കൊച്ചി: ഫോൺവിളിയും വാട്‌സാപ്പും ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ഉൾപ്പെടെ സകല സാധ്യതകളുമുണ്ട്. എന്നാൽ, വോട്ടർമാരെ നേരിട്ടു കണ്ട്‌ വോട്ടു ചോദിച്ചില്ലെങ്കിൽ സ്ഥാനാർഥിക്ക്‌ തൃപ്തിയാകില്ല. നേരിട്ടു കാണലിനായി ഓരോ പ്രചാരണകാലത്തും സ്ഥാനാർഥി സഞ്ചരിക്കുന്ന ദൂരമെത്രയാണ്? മണ്ഡലത്തിലെ ഇടവഴികളും മുക്കും മൂലയും താണ്ടി ദിവസം ശരാശരി 200 കിലോമീറ്ററെങ്കിലും ഒരു സ്ഥാനാർഥി സഞ്ചരിക്കേണ്ടി വരും. സ്ഥാനാർഥികളുടെ ഓട്ടപ്രദക്ഷിണത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് അവരുടെ സാരഥികൾ.

സ്ഥാനാർഥി - പി.ടി. തോമസ് (യു.ഡി.എഫ്.)

മണ്ഡലം - തൃക്കാക്കര

ശനിയാഴ്ച സഞ്ചരിച്ചത് - 182 കിലോമീറ്റർ

20 ദിവസത്തിനിടെ - 4150 കിലോമീറ്റർ

ഡ്രൈവർ - കെ.ജി. രാജേഷ്

20 വർഷമായി പി.ടി. തോമസ് എം.എൽ.എ.യ്ക്കൊപ്പമുണ്ട്. തിരഞ്ഞെടുപ്പു കാലത്ത് എല്ലാ ദിവസവും രാവിലെ ആറര മണിക്ക്‌ ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്യുമ്പോഴേക്കും സ്ഥാനാർഥി റെഡിയായിട്ടുണ്ടാകും. പ്രചാരണം കഴിഞ്ഞ്‌ വീട്ടിൽ തിരിച്ചെത്തുമ്പോൾ മിക്കവാറും രാത്രി പന്ത്രണ്ടു മണി കഴിഞ്ഞിട്ടുണ്ടാകും. രാത്രി ഒരുമണി കഴിഞ്ഞാകും മിക്കവാറും ഉറങ്ങാൻ കിടക്കുന്നത്. പുലർച്ചെ അഞ്ചര മണിക്ക്‌ എഴുന്നേറ്റാലേ ആറരയ്ക്ക്‌ റെഡിയായി യാത്ര തുടങ്ങാനാവൂ.

സ്ഥാനാർഥി - സിന്ധുമോൾ ജേക്കബ് (എൽ.ഡി.എഫ്.)

മണ്ഡലം - പിറവം

സ്ഥാനാർഥി- സിന്ധുമോൾ ജേക്കബ്

ശനിയാഴ്ച സഞ്ചരിച്ചത് - 188 കിലോമീറ്റർ

20 ദിവസത്തിനിടെ - 3800 കിലോമീറ്റർ

ഡ്രൈവർ - ആൽബിൻ ബാബു

എന്റെ ആന്റിയാണ് സ്ഥാനാർഥി സിന്ധുമോൾ. പ്രചാരണത്തിന്‌ ആന്റിയെ സഹായിക്കാനാണ് ഞാൻ ഡ്രൈവറായത്. എല്ലാ ദിവസവും രാവിലെ ഏഴു മണിക്ക്‌ ഞങ്ങൾ ഉഴവൂരിലെ വീട്ടിൽ നിന്നിറങ്ങും. തിരിച്ചെത്തുമ്പോൾ മിക്കവാറും രാത്രി പന്ത്രണ്ടര കഴിഞ്ഞിട്ടുണ്ടാകും. ഉറക്കം കുറവാണെങ്കിലും സ്റ്റിയറിങ് കൈയിൽ കിട്ടിയാൽ ഞാനതൊക്കെ മറക്കും. സ്ഥാനാർഥി വളരെ ഊർജസ്വലയായി നടക്കുമ്പോൾ സാരഥിയായ ഞാനും കട്ടയ്ക്കു നിൽക്കണ്ടേ.

