കൊച്ചി : സൂഫിയെയും സുജാതയെയും സൃഷ്ടിച്ച ഷാനവാസിന്റെ ഓർമകളിൽ അസുവിനെയും ആദത്തിനെയും അരികിൽ ചേർത്തുനിർത്തുമ്പോൾ ലളിതയുടെ മിഴികൾ നിറഞ്ഞു.

“ഈ പുരസ്‌കാരം വെള്ളരിപ്രാവുകളെപ്പോലെ പ്രണയവും സംഗീതവും പൊഴിച്ച ഷാനവാസിനുള്ളതാണ്” -ലളിത പറയുമ്പോൾ അസുവും ആദമിനെ ചേർത്തുനിർത്തി കണ്ണുതുടച്ചു. ‘സൂഫിയും സുജാതയും’ എന്ന സിനിമയ്ക്ക്‌ നൃത്തച്ചുവടുകൾ ഒരുക്കിയതിന് സംസ്ഥാന പുരസ്കാരം ലഭിച്ച തെന്നിന്ത്യൻ കൊറിയോഗ്രാഫർ ലളിത ഷോബി കൊച്ചിയിലെത്തുമ്പോൾ ആദ്യം തേടിയത് അവരെയായിരുന്നു. സിനിമയുടെ സംവിധായകൻ നരണിപ്പുഴ ഷാനവാസിന്റെ ഭാര്യ അസുവിനെയും മകൻ ആദമിനെയും. അവരെപ്പറ്റി ഷാനവാസ് എപ്പോഴും പറയുമായിരുന്നു. അതുകൊണ്ടാണ്‌, പുരസ്കാരം വാങ്ങി വരുമ്പോൾ അത്‌ അവർക്കുതന്നെ സമർപ്പിക്കണമെന്നു തോന്നിയതെന്നും ലളിത പറഞ്ഞു.

എറണാകുളം പ്രസ് ക്ലബ്ബിൽ വെച്ചാണ് ലളിത അസുവിനും ആദമിനും പുരസ്കാരം കൈമാറിയത്.

മറക്കാനാകാത്ത സൂഫി

സൂഫിയും സുജാതയും എന്ന സിനിമയിലേക്കെത്തിയത് വലിയ നിയോഗങ്ങളിലൊന്നായാണു ലളിത കാണുന്നത്.

“ഷാനവാസ് സാർ ഈ ചിത്രത്തിലേക്കു ക്ഷണിക്കുമ്പോൾ അതിനു പിന്നിലെ വലിയ വെല്ലുവിളികൾ ഞാൻ അറിഞ്ഞിരുന്നില്ല. പതിഞ്ഞ താളത്തിലുളള സൂഫി ഗാനങ്ങൾക്ക് നൃത്തമൊരുക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. സംസാരശേഷിയില്ലാത്ത സുജാതയും വളരെ കുറച്ചുമാത്രം സംസാരിക്കുന്ന സൂഫിയും തമ്മിലുള്ള പ്രണയത്തിന്റെ നദികൾ മുഴുവൻ അവരുടെ കണ്ണുകളും നോട്ടങ്ങളുമായിരിരുന്നു. അതാണ്‌ നൃത്തത്തിലേക്കും പകർത്തേണ്ടിയിരുന്നത്. ‘കഥക്’ അറിയാവുന്ന ഒരു കൊറിയോഗ്രാഫറെയായിരുന്നു ഷാനവാസ് അന്വേഷിച്ചിരുന്നത്, അങ്ങനെയാണ് ഞാൻ ഈ സിനിമയിലേക്ക് എത്തുന്നത്. രണ്ടു പാട്ടുകളാണ് കൊറിയോഗ്രാഫി ചെയ്തത്. ഷൂട്ട് കഴിഞ്ഞ ഉടനെതന്നെ എല്ലാവരും നല്ല അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും അവാർഡ് കിട്ടുമെന്ന് പറയുകയും ചെയ്തു. അന്നു പറഞ്ഞതും കേട്ടതും സത്യമായിത്തീർന്നതിൽ ഒരുപാട് സന്തോഷം” -ലളിത പറഞ്ഞു.

