കൊച്ചി: കൂടുതൽ സ്വതന്ത്രരെ സ്ഥാനാർഥികളാക്കാനുള്ള നേതൃത്വത്തിന്റെ നീക്കത്തിൽ സി.പി.എമ്മിൽ അസ്വസ്ഥത പടരുന്നു. എറണാകുളം മണ്ഡലത്തിൽ പാർട്ടി സാമുദായിക പരിഗണന വെച്ച് സ്ഥാനാർഥിയെ നിർത്താറുണ്ടെങ്കിലും മറ്റു മണ്ഡലങ്ങളിലേക്കും ഇത് വ്യാപിപ്പിച്ചതാണ് ചർച്ചയായത്.

എറണാകുളത്ത് ക്രൈസ്തവ സഭയുടെ താത്‌പര്യങ്ങൾക്കനുസരിച്ചുള്ള രണ്ടു പേരുകളാണ് ചർച്ച ചെയ്തിട്ടുള്ളത്. എറണാകുളത്ത് ഇതിനു മുമ്പും ഇത്തരം പരീക്ഷണങ്ങൾ പാർട്ടി നടത്തിയിട്ടുണ്ട്. എന്നാൽ സമീപ മണ്ഡലമായ തൃക്കാക്കരയിലും സമുദായ താത്‌പര്യം പരിഗണിച്ച് പാർട്ടിക്കു പുറത്തുനിന്നുള്ള ആളെ പരിഗണിക്കുന്നതാണ് അതൃപ്തിക്കു കാരണം.

തൃക്കാക്കരയിൽ നഗരത്തിലെ ആശുപത്രിയിലെ എല്ലുരോഗ വിദഗ്ദ്ധന്റെ പേരാണ് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് ചർച്ച ചെയ്യുന്നത്. ആദ്യം പാർട്ടി ഏരിയയിലെ നേതാക്കളുടെ പേരുകളാണു മുന്നിലുണ്ടായിരുന്നത്. എന്നാൽ പെട്ടെന്നാണ് പുതിയ പേര് ചർച്ചയിലേക്കു വന്നത്.

പ്രദേശത്തെ പാർട്ടി നേതാക്കൾക്കുതന്നെ വ്യക്തമായി അറിയാത്ത ആളെ സ്ഥാനാർഥിയാക്കുന്നത് തിരിച്ചടിയുണ്ടാക്കിയേക്കുമെന്ന ആശങ്ക പ്രവർത്തകരിലും ഉണ്ട്. ആലുവയിലും പാർട്ടിക്കുള്ളിൽ മുറുമുറുപ്പുയർന്നിട്ടുണ്ട്. അവിടെ ഒരു മുതിർന്ന കോൺഗ്രസ് നേതാവിന്റെ മരുമകളെ സ്ഥാനാർഥിയാക്കാനുള്ള ചർച്ചകൾ നടന്നുവെന്ന വിവരമാണ് അസ്വസ്ഥത സൃഷ്ടിക്കുന്നത്.

ഇക്കുറി ജില്ലയിൽനിന്ന് പത്തുസീറ്റ് വരെ പിടിക്കാൻ കഴിയണമെന്ന നിർദേശമാണ് ലഭിച്ചിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി നേതാക്കളെ മാറ്റി ജനസമ്മതർക്കായുള്ള അന്വേഷണം നടത്തുന്നത്.

എറണാകുളം മണ്ഡലത്തിൽ സാമുദായിക താത്‌പര്യങ്ങൾ പരിഗണിച്ച്, ഷാജി ജോർജിന്റേയും യേശുദാസ് പറപ്പിള്ളിയുടേയും പേരാണ് പരിഗണനയ്ക്കായി അയച്ചിട്ടുള്ളത്. കളമശ്ശേരിയിൽ മുതിർന്ന നേതാവ് കെ. ചന്ദ്രൻ പിള്ളയുടെ പേരാണ് പ്രധാനമായും വന്നിട്ടുള്ളത്. പി. രാജീവിനെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയും പറവൂർ സീറ്റ് പാർട്ടിക്ക് കിട്ടാതിരിക്കുകയും ചെയ്താൽ അദ്ദേഹത്തെ കളമശ്ശേരി സീറ്റിലേക്കു പരിഗണിച്ചേക്കും.

വൈപ്പിനിൽ വിജയ സാധ്യത കണക്കിലെടുത്ത് എസ്. ശർമയുടെ പേരാണ് പോയിട്ടുള്ളത്. കെ.എൻ. ഉണ്ണികൃഷ്ണന്റെ പേരും അവിടെ ചർച്ച ചെയ്തിട്ടുണ്ട്. പാർട്ടി മാനദണ്ഡങ്ങളിൽ ശർമയ്ക്ക് ഇളവ് നൽകേണ്ടെന്ന് തീരുമാനിച്ചാലേ അവിടെ മറ്റൊരാളെ പരിഗണിക്കേണ്ടി വരൂ.

‌പെരുമ്പാവൂരിൽ എൻ.സി. മോഹനൻ, സാജു പോൾ എന്നിവരുടെ പേരാണ് നിർദേശിക്കപ്പെട്ടിട്ടുള്ളത്. സിറ്റിങ് എം.എൽ.എ.മാരായ എം. സ്വരാജ്, ആന്റണി ജോൺ, കെ.ജെ. മാക്സി എന്നിവർ അവരുടെ മണ്ഡലങ്ങളിൽ തുടരും. പറവൂർ, പിറവം സീറ്റുകളുടെ കാര്യത്തിൽ ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാവുന്ന മുറയ്ക്ക് ആവശ്യമെങ്കിൽ ജില്ലാ സെക്രട്ടേറിയറ്റ്‌ കൂടി സ്ഥാനാർഥിയെ നിർദേശിക്കും.