കരുമാല്ലൂർ : കളമശ്ശേരി നിയോജകമണ്ഡലത്തിലെ പുതിയ എം.എൽ.എ. യോട് മൂന്ന് പഞ്ചായത്തുകളിലുള്ളവർക്ക് ഏറ്റവും പ്രധാനമായി പറയാനുള്ള കാര്യമാണ് ഇവിടത്തെ രൂക്ഷമായ കുടിവെള്ളപ്രശ്നം. അടിക്കടിയുണ്ടാവുന്ന വിതരണതടസ്സം ഒഴിവാക്കണം. അതിനായി ജലവിതരണ ശൃംഖല നവീകരിക്കണം.

ആലങ്ങാട്, കരുമാല്ലൂർ, കടുങ്ങല്ലൂർ പഞ്ചായത്തുകളിലേക്കാണ് മുപ്പത്തടം ജലശുദ്ധീകരണ ശാലയിൽനിന്ന്‌ വെള്ളം വിതരണം ചെയ്യുന്നത്. 30 വർഷം മുമ്പ് സ്ഥാപിച്ച ഈ പദ്ധതിയുടെ വിതരണ ശൃംഖല ഇപ്പോൾ ആകെ താറുമാറാണ്. അന്ന് ഉപയോഗിച്ചിട്ടുള്ള ആസ്ബസ്റ്റോസ് പൈപ്പുകളെല്ലാം ഇപ്പോൾ ജീർണാവസ്ഥയിലായി. റോഡിലൂടെ ഭാരംകയറ്റിയ ഒരു വാഹനം കടന്നുപോയാൽ റോഡിനടിയിൽ സ്ഥാപിച്ചിട്ടുള്ള പൈപ്പ് ഞെരിഞ്ഞമരും. അതോടെ വിതരണം ചെയ്യുന്ന വെള്ളമെല്ലാം പൈപ്പുപൊട്ടി റോഡിലൊഴുകും.

പിന്നീട് കരാറുകാരനെത്തി അറ്റകുറ്റപ്പണികൾ നടത്തും. പലപ്പോഴും പൈപ്പ് മാറ്റിസ്ഥാപിക്കേണ്ടിവരും. പക്ഷേ, അന്നത്തെപ്പോലുള്ള ആസ്ബസ്റ്റോസ് പൈപ്പ് ഇപ്പോൾ കിട്ടാനില്ല. അതുകൊണ്ട് അറ്റകുറ്റപ്പണികൾ നീണ്ടുംപോകും. ഒരാഴ്ചകൊണ്ട് പണിയെല്ലാം പൂർത്തിയാക്കുമെങ്കിലും പമ്പിങ്‌ പുനരാരംഭിച്ച്, സംഭരണിയിൽ വെള്ളംനിറച്ച്‌ ഓരോ സ്ഥലങ്ങളിലേക്കും വിതരണം ചെയ്യുമ്പോഴേക്കും പിന്നെയും ദിവസങ്ങളെടുക്കും. അത്രയുംനാൾ ഈ പ്രദേശത്തുകാർ ദുരിതത്തിലാകും.

വണ്ടികളിൽ വെള്ളമെത്തിച്ച് കാര്യങ്ങൾ നടത്തേണ്ട സ്ഥിതിവിശേഷമാണ് ഉണ്ടാകാറുള്ളത്. അതുകൊണ്ടാണ്, വിതരണ ശൃംഖല പൂർണമായും മാറ്റിസ്ഥാപിക്കണമെന്ന് മൂന്ന്‌ പഞ്ചായത്തിലുമുള്ളവർ എന്നും ആവശ്യപ്പെടുന്നത്.

ആലങ്ങാട് കുന്നേൽ ജലസംഭരണിയിലേക്കുള്ള വിതരണ പൈപ്പ് ഒരു കിലോമീറ്ററോളം മാറ്റി പുതിയ കാസ്റ്റയേൺ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഇനിയുമുണ്ട് നാലു കിലോമീറ്ററോളം ഭാഗം. അതുകൂടി മാറ്റിയാൽ പ്രധാന പൈപ്പിലൂണ്ടാകുന്ന ചോർച്ച ഒഴിവാക്കാനാകും. തുടർന്ന്‌ ഉൾപ്രദേശങ്ങളിലേക്കുള്ളതും മാറ്റിയാൽ ഇവിടത്തെ കുടിവെള്ളപ്രശ്നം പൂർണമായും മാറും.

അതുപോലെ, യു.സി. കോളേജ് കുന്നിലെ സംഭരണിയിലേക്കുള്ളതും കടുങ്ങല്ലൂരിലേക്കുള്ള വിതരണ പൈപ്പുകളും മാറ്റേണ്ടതുമുണ്ട്.