കൊച്ചി: ഉപതിരഞ്ഞെടുപ്പ്‌ ജയിച്ചപ്പോൾത്തന്നെ ടി.ജെ. വിനോദ് എറണാകുളം നിലനിർത്തുന്നതിനുള്ള പണി തുടങ്ങിയിരുന്നു. ജയിച്ചെങ്കിലും ഉപതിരഞ്ഞെടുപ്പുണ്ടാക്കിയ നടുക്കം അത്ര വലുതായിരുന്നു. കുത്തകയെന്നു കോൺഗ്രസ് അഹങ്കരിച്ചിരുന്ന എറണാകുളം മണ്ഡലത്തിൽ വിനോദ് തോൽവിയിൽനിന്ന് ഞെരുങ്ങി പുറത്തുകടക്കുകയായിരുന്നു.

എതിരാളിയായ മനു റോയിയുടെ അപരൻ പിടിച്ച 2572 വോട്ട് ഒഴിവാക്കിയാൽ 1178 വോട്ടിനായിരുന്നു ജയം. മഴയും പോളിങ് ശതമാനത്തിലെ കുറവുമെല്ലാം കാരണമായി നിരത്തുമ്പോഴും, കോൺഗ്രസ് മണ്ണിലെ കാറ്റുവീഴ്ച പാർട്ടി കാണാതിരുന്നിട്ടില്ല. അതുകൊണ്ടുതന്നെ ഡി.സി.സി. പ്രസിഡന്റ്‌ കൂടിയായ വിനോദ്, ജയിച്ചപ്പോൾ മുതൽ ഓടിക്കൊണ്ടിരിക്കുകയാണ്.

മണ്ഡലം മുഴുവൻ നിറഞ്ഞുനിൽക്കാനുള്ള നെട്ടോട്ടംതന്നെയാണത്. മറ്റ് എം.എൽ.എ.മാർ അഞ്ചുവർഷംകൊണ്ടു ചെയ്ത കാര്യങ്ങൾ വിനോദിന് ഒന്നരവർഷം കൊണ്ടു ചെയ്യേണ്ടി വന്നു. ഹൈബി ഈഡൻ എം.എൽ.എ.യായിരുന്നപ്പോൾ ചെയ്തതിന്റെ തുടർച്ചയാണ് വിേനാദ് പൂർത്തിയാക്കിയത്.

കോൺഗ്രസ് മണ്ഡലം

എറണാകുളം കോൺഗ്രസിനു വലിയ ഭൂരിപക്ഷം സമ്മാനിച്ചിട്ടുള്ള മണ്ഡലമാണ്. എന്നാൽ രണ്ടുതവണ ഇടതുമുന്നണിക്കൊപ്പം പോയി യു.ഡി.എഫിനെ ഞെട്ടിക്കുകയും ചെയ്തിട്ടുണ്ട്. സാഹചര്യങ്ങൾ ഒത്തുവന്നാൽ ഒരു അട്ടിമറി സാധ്യത നിലനിൽക്കുന്നുവെന്ന മുന്നറിയിപ്പാണത്.

കോൺഗ്രസിന് ശക്തമായ വേരോട്ടമുള്ള സ്ഥലമാണിത്. മണ്ഡലത്തിലെ ചേരാനല്ലൂർ കോൺഗ്രസിന്റെ ശക്തികേന്ദ്രമാണ്. കോൺഗ്രസിന്റെ ഭൂരിപക്ഷം ഉയർത്തുന്നതിൽ നിർണായക പങ്കുവഹിക്കന്ന സ്ഥലമാണു ചേരാനല്ലൂർ. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ അവിടെ ഐ ഗ്രൂപ്പിലുണ്ടായ പ്രശ്നങ്ങൾ നേതൃത്വം പറഞ്ഞൊതുക്കിയിട്ടുണ്ട്. അസംതൃപ്തരെ പറഞ്ഞു കൂടെ നിർത്തിയിട്ടുണ്ട്. പ്രശ്നങ്ങളൊന്നുമില്ലാതെ ഇക്കുറി വലിയ മാർജിനിൽ ജയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.

സഭയിൽ നോക്കി ഇടത്

ഇടതുമുന്നണി ഇക്കുറിയും പുറമെ നിന്നുള്ള സ്ഥാനാർഥിയെ പരീക്ഷിക്കാൻ ഒരുങ്ങുകയാണ്. സഭാ സ്ഥാനാർഥിയെയാണ്‌ രംഗത്തിറക്കാൻ പോകുന്നത്. കെ.ആർ.എൽ.സി.സി. ഭാരവാഹി ഷാജി ജോർജിന്റെ പേരും ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളിയുടെ പേരുമാണ് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റിന്റെ ചർച്ചകളിലുള്ളത്. ‘പള്ളിവക’ സ്ഥാനാർഥിയെ നിർത്തുന്നതിന്റെ നേട്ടം ഇക്കുറി എറണാകുളം മണ്ഡലത്തിൽ ഉണ്ടാവുമെന്നാണു പാർട്ടിയുടെ വിലയിരുത്തൽ.

