കാക്കനാട് : തൃക്കാക്കര മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി പി.ടി. തോമസിന് കൊച്ചി കോർപ്പറേഷൻ നേടാനായത് മികച്ച ലീഡ്. തൃക്കാക്കര നഗരസഭയിലും ഭൂരിപക്ഷം വർധിച്ചു. എൽ.ഡി.എഫ്. ഭരിക്കുന്ന കൊച്ചി കോർപ്പറേഷനിലെ 21 ഡിവിഷനുകളും 43 വാർഡുകളുള്ള തൃക്കാക്കര നഗരസഭയും ഉൾപ്പെടുന്നതാണ് തൃക്കാക്കര നിയമസഭാ മണ്ഡലം. കോർപ്പറേഷനിൽ 10,562 വോട്ടിന്റെ ഭൂരിപക്ഷം പി.ടി. നേടിയപ്പോൾ യു.ഡി.എഫ്. ഭരിക്കുന്ന തൃക്കാക്കര നഗരസഭയിൽ 3,767 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചു. കോർപ്പറേഷനിലെ 21 ഡിവിഷനുകളിലെ 191 ബൂത്തുകളിൽനിന്നായി 38,704 വോട്ടാണ് പി.ടി. തോമസിന് ലഭിച്ചത്. എൽ.ഡി.എഫ്. സ്ഥാനാർഥി ഡോ. ജെ. ജേക്കബ്ബിന് 28,142 വോട്ടുകൾ മാത്രമാണ് നേടാനായത്. ബി.ജെ.പി. സ്ഥാനാർഥി എസ്. സജി 11,654 വോട്ടും ട്വന്റി-20 സ്ഥാനാർഥി ഡോ. ടെറി തോമസ്‌ 8,200 വോട്ടുകളും നേടി. തൃക്കാക്കര നഗരസഭയിലെ 96 ബൂത്തുകളിൽനിന്ന് പി.ടി. തോമസിന് ലഭിച്ചത് 20,938 വോട്ടാണ്. ഡോ. ജെ. ജേക്കബ്ബിന് 17,171 വോട്ടുകളും ലഭിച്ചു. എസ്. സജിക്ക് 3,829 വോട്ടും ഡോ. ടെറി തോമസിന് 5,697 വോട്ടുമാണുള്ളത്.