമെന്ന് മാക്സി പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷയാണ് പൂവണിഞ്ഞത്. ജില്ലയിൽത്തന്നെ സി.പി.എം. സ്ഥാനാർഥിക്ക് ലഭിച്ച ഏററവും വലിയ ഭൂരിപക്ഷമാണ് മാക്സിയുടേത്.