പാർട്ടിക്ക് പെട്ടിയിലിട്ടതുപോലെ വോട്ടുണ്ട്. അതിൽ വലിയ വളർച്ചയൊന്നും ഉണ്ടാവുന്നില്ലെങ്കിലും ഇടിവൊന്നുമില്ല. ആ വോട്ടിന്റെ കൂടെ കുറച്ചു സമുദായ വോട്ടുകൂടി വന്നാൽ വലിയ ഭുരിപക്ഷത്തോടെയല്ലെങ്കിലും ജയിച്ചുകയറാൻ കഴിയുമെന്ന് സി.പി.എം. കണക്കുകൂട്ടുന്നു. ഇതെല്ലാം കണക്കാണ്. എന്നാൽ ചെറിയ അശ്രദ്ധകൾ കണക്ക് തെറ്റിക്കാനും സാധ്യതയുണ്ട്. എന്നാലും മണ്ഡലത്തിലൊരു മാറ്റം ഉണ്ടാക്കാമെന്ന വിശ്വാസത്തിൽ സി.പി.എം. പരീക്ഷണങ്ങൾ നടത്തുകയാണ്.

പട്ടികയിലെ ആദ്യ പേരുകാരനായ ഷാജി ജോർജിന് ക്രൈസ്തവ സഭാ നേതൃത്വവുമായി അടുത്ത ബന്ധമാണുള്ളത്. ഷാജി ജോർജിലൂടെ മത ന്യൂനപക്ഷങ്ങളിലേക്ക് ഒരു പാലം വലിക്കാൻ കഴിയുമെന്നാണു സി.പി.എം. പ്രതീക്ഷിക്കുന്നത്. ഇനി പാർട്ടി സംസ്ഥാന നേതൃത്വം യേശുദാസ് പറപ്പിള്ളിയെ അംഗീകരിച്ചാലും ഇതുതന്നെയാണു ലക്ഷ്യം.

വരവറിയിക്കാൻ ബി.ജെ.പി.

വലിയ പ്രതീക്ഷയൊന്നുമില്ലെങ്കിലും കൊച്ചിയുടെ ഹൃദയഭാഗത്തെ തിരഞ്ഞെടുപ്പിൽ ശക്തമായ സാന്നിധ്യം തെളിയിക്കാനാണ് ബി.ജെ.പി. ശ്രമം. വോട്ടിൽ ആനുപാതിക വർധന ഉണ്ടാക്കാനും അവർക്ക് കഴിയാറുണ്ട്. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം പി. ശിവശങ്കരൻ, മധ്യമേഖല സെക്രട്ടറി വി. രാജഗോപാൽ, ന്യൂനപക്ഷ മോർച്ച അധ്യക്ഷൻ ജിജി ജോസഫ് തുടങ്ങിയവരുടെ പേരുകളാണ് പട്ടികയിലുള്ളത്.

കൊച്ചി കോർപറേഷനിൽ എറണാകുളം നഗരത്തിലെ രണ്ടു ഡിവിഷനുകളിൽ ബി.ജെ.പി. ജയിച്ചിട്ടുണ്ട്. നഗരത്തിനുള്ളിൽ ബി.ജെ.പി.യുടെ ശക്തമായ സാന്നിധ്യമറിയിക്കാൻ നിയമസഭാ തിരഞ്ഞെടപ്പിലൂടെ കഴിയുമെന്നാണ് പാർട്ടിയുടെ വിശ്വാസം.

മണ്ഡലത്തെ പ്രതിനിധാനം ചെയ്തവർ

1957 എ.എൽ. ജേക്കബ് (കോൺ)

1960 എ.എൽ. ജേക്കബ് (കോൺ)

1965 അലക്സാണ്ടർ പറമ്പിത്തറ (കോൺ)

1967 അലക്സാണ്ടർ പറമ്പിത്തറ (കോൺ)

1970 എ.എൽ. ജേക്കബ് (കോൺ)

1977 എ.എൽ. ജേക്കബ് (കോൺ)

1980 എ.എൽ. ജേക്കബ് (കോൺ)

1982 എ.എൽ. ജേക്കബ് (കോൺ)

1987 എം.കെ. സാനു (ഇടതു സ്വത)

1991 ജോർജ് ഈഡൻ (കോൺ)

1996 ജോർജ് ഈഡൻ (കോൺ)

1998 സെബാസ്റ്റ്യൻ പോൾ (ഇടതു സ്വത)

2001 കെ.വി. തോമസ് (കോൺ)

2006 കെ.വി. തോമസ് (കോൺ)

2009 ഡൊമിനിക് പ്രസന്റേഷൻ (കോൺ)

2011 ഹൈബി ഈഡൻ (കോൺ)

2016 ഹൈബി ഈഡൻ (കോൺ)

2019 ടി.ജെ. വിനോദ് (കോൺ)

എറണാകുളം മണ്ഡലത്തിൽ ഉൾപ്പെട്ട പ്രദേശങ്ങൾ

ചേരാനല്ലർ പഞ്ചായത്ത് (യു.ഡി.എഫ്.)

കൊച്ചി കോർപറേഷനിലെ 21 ഡിവിഷനുകൾ (ഭരണം എൽ.ഡി.എഫിന്)

യു.ഡി.എഫ്. 10

എൽ.ഡി.എഫ്. 9

ബി.ജെ.പി. 2

ആകെ വോട്ട്-159074

പുരുഷന്മാർ-77884

സ്ത്രീകൾ -81186

ട്രാൻസ്ജെൻഡർ-4