പെരുമ്പാവൂർ : പെരുമ്പാവൂരിൽ വിജയിച്ച യു.ഡി.എഫ്. സ്ഥാനാർഥി എൽദോസ് കുന്നപ്പിള്ളിക്ക്‌ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത് എൽ.ഡി.എഫ്. ഭരിക്കുന്ന രായമംഗലം പഞ്ചായത്തിൽ. 1006 വോട്ടുകളാണ് എൽദോസ് രായമംഗലത്ത് കൂടുതൽ നേടിയത്. പഞ്ചായത്തിൽ ആകെ പോൾചെയ്ത 22,190 വോട്ടിൽ 8257 വോട്ട് എൽദോസിന് ലഭിച്ചു. എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് 7281 വോട്ടും എൻ.ഡി.എ.ക്ക്‌ 2426 വോട്ടും ലഭിച്ചു. ട്വന്റി-20 ഇവിടെ 3941 വോട്ടുകളാണ് നേടിയത്.

ഒക്കൽ പഞ്ചായത്തിൽ 487, കൂവപ്പടിയിൽ 393, വേങ്ങൂരിൽ 220, മുടക്കുഴയിൽ 763, പെരുമ്പാവൂർ നഗരസഭയിൽ 771 എന്നിങ്ങനെയാണ് എൽദോസിന് ഭൂരിപക്ഷം. തപാൽ വോട്ടുകളിൽ 282 വോട്ടിന്റെ ഭൂരിപക്ഷവും എൽദോസിനുണ്ട്.

കൂവപ്പടി, ഒക്കൽ മേഖലകളിൽ യു.ഡി.എഫിന് മുൻതിരഞ്ഞെടുപ്പുകളിലെ ഭൂരിപക്ഷം നിലനിർത്താനായില്ലെന്നതും ശ്രദ്ധേയമാണ്. 3000-ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫ്. പ്രതീക്ഷിച്ചിരുന്ന പഞ്ചായത്തുകളാണ് ഇവ. രണ്ടു പഞ്ചായത്തുകളിൽ നിന്നുമായി 880 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് യു.ഡി.എഫിന് നേടാനായത്. കൂവപ്പടി സ്വദേശിയായ എൽ.ഡി.എഫ്. സ്ഥാനാർഥി ബാബു ജോസഫിന് മേഖലയിലുള്ള സ്വാധീനം യു.ഡി.എഫിനെ ബാധിച്ചുവെന്നാണ് വിലയിരുത്തൽ. രണ്ടു പഞ്ചായത്തുകളിലും ഭരണം യു.ഡി.എഫിനാണ്.

14,299 പേർ വോട്ടുചെയ്ത ഒക്കൽ പഞ്ചായത്തിൽ യു.ഡി.എഫിന് 5487 വോട്ടും എൽ.ഡി.എഫിന് 5000 വോട്ടും ലഭിച്ചു. എൻ.ഡി.എ.യ്ക്ക് 1871, ട്വന്റി 20-ക്ക് 1406, എസ്.ഡി.പി.ഐ.യ്ക്ക് 413, വെൽഫെയർ പാർട്ടിക്ക് 48, സ്വതന്ത്രന് 13 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ വോട്ടിങ് നില.

21,553 വോട്ട് പോൾ ചെയ്ത കൂവപ്പടിയിൽ യു.ഡി.എഫിന് 8128, എൽ.ഡി.എഫിന് 7735, എൻ.ഡി.എ.യ്ക്ക് 2849, ട്വന്റി 20-ക്ക് 2653 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്.

വേങ്ങൂർ പഞ്ചായത്തിൽ യു.ഡി.എഫ്. -5076, എൽ.ഡി.എഫ്. -4856, എൻ.ഡി.എ. -958, ട്വന്റി 20 -2714 എന്നിങ്ങനെയാണ് കക്ഷികളുടെ വോട്ടിങ് നില.മുടക്കുഴയിൽ യു.ഡി.എഫ്. -4087, എൽ.ഡി.എഫ്. -3324, എൻ.ഡി.എ. -1413, ട്വന്റി 20 -1939. പെരുമ്പാവൂർ നഗരസഭയിൽ യു.ഡി.എഫ്. -5612, എൽ.ഡി.എഫ് -4841, എൻ.ഡി.എ. -2365, ട്വന്റി 20 -1855 വോട്ടുകൾ വീതം നേടി. നഗരസഭയിൽ എസ്.ഡി.പി.ഐ. 447 വോട്ടുകളും വെൽഫെയർ പാർട്ടി 280 വോട്ടുകളും നേടിയിട്ടുണ്ട്.രായമംഗലം എൽ.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്ത്

വെങ്ങോല, അശമന്നൂർ പഞ്ചായത്തുകളിൽ എൽ.ഡി.എഫ്.

പെരുമ്പാവൂർ : പരാജയപ്പെട്ടെങ്കിലും യു.ഡി.എഫ്. ഭരിക്കുന്ന വെങ്ങോല പഞ്ചായത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥി ബാബു ജോസഫിന് 850 വോട്ടിന്റെ ഭൂരിപക്ഷം നേടാനായി.

ട്വന്റി 20-ക്ക് ഏഴ് പഞ്ചായത്തംഗങ്ങളുള്ള വെങ്ങോലയിലാണ് അവരുടെ സ്ഥാനാർഥി ചിത്ര സുകുമാരൻ കൂടുതൽ വോട്ട്‌ നേടിയത് (4341). വെങ്ങോലയിൽ എൽ.ഡി.എഫിന് 11,827, യു.ഡി.എഫിന് 10,977, എൻ.ഡി.എ.യ്ക്ക് 1,632 വോട്ടുകൾ വീതം ലഭിച്ചു.

എസ്.ഡി.പി.ഐ.ക്കും (1307), വെൽഫെയര് പാർട്ടിക്കും (521) കൂടുതൽ വോട്ട്‌ ലഭിച്ചതും വെങ്ങോലയിലാണ്.

എൽ.ഡി.എഫ്. ഭരിക്കുന്ന അശമന്നൂർ പഞ്ചായത്തിലും എൽ.ഡി.എഫ്. 143 വോട്ടിന്റെ മേൽക്കൈ നേടി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അശമന്നൂരിൽ എൽ.ഡി.എഫിന് 500-ലധികം വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു.

അശമന്നൂരിൽ എൽ.ഡി.എഫ് -4574, യു.ഡി.എഫ് - 4431, എൻ.ഡി.എ. -1299, ട്വന്റി 20 -1304, എസ്.ഡി.പി.ഐ. -194, വെൽഫെയർ പാർട്ടി -37 വോട്ടുകൾ വീതം നേടി.

എൽ.ഡി.എഫിന് ഭരണമുള്ള രായമംഗലം, അശമന്നൂർ, വേങ്ങൂർ പഞ്ചായത്തുകളിൽ വ്യക്തമായ ഭൂരിപക്ഷം നേടാനാകുമെന്നായിരുന്നു കണക്കുകൂട്ടലെങ്കിലും ഇവിടങ്ങളിൽ എൽ.ഡി.എഫ്. തരംഗത്തിന്റെ കാറ്റുപോലും വീശിയില്ല.