തൃപ്പൂണിത്തുറ: മൂന്നാഴ്ചയോളം നീണ്ട പ്രചാരണത്തിന്‌ തിരശ്ശീല വീഴുമ്പോൾ പോരാട്ടത്തിലെ വീറുകൊണ്ട്‌ ജില്ലയിൽ ഒന്നാമതാണ്‌ തൃപ്പൂണിത്തുറ, ഫലപ്രവചനം തീർത്തും അസാധ്യവും. 14 മണ്ഡലങ്ങളിൽ ഏറ്റവും ശക്തമായ ത്രികോണപ്പോരാട്ടം നടക്കുന്ന മണ്ഡലം. മൂന്നു മുന്നണികളും താരപ്രചാരകരെ ഇറക്കി ഇളക്കിമറിച്ച മണ്ഡലം ജില്ലയിൽ വേറെയില്ല.

സി.പി.എം.-കോൺഗ്രസ്-ബി.ജെ.പി. പോരാട്ടമാണിവിടെ. എൽ.ഡി.എഫിന്റെ സിറ്റിങ് എം.എൽ.എ. എം. സ്വരാജ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കാൽനൂറ്റാണ്ട്‌ തൃപ്പൂണിത്തുറയെ പ്രതിനിധാനം ചെയ്ത കെ. ബാബുവിലൂടെ യു.ഡി.എഫ്. സീറ്റ്‌ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്. മധ്യകേരളത്തിലെ ആദ്യ എൻ.ഡി.എ. പ്രതിനിധിയെ സ്വപ്നംകാണുകയാണ് മുൻ പി.എസ്.സി. ചെയർമാൻ കൂടിയായ ഡോ. കെ.എസ്. രാധാകൃഷ്ണനിലൂടെ ബി.ജെ.പി.

പഴയ കൊച്ചി നാട്ടുരാജ്യത്തിന്റെ തലസ്ഥാനമാണ്‌ തൃപ്പൂണിത്തുറ. കൊട്ടാരവും കോവിലകങ്ങളുമൊക്കെയുള്ള നാട്ടിൽ ജനായത്തത്തിലൂടെ ഇക്കുറി മന്നനാകുന്നത് ആരാകുമെന്ന്‌ പ്രവചിക്കുക അസാധ്യം. ഞായറാഴ്ച കലാശക്കൊട്ടിലും ആ വീറും വാശിയും പ്രകടമായി. മൂന്ന്‌ മുന്നണികളുടെയും ശക്തിപ്രകടനമാണ് ഇവിടെ നടന്നത്.

തുടക്കം മുതൽ ഇവിടത്തെ പ്രചാരണത്തിന്‌ ചൂട് കൂടുതലായിരുന്നു. വിവാദങ്ങളും തർക്കങ്ങളും വാക്പോരിന്‌ മൂർച്ചകൂട്ടി. മൂന്നു മുന്നണികളും ഏറ്റവും പ്രമുഖരെത്തന്നെ പ്രചാരണത്തിനിറക്കി. സ്വരാജിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ, പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി തുടങ്ങിയ നേതാക്കളെത്തിയപ്പോൾ, ബാബുവിനു വേണ്ടി രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമെത്തി. ഡോ. കെ.എസ്. രാധാകൃഷ്ണനു വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും കേന്ദ്ര മന്ത്രി വി. മുരളീധരനുമെത്തി.

തൃപ്പൂണിത്തുറ നഗരസഭയിലെ 36 വാർഡുകളും മരട് നഗരസഭയും ഉദയംപേരൂർ, കുമ്പളം ഗ്രാമപ്പഞ്ചായത്തുകളും കൊച്ചി കോർപ്പറേഷനിലെ എട്ട്‌ ഡിവിഷനുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. ഇത്തവണ തിരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർഥികളും സ്വതന്ത്രരും ഉൾപ്പെടെ ഏഴുപേർ മത്സര രംഗത്തുണ്ട്.

തൃപ്പൂണിത്തുറ

2016 നിയമസഭ

എൽ.ഡി.എഫ്. - 62,697

യു.ഡി.എഫ്. - 58,230

എൻ.ഡി.എ. - 29,843

ഭൂരിപക്ഷം - 4,467

2019 ലോക്‌സഭ

യു.ഡി.എഫ്. - 71,631

എൽ.ഡി.എഫ്. - 52,404

എൻ.ഡി.എ. - 25,304

ഭൂരിപക്ഷം -19,227

2020 തദ്ദേശം

എൽ.ഡി.എഫ്. - 57,577

യു.ഡി.എഫ്. - 51,567

എൻ.ഡി.എ. - 23,918

ഭൂരിപക്ഷം - 6,010