കൊച്ചി: സാനു മാഷിന്റെ വീടിനു പുറത്തെ ചുമരിൽ പിണറായി വിജയന്റെ പുഞ്ചിരിക്കുന്ന ചിത്രം. അതിലേക്കു നോക്കി വൈകുന്നേരത്തെ നടത്തത്തിനിറങ്ങിയതാണ് മാഷ്. ഒരു തവണ പോലും ഇടതുപക്ഷത്തെ ജയിപ്പിച്ചിട്ടില്ലാത്ത ചരിത്രം പേറിനിന്ന എറണാകുളം മണ്ഡലത്തിൽ ഇടതു സ്വതന്ത്രനായി മത്സരിച്ച്‌ ചരിത്രം കുറിച്ച ജയം നേടിയ ഓർമകൾ ആ മനസ്സിലുണ്ട്.

? പ്രൊഫസറായിരുന്ന ഒരാൾ എങ്ങനെയാണു തിരഞ്ഞെടുപ്പ് ഗോദയിലേക്കെത്തിയത്

ഇ.എം.എസ്. ഉയർത്തിക്കൊണ്ടുവന്ന തത്ത്വാധിഷ്ഠിത രാഷ്ട്രീയം എന്ന ആശയമാണ് എന്നെ തിരഞ്ഞെടുപ്പിലേക്ക്‌ ആകർഷിച്ചത്. മതങ്ങളും സമുദായങ്ങളും രാഷ്ട്രീയത്തിലിടപെട്ടാൽ അതു മലിനമാകും എന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. മതം എല്ലാവരോടും അതിൽ വിശ്വസിക്കാനാണ് ആഹ്വാനം ചെയ്യുന്നത്. ജനാധിപത്യത്തിൽ മാത്രമാണ് എതിർക്കാനും വിമർശിക്കാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യമുള്ളത്. തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ഇ.എം.എസ്. ഫോണിലൂടെയാണ് ആദ്യം ആവശ്യപ്പെട്ടത്. അതിനടുത്ത ദിവസം എം.എം. ചെറിയാന്റെ വീട്ടിലെത്തിയ ഇ.എം.എസ്. എന്നോട്‌ അവിടെച്ചെന്ന്‌ അദ്ദേഹത്തെ കാണുന്നതിൽ വിരോധമുണ്ടോയെന്നു ചോദിച്ചു. ചെറിയാന്റെ വീട്ടിൽ കണ്ടപ്പോൾ മത്സരിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചു. ഇ.എം.എസ്. പറഞ്ഞപ്പോൾ എനിക്ക്‌ എതിർത്തൊന്നും പറയാനുണ്ടായിരുന്നില്ല.

? മത്സരിക്കുന്നതിനെക്കുറിച്ചു വീട്ടിൽ സംസാരിച്ചപ്പോൾ

മത്സരിക്കണമെന്ന്‌ എം.എം. ലോറൻസും ടി.കെ. രാമകൃഷ്ണനും ഇ.കെ. നാരായണനും കൂടി വീട്ടിൽ വന്നു പറഞ്ഞപ്പോൾ രണ്ടു പേരോട് അതേപ്പറ്റി ചോദിക്കാനുണ്ടെന്ന്‌ ഞാൻ പറഞ്ഞു. ഭാര്യയോടും ഡോക്ടറോടും. ഭാര്യ ആദ്യമേ തന്നെ നോ പറഞ്ഞു. വലിയ സമ്മർദം നേരിടേണ്ടതിനാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നു പറഞ്ഞ്‌ ഡോക്ടറും സമ്മതിച്ചില്ല. എന്നാൽ ഇ.എം.എസ്. എന്ന മനുഷ്യനും അദ്ദേഹം ഉയർത്തിയ നിലപാടും എനിക്കു വലുതായിരുന്നു. അഴിമതി ചൂണ്ടിക്കാട്ടിയതിന്‌ രണ്ടു മാസത്തിനിടെ മൂന്നു സ്ഥലങ്ങളിലേക്ക്‌ എന്നെ സ്ഥലം മാറ്റിയ അധികൃതർ സമ്മാനിച്ച മുറിവും മനസ്സിലുണ്ടായിരുന്നു. ജയവും തോൽവിയുമൊന്നും ഞാൻ ചിന്തിച്ചില്ല. എന്നാൽ അഴിമതിക്കെതിരായി എന്തെങ്കിലും ചെയ്യണമെന്ന കടുത്ത ആഗ്രഹം മനസ്സിലുണ്ടായിരുന്നു.

? മറക്കാനാവാത്ത തിരഞ്ഞെടുപ്പോർമകൾ

എന്റെ ജയത്തിനു വേണ്ടി ശസ്ത്രക്രിയ പോലും മാറ്റിവെച്ച്‌ രോഗക്കിടക്കയിൽനിന്നുവന്ന്‌ വോട്ടു ചെയ്ത വിദ്യാർഥിയും പ്രചാരണ യാത്രകൾക്കിടയിൽ എല്ലാ ദിവസവും എനിക്കു കരിക്കു കൊണ്ടുവന്നു തന്ന കോൺഗ്രസുകാരനായ ഒരു മനുഷ്യസ്നേഹിയും മനസ്സിൽ മായാതെയുണ്ട്.

? നിയമസഭാ തിരഞ്ഞെടുപ്പു ഫലം എന്താവും

വിശ്വാസവും ആചാരവും എന്ന വിഷയം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത ചില ചലനങ്ങളുണ്ടാക്കി. ഇത്തവണ വലിയ അട്ടിമറികളുണ്ടായില്ലെങ്കിൽ സർക്കാരിന് ഭരണത്തുടർച്ച ലഭിക്കാനാണ് സാധ്യത.