കോതമംഗലം : എൽ.ഡി.എഫിന്റെ കണക്കുകൂട്ടലിനും പ്രതീക്ഷയ്ക്കുമപ്പുറമായിരുന്നു കോതമംഗലത്തെ സ്ഥാനാർഥി ആന്റണി ജോണിന്റെ വിജയം. 5600-ഓളം വോട്ടിന്റെ ഭൂരിപക്ഷമാണ് കണക്കുകൂട്ടിയിരുന്നത്. പ്രതീക്ഷച്ചതിലും 1000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു. വളരെ ആസൂത്രിതവും ചിട്ടയോടെയുമുള്ള പ്രവർത്തനമാണ് എൽ.ഡി.എഫിന് തുണയായത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ നിന്ന് പിടിച്ചെടുത്ത കോതമംഗലം മുനിസിപ്പാലിറ്റിയിലും പല്ലാരിമംഗലത്തും യു.ഡി.എഫിനെ തളയ്ക്കുമെന്നായിരുന്നു എൽ.ഡി.എഫിന്റെ പ്രധാന അവകാശവാദം. പല്ലാരിമംഗലത്ത് മുന്നേറാനായെങ്കിലും നഗരസഭയിൽ യു.ഡി.എഫ്. പിടിച്ചുനിന്നു. പല്ലാരിമംഗലത്ത് എൽ.ഡി.എഫിന് 202 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ആസമയം നഗരസഭയിൽ യു.ഡി.എഫ്. 542 വോട്ടിന്റെ ലീഡ് നേടുകയും ചെയ്തു.

എക്കാലവും എൽ.ഡി.എഫിന് ഒപ്പം നിൽക്കുന്ന നെല്ലിക്കുഴി പഞ്ചായത്തിൽ ലഭിച്ച 4041 വോട്ടിന്റെ മികച്ച ഭൂരിപക്ഷമാണ് ആന്റണി ജോണിന് തുണയായത്. 2016-ൽ പഞ്ചായത്തിൽ 6000-ത്തോളമായിരുന്നു ഭൂരിപക്ഷം ലഭിച്ചത്. പരമ്പരാഗത യു.ഡി.എഫ്. മണ്ഡലം എന്ന കണക്കുകൂട്ടലിൽ കഴിഞ്ഞതവണ കൈവിട്ടെങ്കിലും ഇക്കുറി അതുപോലെ ഉണ്ടാവില്ലെന്ന അമിത ആത്മവിശ്വാസവും അടിയൊഴുക്കുകൾ അറിയാതെപോയതും യു.ഡി.എഫിന് തിരിച്ചടിയായി.

യു.ഡി.എഫ്. മേൽക്കൈയുള്ള പഞ്ചായത്തുകളിലെല്ലാം എൽ.ഡി.എഫിന് വ്യക്തമായ ആധിപത്യം ഉണ്ടാക്കുന്നതിന് സാധിച്ചതാണ് വിജയഘടമായത്. യു.ഡി.എഫിന് വലിയ പ്രതീക്ഷ ഉണ്ടായിരുന്ന പിണ്ടിമനയും കവളങ്ങാടും കുട്ടംപുഴയും വാരപ്പെട്ടിയും കൈവിട്ടത് തിരിച്ചടിയായി. ഈ പഞ്ചായത്തുകളെല്ലാം യു.ഡി.എഫാണ് ഭരിക്കുന്നത്.

കൂടാതെ ട്വന്റി 20-യുടെ കടന്നുവരവ് യു.ഡി.എഫിന് കാര്യമായ ക്ഷീണമുണ്ടാക്കിയതായാണ് വിലയിരുത്തൽ. പരമ്പരാഗതമായി ലഭിച്ചിരുന്ന 4000-ത്തോളം വോട്ടുകൾ ഇത്തരത്തിൽ ട്വന്റി 20-ക്ക് ലഭിച്ചതായാണ് യു.ഡി.എഫ്. നേതൃത്വം വിലയിരുത്തുന്നത്. ക്രിസ്ത്യൻ വോട്ടുകളാണ് ട്വന്റി 20-ക്ക് കൂടുതലായി ലഭിച്ചതെന്നുമാണ് വിലയിരുത്തൽ.

യു.ഡി.എഫ്. സ്ഥാനാർഥി ഷിബു തെക്കുംപുറം ചെയർമാനായുള്ള ‘എന്റെ നാട്’ കൂട്ടായ്മയിൽ നിന്ന് ഉദ്ദേശിച്ചത്ര വോട്ട് വിഹിതം കിട്ടിയിട്ടില്ലെന്നാണ് കോൺഗ്രസ് കരുതുന്നത്.

ഇക്കുറി എൻ.ഡി.എ.ക്ക് ലഭിക്കേണ്ട വോട്ടിലും വലിയ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞതവണ 12,000-ത്തിന് മേൽ വോട്ടാണ് കിട്ടിയത്. ഇക്കുറി എൻ.ഡി.എ. 4638 വോട്ടിൽ ഒതുങ്ങി. കഴിഞ്ഞതവണ കേരള കോൺഗ്രസ് (പി.സി. തോമസ്) സ്ഥാനാർഥിയായിരുന്നു. ഇത്തവണ ബി.ഡി.ജെ.എസ്‌. ആണ് മത്സരിച്ചത്. ട്വന്റി 20-ക്കും താഴെയായി എൻ.ഡി.എ.യുടെ സ്ഥാനം.