കൊച്ചി: മൂവാറ്റുപുഴ സീറ്റിനായി ജോസഫ് വിഭാഗം ശക്തമായ സമ്മർദം ചെലുത്തിയതോടെ കടുത്ത സമ്മർദത്തിലാണ് കോൺഗ്രസ്. മൂവാറ്റുപുഴ കൈവിടുന്നതിന്‌ കോൺഗ്രസ് നേതൃത്വത്തിന് ഒട്ടും താത്‌പര്യമില്ല. എന്നാൽ മണ്ഡലം വിട്ടുകൊടുത്താൽ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, പേരാമ്പ്ര സീറ്റുകൾ വിട്ടുനൽകുന്നതിൽ സമവായത്തിലെത്താമെന്നാണ്‌ കേരള കോൺഗ്രസ് ജോസഫ് വിഭാഗം അറിയിച്ചത്.

കോൺഗ്രസിന്റെ പ്രതിസന്ധി

*മൂവാറ്റുപുഴ വിട്ടുകൊടുത്ത്‌ കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും പേരാന്പ്രയും വാങ്ങണമെന്ന് അതത് സ്ഥലങ്ങളിൽനിന്ന്‌ നേതൃത്വത്തിനുമേൽ സമ്മർദം.

*മൂവാറ്റുപുഴ വിട്ടുകൊടുത്താൽ എറണാകുളത്തിന്റെ കിഴക്കൻ ഭാഗത്തും ഇടുക്കിയുടെ പടിഞ്ഞാറൻ ഭാഗത്തും കോൺഗ്രസിന്‌ സീറ്റില്ലാതാകും. തൊടുപുഴ, കോതമംഗലം, പിറവം മണ്ഡലങ്ങളെല്ലാം കേരള കോൺഗ്രസുകളുടെ കൈവശമാവും. ഈ പ്രദേശങ്ങളിലെ പ്രവർത്തകരിൽ ഇതമർഷമുണ്ടാക്കും.

സീറ്റ് ഫ്രാൻസിസിന്

മൂവാറ്റുപഴ സീറ്റിൽ മുതിർന്ന നേതാവ് ഫ്രാൻസിസ് ജോർജിനെ മത്സരിപ്പിക്കാനാണ് പി.ജെ. ജോസഫിന്റെ ലക്ഷ്യം. സ്വന്തം നാട് എന്ന നിലയിലാണ് ഫ്രാൻസിസ് ജോർജ് മൂവാറ്റുപുഴ ആവശ്യപ്പെടുന്നത്. ജോസഫ് വിഭാഗത്തിലെ ജോണിനെല്ലൂരിനും ഇതേസീറ്റിനോടാണ്‌ താത്‌പര്യം.

അതേസമയം സീറ്റ് ഉറപ്പാണെന്ന വിശ്വാസത്തിൽ മുൻ എം.എൽ.എ. ജോസഫ് വാഴയ്ക്കൻ മൂവാറ്റുപുഴയിൽ പ്രവർത്തനങ്ങൾ തുടങ്ങി. സീറ്റ് കേരള കോൺഗ്രസിന്‌ വിട്ടുകൊടുക്കാനാവില്ലെന്ന്‌ വാഴയ്ക്കൻ പറയുന്നു.

വാഴയ്ക്കൻ മൂവാറ്റുപുഴയിൽ മത്സരിക്കുന്നതിനെതിരേ കോൺഗ്രസിൽ എതിർപ്പും ശക്തമാണ്. വാഴയ്ക്കനെതിരേ മണ്ഡലത്തിൽ പോസ്റ്ററുകൾവന്നു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഇന്ദിരാ ഭവനുമുന്നിലും വാഴയ്ക്കനെതിരെ ഇംഗ്ലീഷിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. എ.ഐ.സി.സി. പ്രതിനിധികളെ ഉദ്ദേശിച്ചുള്ളതായിരുന്നു പോസ്റ്റർ.

മൂവാറ്റുപുഴ സീറ്റിനായി ശ്രമിക്കുന്ന കെ.പി.സി.സി. ജനറൽ സെക്രട്ടറിയും പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥന അധ്യക്ഷനുമായ മാത്യു കുഴൽനാടനാണ് ഇതിനുപിന്നിലെന്ന്‌ വാഴയ്ക്കൻ പരോക്ഷമായി സൂചിപ്പിക്കുന്നു. പോസ്റ്ററുകൾക്കുപിന്നിൽ ഒരു പ്രൊഫഷണൽ ടച്ചുണ്ടെന്ന പ്രതികരണം അതാണ് ലക്ഷ്യമിടുന്നത്.

മൂവാറ്റുപുഴ സീറ്റ് വാഴയ്ക്കന് നൽകണമെന്ന ഉറച്ച തീരുമാനത്തിലാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഐ ഗ്രൂപ്പി‌ന്റെ സീറ്റെന്നനിലയിൽ ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടായിരുന്നു ഗ്രൂപ്പ് നേതൃത്വം സ്വീകരിച്ചത്. എന്നാൽ ഒരു സീറ്റ് വീട്ടുകൊടുക്കുമ്പോൾ മൂന്നുസീറ്റുകളുടെ കാര്യത്തിൽ വീട്ടുവീഴ്ചചെയ്യാമെന്ന ജോസഫിന്റെ വിലപേശൽ കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്.