കൊച്ചി : വേമ്പനാട്ടുകായൽ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പദ്ധതികൾ ആവിഷ്‌കരിക്കണമെന്നാശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ (എ.െഎ.ടി.യു.സി.) നടത്തിയ കായൽജാഥ ജില്ലയിൽ പര്യടനം നടത്തി.

മറൈൻ റെഡ്രവ് ബോട്ട്ജെട്ടിയിലെ സ്വീകരണ സമ്മേളനം ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി.സി. സൻജിത്ത് അധ്യക്ഷത വഹിച്ചു. വേമ്പനാട്ടുകായൽ സംരക്ഷണ അതോറിറ്റിക്ക് രൂപം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് ആഞ്ചലോസ് ആവശ്യപ്പെട്ടു.

തൃപ്പൂണിത്തുറ അമ്പലക്കടവിലെ സ്വീകരണ സമ്മേളനം സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ.എൻ. സുഗതനും എളങ്കുന്നപ്പുഴയിൽ എ.ഐ. ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ. ഗോപിയും പറവൂരിൽ മുൻമന്ത്രി വി.എസ്. സുനിൽകുമാറും സ്വീകരണ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ ടി. രഘുവരൻ, അഡ്വ. എം.കെ. ഉത്തമൻ, ഡി. മധു, എലിസബത്ത് അസീസി, വി.ഒ. ജോണി, അഡ്വ. പി.വി. പ്രകാശൻ, കെ.പി. ആന്റണി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.