സ്ഥാനാർഥി - എസ്. സജി (എൻ.ഡി.എ.)

മണ്ഡലം - തൃക്കാക്കര

ശനിയാഴ്ച സഞ്ചരിച്ചത് - 106 കിലോമീറ്റർ

20 ദിവസത്തിനിടെ - 3280 കിലോമീറ്റർ

സാരഥി - പ്രദീപ് എസ്. പണിക്കർ

പാർട്ടിയോടുള്ള ഇഷ്ടംകൊണ്ടാണ്‌ ഞാൻ സ്ഥാനാർഥിയുടെ സാരഥിയായത്. എല്ലാ ദിവസവും രാവിലെ ഏഴു മണിയോടെ സ്ഥാനാർഥിയുടെ വീട്ടിൽനിന്ന്‌ യാത്ര തുടങ്ങും. ഞാൻ ആറരയോടെ അദ്ദേഹത്തിന്റെ വീട്ടിലെത്തും. രാത്രി 12 മണി കഴിഞ്ഞാകും തിരിച്ചെത്തുന്നത്. തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വോൾവോ ബസിന്റെ ഡ്രൈവറായിരുന്നു ഞാൻ. പിന്നീട്‌ കണ്ടെയ്‌നർ ലോറിയിൽ ജോലി ചെയ്യുന്നതിനിടെ ലീവെടുത്താണ് സ്ഥാനാർഥിയുടെ സാരഥിയായെത്തിയത്.

സ്ഥാനാർഥി - വി.ഡി. സതീശൻ (യു.ഡി.എഫ്.)

മണ്ഡലം - പറവൂർ

ശനിയാഴ്ച സഞ്ചരിച്ചത് - 183 കിലോമീറ്റർ

20 ദിവസത്തിനിടെ - 3580 കിലോമീറ്റർ

സാരഥി - ഇ.എം. ഷാജഹാൻ

ദിവസവും രാവിലെ ഏഴു മണിക്ക്‌ ഞങ്ങളുടെ യാത്ര തുടങ്ങും. 2006-ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പര്യടനത്തിൽ തുറന്ന ജീപ്പ് ഓടിക്കാനായിട്ടാണ്‌ ഞാൻ ആദ്യം വരുന്നത്. ആ സമയത്ത്‌ ഡ്രൈവറായിരുന്ന ആൾ ഗൾഫിലേക്ക്‌ പോയതോടെ ഞാൻ സ്ഥിരം ഡ്രൈവറായി. രാവിലെ എഴുന്നേറ്റാൽ പത്രം വായനയും ചായകുടിയും കഴിഞ്ഞ് ആറരയോടെ സ്ഥാനാർഥി പ്രചാരണത്തിന്‌ തയ്യാറായി എത്തിയിട്ടുണ്ടാകും.

സ്ഥാനാർഥി - സുജിത്ത് പി. സുരേന്ദ്രൻ (ട്വന്റി-20)

മണ്ഡലം - കുന്നത്തുനാട്

ശനിയാഴ്ച സഞ്ചരിച്ചത് - 140 കിലോമീറ്റർ

20 ദിവസത്തിനിടെ - 3250 കിലോമീറ്റർ

സാരഥി - മിജിൽ സി. പോൾ

രാവിലെ ഏഴിന്‌ സ്ഥാനാർഥി എത്തുമ്പോഴേക്കും വാഹനത്തിന്റെ ഡ്രൈവിങ് സീറ്റിൽ ഞാനുണ്ടാകും. സ്ഥാനാർഥി തുറന്ന വാഹനത്തിൽ പര്യടനം നടത്തുമ്പോഴും ഞാൻ കാറുമായി അനുഗമിക്കും. മുടവൂരിലെ ഒരു റബ്ബർ കടയിലെ ഡ്രൈവറായിരുന്നു. ഈയിടെയാണ് ഇവിടെ ഡ്രൈവറായെത്തിയത്. മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ആന്റി ബിൻസി വഴിയാണ് ഞാനെത്തിയത്. തിരഞ്ഞെടുപ്പ് പര്യടനത്തിൽ ഡ്രൈവറായി പോകുന്നത് ജീവിതത്തിലെ ആദ്യത്തെ അനുഭവമാണ്.