കൊച്ചി: പ്രചാരണം അവസാനിച്ചപ്പോൾ മണ്ഡലങ്ങളിലെ അടിയൊഴുക്കുകൾ അളക്കാനാവാതെ മുന്നണികൾ. പ്രചാരണം കൊട്ടിക്കയറിയപ്പോൾ എല്ലാവരും ഒന്നിനൊന്ന്‌ മുന്നേറി. പൊടിപടലങ്ങൾ അടങ്ങുമ്പോൾ പലയിടത്തും മുന്നണികൾക്ക് ആധി കയറിയിട്ടുണ്ട്. ജില്ലയിലെ ഏതാണ്ടെല്ലാ മണ്ഡലങ്ങളിലും മുന്നണി സ്ഥാനാർഥികൾക്ക്‌ ഏറിയും കുറഞ്ഞും ആഭ്യന്തര പ്രശ്നങ്ങളുണ്ട്. ചില മണ്ഡലങ്ങളിൽ അത്‌ രൂക്ഷമായി.

ഒട്ടുമിക്ക മണ്ഡലങ്ങളിലും മത്സരം ഇഞ്ചോടിഞ്ചാണ്. മരവിപ്പിക്കപ്പെടുകയോ കളം മാറുകയോ ചെയ്യുന്ന ചെറിയ ശതമാനം പാർട്ടി വോട്ടുകൾ വരെ നിർണായകമാകുന്ന അവസ്ഥ. അടിയൊഴുക്കുകൾ തടയാനുള്ള അവസാനവട്ട ശ്രമങ്ങളാണ് പലയിടത്തും.

അതിശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃപ്പൂണിത്തുറയിൽ മൂന്നു മുന്നണികളും പ്രചാരണത്തിൽ ഒപ്പത്തിനൊപ്പമാണ്. എന്നാൽ മൂന്നുപേർക്കും സ്വന്തം ചേരിയിൽനിന്നുള്ള വോട്ട് ഒഴുകിപ്പോകാതിരിക്കാൻ ചിറകെട്ടേണ്ട സ്ഥിതിയാണ്.

യു.ഡി.എഫിൽ പ്രശ്നങ്ങൾ പറഞ്ഞൊതുക്കിയെന്ന്‌ നേതാക്കൾ ആണയിടുന്നു. എന്നാൽ, അപശബ്ദങ്ങൾ അവസാന നിമിഷവും കേൾക്കുന്നുണ്ട്. ഇടഞ്ഞുനിൽക്കുന്ന ‘ഐ’ ഗ്രൂപ്പ് എങ്ങനെ പ്രതികരിക്കുമെന്ന്‌ നേതാക്കൾക്ക് ആശങ്കയുണ്ട്. ഇടതുപക്ഷത്തിനകത്തും പ്രചാരണം തുടങ്ങുമ്പോൾ പള്ളുരുത്തി-ഉദയംപേരൂർ മേഖലയിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. അതെല്ലാം ഒതുക്കിയെന്നാണ്‌ നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. എൻ.ഡി.എ. കഴിഞ്ഞ തവണ തൃപ്പൂണിത്തുറയിൽ മികച്ച പ്രകടനമാണ്‌ കാഴ്ചവെച്ചത്. എന്നാൽ, യു.ഡി.എഫ്. ആ വോട്ടുകളിൽ കണ്ണുവെച്ചിട്ടുള്ളതിനാൽ ഉള്ളത്‌ തടുത്തുനിർത്തുകയും കൂടുതൽ പിടിക്കുകയും ചെയ്യേണ്ട ബാധ്യതയാണ് ബി.ജെ.പി. നേതൃത്വത്തിന്‌ വന്നിരിക്കുന്നത്.

കളമശ്ശേരിയിലും മൂന്നു മുന്നണികളിലും പ്രതിസന്ധികളുണ്ട്. മുസ്‌ലിം ലീഗിലേയും കോൺഗ്രസിലേയും അതൃപ്തികളെ അതിജീവിച്ച്‌ സ്ഥാനാർഥി സർവ സമ്മതനായെന്ന്‌ യു.ഡി.എഫ്. ഇപ്പോൾ വിലയിരുത്തുന്നു. പാർട്ടിക്കുള്ളിലെ അനിഷ്ടങ്ങളെല്ലാം പൂർണമായി ഒഴിവായി, സ്ഥാനാർഥി സർവ സ്വീകാര്യനായെന്ന്‌ ഇടതുപക്ഷവും അവകാശപ്പെടുന്നു. സീറ്റ് ബി.ഡി.ജെ.എസിന്‌ പോയതിന്റെ പേരിൽ ബി.ജെ.പി.യിലുള്ള അതൃപ്തിയാണ് എൻ.ഡി.എ. കളമശ്ശേരിയിൽ നേരിടുന്ന പ്രതിസന്ധി.

