അരൂർ : എഴുപുന്ന സീഫുഡ് വർക്കേഴ്‌സ് സൊസൈറ്റി സമുദ്രോത്പന്ന സംസ്കരണശാലകളിലും പൊതു സ്ഥലങ്ങളിലും സൗജന്യമായി അണുനശീകരണ പ്രവർത്തനങ്ങൾ നടത്താൻ തുടങ്ങി. ആരോഗ്യവകുപ്പിന്റെ നിർദേശമനുസരിച്ചാണ് അണുനശീകരണം.
സമീപ പഞ്ചായത്തുകളിലും എറണാകുളം ജില്ലയിലെ സ്ഥാപനങ്ങളിലും അണുവിമുക്ത പ്രവർത്തനങ്ങൾ നടത്താൻ വാഹനങ്ങളും ഏർപ്പാടാക്കിയിട്ടുണ്ടെന്ന് സൊസൈറ്റി പ്രസിഡന്റ് ഇ.ഒ. വർഗീസ് പറഞ്ഞു.
സമുദ്രോത്പന്ന സംസ്കരണശാലയിലെ സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് സ്ഥിരീകരിക്കുകയും സമ്പർക്കത്തിലൂടെ കമ്പനിയിലെ പല തൊഴിലാളികൾക്കും രോഗം പടരുകയും ചെയ്തതിനെ തുടർന്ന് എഴുപുന്ന പഞ്ചായത്ത് പ്രദേശങ്ങൾ അടച്ചുപൂട്ടിയ നിലയിലാണ്.
ആഴ്ചകളായി പഞ്ചായത്തിലേക്ക് ആർക്കും പ്രവേശിക്കാൻ പറ്റുന്നില്ല. പലവ്യഞ്ജനം വാങ്ങാൻപോലും നീണ്ടകര, നരിയാണ്ടി ഭാഗങ്ങളിലുള്ളവർക്ക് സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണ്.
പീലിങ് തൊഴിലാളികളും സാധാരണക്കാരും തിങ്ങിത്താമസിക്കുന്ന എഴുപുന്നയിൽ അശ്വാസ പദ്ധതികൾ നടപ്പാക്കാൻ പോലും അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.കോവിഡ് ബാധിത പ്രദേശങ്ങളിൽ നടത്തേണ്ട പ്രതിരോധ പ്രവർത്തനങ്ങൾക്കും തുടക്കമായിട്ടില്ല. അണുനശീകരണത്തിനുള്ള മരുന്ന് തയ്യാറാക്കാനും കൂടുതൽ വിവരങ്ങൾക്കും 97465 58296 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് ഇ.ഒ. വർഗീസ് അറിയിച്ചു.