ഷാനവാസിന്റെ ഓർമയിൽ

ഇത്രയൊക്കെ സന്തോഷങ്ങൾക്ക് നടുവിലും ഷാനവാസ് സാറിന്റെ വിയോഗം മനസ്സിൽ ഒരു വിങ്ങലാണ് അവർക്ക്.

“ഒട്ടും പ്രതീക്ഷിക്കാത്ത മരണം. ഉൾക്കൊള്ളാൻ ഒരുപാട് സമയമെടുത്തു. അടുത്ത സിനിമയിലും ഒപ്പം വേണമെന്ന് ഷാനവാസ് പറഞ്ഞിരുന്നു. ആ സിനിമയെക്കുറിച്ച്‌ ഞങ്ങൾ നിറയെ സംസാരിക്കുകയും ചെയ്തിരുന്നു. കുറച്ചു ദിവസങ്ങൾ മാത്രമേ സാറിന്റെ കൂടെ വർക്ക് ചെയ്തിട്ടുള്ളൂവെങ്കിലും ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽനിന്ന്‌ പഠിക്കാനും പങ്കുവയ്ക്കാനും കഴിഞ്ഞു” -ലളിത പറഞ്ഞു.

പത്താം വയസ്സിലെ ഡാൻസ്

പത്താം വയസ്സിലാണ് ലളിത നൃത്തജീവിതം തുടങ്ങുന്നത്. ബാക്‌ഗ്രൗണ്ട് ഡാൻസറായി സിനിമയിൽ എത്തിയ ലളിത, പിന്നീട് പ്രമുഖ ഡാൻസ് മാസ്റ്റർമാരുടെ സഹായിയായി. ചിന്നി പ്രകാശ്, രേഖ പ്രകാശ്, പ്രഭുദേവ, രാജുസുന്ദരം എന്നിവർക്കൊപ്പം പ്രവർത്തിച്ച ലളിതയെ സംവിധായകൻ രാജമൗലിയാണ് സ്വതന്ത്ര കൊറിയോഗ്രാഫറായി സിനിമയിലേക്ക് വിളിക്കുന്നത്.

2010-ൽ ഇറങ്ങിയ ‘മര്യാദ രാമണ്ണ’ എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ തമിഴ്, മലയാളം, തെലുങ്ക് ചിത്രങ്ങളിൽ ലളിതയ്ക്ക്‌ അവസരങ്ങൾ തുറന്നുകിട്ടി. തമിഴിൽ ‘ഉത്തമവില്ലൻ’, ‘36 വയതിനിലെ’, ‘ബിഗിൽ’, ‘അയോഗ്യ’, ‘കടാരം കൊണ്ടേൻ’, ‘മുരുങ്കക്കായ് ചിപ്‌സ്’ എന്നീ സിനിമകളൊക്കെ ചെയ്തു. ‘മല്ലു സിങ്’ എന്ന ചിത്രത്തിലൂടെയാണ് ലളിത മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനുശേഷം ‘ഹാപ്പി സർദാർ’, ‘സൂഫിയും സുജാതയും’ എന്നീ ചിത്രങ്ങളും ചെയ്തു. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്റെ പുതിയ ചിത്രമാണ് ഇനി ഇറങ്ങാനുള്ളത്. തെന്നിന്ത്യയിലെ പ്രശസ്ത ഡാൻസ് മാസ്റ്റർ ഷോബി പോൾരാജ്‌ ആണ് ലളിതയുടെ ഭർത്താവ്. ലളിത അസുവിനും ആദമിനും പുരസ്‌കാരം സമർപ്പിക്കുമ്പോൾ അത്‌ ഷാനവാസിനുള്ള സ്മരാണാഞ്ജലി കൂടിയായിരുന്നു