തൃപ്പൂണിത്തുറ : ശ്രീപൂർണത്രയീശന്റെ വൃശ്ചികോത്സവത്തിൽ ‘തൃക്കേട്ടപുറപ്പാട്’ സ്വർണച്ചമയങ്ങളുടേതു കൂടിയാണ്. മേളപ്രമാണി പെരുവനം കുട്ടൻ മാരാർക്കും പ്രാധാന്യമേറിയ ദിനംതന്നെ ഇത്. അദ്ദേഹത്തിന്റെ പിറന്നാളാഘോഷവും ഈ തൃക്കേട്ട നാളിലാണ്. ഭഗവാന് നൈവേദ്യമായി പഞ്ചാരിയുടെ മാധുര്യം പകർന്നാകും കുട്ടൻ മാരാരുടെ പിറന്നാളാഘോഷം. ഭഗവാന്റെ തിരുമുമ്പിൽ പഞ്ചാരിമേളത്തിന്റെ എല്ലാ ഭാവങ്ങളും ഉരുക്കഴിച്ചുള്ള ‘കുട്ടേട്ട’ന്റെ പിറന്നാളാഘോഷമേളം കേൾക്കാനായി മാത്രമെത്തുന്ന മേളക്കമ്പക്കാരും ഏറെ.

കാലങ്ങളായി വൃശ്ചികോത്സവ പഞ്ചാരിമേളത്തിന് പ്രാമാണ്യം വഹിച്ചിരുന്നത് പെരുവനം കുട്ടൻ മാരാരാണ്. എന്നാൽ, ഇത്തവണ തൃക്കേട്ട ദിവസം മാത്രമേ അദ്ദേഹം മേളത്തിനുള്ളു. രാവിലെ 7.30-നാണ് 11 ആനകളോടൊപ്പം ശീവേലിക്കായി ഭഗവാനെ എഴുന്നള്ളിക്കുന്നത്. തൊട്ടുമുന്നിൽ പെരുവനം കുട്ടൻ മാരാരുടെ പ്രമാണ്യത്തിൽ 150 ലേറെ വാദ്യകലാകാരൻമാരുടെ പഞ്ചാരിമേളം. 12 വരെ ശീവേലിയുണ്ട്.

വൈകീട്ട് ഏഴിന് വിളക്കിനെഴുന്നള്ളിപ്പ് തുടങ്ങും. ആനക്കൊട്ടിലിൽ 11 ഗജവീരൻമാരോടൊപ്പം പൂർണത്രയീശൻ എഴുന്നള്ളിനിൽക്കേ തൃക്കേട്ടദർശനം ആരംഭിക്കും. രാത്രി എട്ടുമുതൽ 11.30 വരെ ദർശനസൗകര്യമുണ്ട്. എഴുന്നള്ളിപ്പിന് മുന്നിലെത്തി തൊഴുത് സ്വർണക്കുടത്തിൽ കാണിക്കയർപ്പിച്ച് മടങ്ങാം. പ്രത്യേക സ്വർണക്കോലത്തിലേറ്റിയാണ് ഭഗവാനെ എഴുന്നള്ളിക്കുക. എഴുന്നള്ളിക്കുന്ന ആനയ്ക്ക് സ്വർണ നെറ്റിപ്പട്ടമാണ് അണിയിക്കുക. ഭഗവാന് ചൂടുന്ന കുടയും സ്വർണത്തിന്റേതാണ്. തീവെട്ടിയുടെ മഞ്ഞവെളിച്ചത്തിൽ സ്വർണച്ചമയങ്ങൾ വെട്ടിത്തിളങ്ങുന്നതുതന്നെ ഒരു കാഴ്ചയായിരിക്കും. മദ്ദളപ്പറ്റ്, കൊമ്പുപറ്റ്, കുഴൽപ്പറ്റ്, പഞ്ചാരി മേളത്തോടുകൂടിയുള്ള വിളക്കിനെഴുന്നള്ളിപ്പ് രാത്രി 1.30 വരെയുണ്ട്.