കാക്കനാട് : തൃക്കാക്കര മണ്ഡലത്തിൽ കോർപ്പറേഷൻ പരിധിയിലെ നാല് ബൂത്തുകളിൽ ബി.ജെ.പി. സ്ഥാനാർഥി എസ്. സജി ഒന്നാം സ്ഥാനത്തെത്തി. ഇവിടങ്ങളിൽ രണ്ടാം സ്ഥാനം യു.ഡി.എഫിന് കിട്ടിയപ്പോൾ എൽ.ഡി.എഫ്. മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

53 (എ)-ാം നമ്പർ ബൂത്തിൽ ബി.ജെ.പി.ക്ക് 228 വോട്ട് ലഭിച്ചു. ഇവിടെ യു.ഡി.എഫിന് 104 വോട്ട് കിട്ടിയപ്പോൾ എൽ.ഡി.എഫിന് വെറും 28.

82 (എ)-ാം നമ്പർ ബൂത്തിൽ 211 വോട്ട് ബി.ജെ.പി. നേടിയപ്പോൾ, യു.ഡി.എഫിന് 128-ഉം എൽ.ഡി.എഫിന് 98 വോട്ടും ലഭിച്ചു.

6 (എ)-ാം നമ്പർ ബൂത്തിൽ 175 വോട്ട് ബി.ജെ.പി. നേടി. യു.ഡി.എഫിന് -163-ഉം, എൽ.ഡി.എഫിന് -96 വോട്ടും ലഭിച്ചു. കൂടാതെ, ഒമ്പത് ബൂത്തുകളിൽ രണ്ടാം സ്ഥാനം ബി.ജെ.പി.ക്കാണ്. ഇവിടെ എൽ.ഡി.എഫ്. മൂന്നാം സ്ഥാനത്തേക്ക് വീണു. അതേസമയം, ഓക്സിലറി ബൂത്തുകൾ ഉൾപ്പടെ ആകെയുള്ള 287 ബൂത്തുകളിൽ 138 ബൂത്തുകളിൽ ട്വന്റി-20 സ്ഥാനാർഥിയായ ഡോ. ടെറി തോമസ് ബി.ജെ.പി. സ്ഥാനാർഥി എസ്. സജിയെ പിന്നിലാക്കി.

പലയിടത്തും സജിക്ക് ലഭിച്ചതിനെക്കാൾ ഇരട്ടിയോളം വോട്ടുകൾ ട്വന്റി-20 സ്വന്തമാക്കി. തൃക്കാക്കര നഗരസഭയിലെ ബൂത്തുകളിലായിരുന്നു അവർ കൂടുതൽ വോട്ടുകൾ നേടിയത്.

നഗരസഭയിലെ ഭൂരിഭാഗം ബൂത്തുകളിലും ട്വന്റി 20-ക്ക് പിന്നിൽ നാലാമതായിരുന്നു ബി.ജെ.പി. തൃക്കാക്കര നഗരസഭയിൽത്തന്നെ എസ്. സജിക്ക് 3,829 വോട്ട്‌ കിട്ടിയപ്പോൾ ഡോ. ടെറി തോമസിന് 5,697 വോട്ടുകളാണ് പിടിച്ചത്.