പിറവത്ത് ഇടതുപക്ഷത്തിനകത്താണ്‌ പ്രശ്നങ്ങൾ രൂക്ഷമായിരുന്നത്. പ്രചാരണമെല്ലാം ഉഷാറായി അവസാനിച്ചതിനാൽ പ്രതിസന്ധികൾ ഉണ്ടാവില്ലെന്ന്‌ മുന്നണി നേതൃത്വം പ്രതീക്ഷിക്കുന്നു.

വൈപ്പിനിൽ യു.ഡി.എഫിലായിരുന്നു ആദ്യം പ്രശ്നങ്ങൾ. നേതൃത്വം ചർച്ചകളിലൂടെ പ്രശ്നപരിഹാര ശ്രമങ്ങൾ നടത്തി. ചില പാക്കേജുകൾ നടപ്പാക്കി. അതോടെ പരസ്യപ്രസ്താവന നടത്തിയ നേതാക്കൾ വരെ പ്രചാരണ രംഗത്ത്‌ സജീവമായി.

കൊച്ചിയിലും പ്രശ്നങ്ങളൊക്കെ പറഞ്ഞൊതുക്കി ഒറ്റക്കെട്ടായാണ് യു.ഡി.എഫ്. പ്രവർത്തിച്ചത്. അവിടെ നേതാക്കളുടെ പ്രത്യേക മേൽനോട്ടത്തോടെയാണ് പ്രചാരണം അവസാനിച്ചത്. എന്നിട്ടും പാർട്ടിക്കുള്ളിലെ പ്രധാന നേതാവ് മറുകണ്ടം ചാടി.

മൂവാറ്റുപുഴയിലും യു.ഡി.എഫിൽ സ്ഥാനാർഥി ഇറങ്ങും മുമ്പുണ്ടായ തർക്കങ്ങൾ, പിന്നീട്‌ പ്രചാരണച്ചൂടിൽ അലിഞ്ഞുപോയി.

പറവൂരിൽ ഇടതു സ്ഥാനാർഥി വരുംമുമ്പ്‌ സി.പി.ഐ.ക്കുള്ളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, സ്ഥാനാർഥി വന്നതോടെ പാർട്ടി സംവിധാനം ഉണർന്നു. പറവൂരിൽ സി.പി.എം. വിട്ടുനിന്നു എന്ന പരാതി സി.പി.ഐ.യിൽ എല്ലാക്കാലവും ഉണ്ടാവാറുണ്ട്. ഇക്കുറി അതൊഴിവാക്കാൻ സി.പി.എം. ആഞ്ഞിറങ്ങി.

ഇടതു സ്വതന്ത്രർ മത്സരിക്കുന്ന എറണാകുളം, തൃക്കാക്കര, ആലുവ മണ്ഡലങ്ങളിൽ ആദ്യം പാർട്ടിക്കുള്ളിൽ ഉണ്ടായ മരവിപ്പ് ഒഴിവാക്കാൻ നേതാക്കൾ ശക്തമായ ഇടപെടൽതന്നെ നടത്തി. അതെല്ലാം എത്രമാത്രം ഫലം കണ്ടുവെന്നറിയാൻ വോട്ടെണ്ണൽ നടക്കുന്ന മേയ് രണ്ട്‌ വരെ കാത്തിരിക്കണം.

അതൃപ്ത വോട്ടുകൾ പല മണ്ഡലങ്ങളിലും ട്വന്റി 20-യിലേക്കോ വി 4-ലേക്കോ പോയേക്കുമെന്ന ആശങ്കയും മുന്നണികൾക്കുണ്ട്. അടിയൊഴുക്കുകൾക്ക്‌ ചിറകെട്ടാനുള്ള അവസാനവട്ട അനുനയ ശ്രമങ്ങളാണ്‌ പലയിടത്തും നടക്കുന്നത്.