കളമശ്ശേരി: കുടിനീരും തെളിനീരുമായിരുന്നു പെരിയാർ. ഏലൂരിൽ വ്യവസായശാലകൾ വന്നതോടെ പെരിയാറിലേക്കു മാലിന്യമൊഴുകാൻ തുടങ്ങി. വ്യവസായങ്ങൾ എടയാറിലേക്കു വ്യാപിച്ചതോടെ മലിനീകരണം കൂടി. ഗാർഹിക, അറവ്, കക്കൂസ് മാലിന്യങ്ങളും പെരിയാറിനെ ജനങ്ങളിൽനിന്നകറ്റി. ഇന്നിപ്പോൾ ശാപവാക്കുകൾ ഏറ്റുവാങ്ങി കിതച്ചൊഴുകയാണ് ഈ മാലിന്യവാഹിനി.

ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ പെരിയാറിനെ മാലിന്യമുക്തമാക്കണമെന്നതിൽ എല്ലാവരും ഒറ്റക്കെട്ടാണ്; പെരിയാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് നദി സംരക്ഷിക്കണമെന്ന കാര്യത്തിലും. ‍എന്നാൽ ഇക്കാര്യങ്ങൾക്ക് ആരും മുന്നിട്ടിറങ്ങുന്നില്ലെന്നു മാത്രം.

ശുചീകരണമെന്ന പേരിൽ ചിലപ്പോഴൊക്കെ ഫ്ലോട്ടിങ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഉപരിതലത്തിലെ പായലും പോളയും പുല്ലുമൊക്കെ നീക്കം ചെയ്യും. ദിവസങ്ങൾ കഴിയുമ്പോൾ പുഴ വീണ്ടും പഴയ പോലാകും. മീനുകൾ ചത്തുപൊങ്ങിക്കിടക്കുന്നതും പുഴയോരങ്ങളിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതും ഇവിടിപ്പോൾ പതിവുകാഴ്ചയാണ്.

ഓരോ തിരഞ്ഞെടുപ്പിലും ജനങ്ങൾ പെരിയാറിനു വേണ്ടി ശബ്ദമുയർത്തും. തിരഞ്ഞെടുപ്പു കഴിയുന്നതോടെ അതു പരിസ്ഥിതിവാദികളുടെ വിലാപമായി മാറും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, ജനപ്രതിനിധികൾ, തദ്ദേശ സ്ഥാപനങ്ങൾ, ജില്ലാ അധികൃതർ, മലിനീകരണ നിയന്ത്രണ ബോർഡ്, ശാസ്ത്രജ്ഞർ, വ്യവസായ സ്ഥാപനങ്ങൾ, ജനങ്ങൾ എന്നിവരെ കൂട്ടിയിണക്കിയാലേ ഈ പ്രശ്നം പരിഹരിക്കാനാകൂ. അതിനുള്ള ശക്തമായ നേതൃത്വമാണ് കളമശ്ശേരിക്കു വേണ്ടത്.

മലിനജലം ശുദ്ധീകരിച്ച്‌ കാനയിലൂടെ ഒഴുക്കണം

ആലുവ കഴിയുന്നതോടെയാണ്‌ പെരിയാറിൽ മലിനീകരണം രൂക്ഷമാകുന്നത്. മലിനീകരണം ഏറ്റവും കൂടുതൽ എടയാർ ഭാഗത്തുനിന്നാണ്. പാതാളം െറഗുലേറ്റർ കം ബ്രിഡ്ജ് മുതൽ കിഴക്കോട്ട് പെരിയാർ അടിത്തട്ടിൽ വരെ രാസമാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ട്. ഇതു നീക്കിയില്ലെങ്കിൽ മുപ്പത്തടം കുടിവെള്ള പ്ലാന്റിലേക്കു വെള്ളമെടുക്കുന്ന ഏലൂക്കരയിലേക്കും അവിടന്ന്‌ മെല്ലെ ആലുവ പമ്പ് ഹൗസിലേക്കും എത്തും. അങ്ങനെയായാൽ കൊച്ചി നഗരത്തിലേക്കുൾപ്പെടെ കുടിവെള്ള വിതരണത്തിനു മറ്റു മാർഗം തേടേണ്ടി വരും. പാതാളം പാലം മുതൽ പാതാളം റഗുലേറ്റർ കം ബ്രിഡ്ജ്‌ വരെ പെരിയാറിൽ എടയാറിന്റെ തീരത്തുകൂടി കാന പണിയുക. എടയാറിൽ പ്രവർത്തിക്കുന്ന കമ്പനികളിൽനിന്ന്‌ പുഴയിലേക്കൊഴുക്കുന്ന മലിനജലം ശുദ്ധീകരിച്ച് റഗുലേറ്റർ കം ബ്രിഡ്ജിന് പടിഞ്ഞാറുഭാഗത്തേക്ക് കാന വഴി ഒഴുക്കിക്കളയണം. ശുദ്ധീകരിച്ച് കാന വഴി ഒഴുക്കിയാൽ മത്സ്യങ്ങൾ ചത്തുപൊങ്ങില്ല.

- ഇട്ടൂപ്പ് മാമ്പിള്ളി, റിട്ടയേർഡ് െഡപ്യൂട്ടി ചീഫ് എൻജിനീയർ.

പെരിയാറിന്റെ രോദനം കേൾക്കണം

കേരളത്തിലെ ഏറ്റവും കൂടുതൽ വ്യാവസായിക മലിനീകരണം നേരിടുന്ന ശുദ്ധജല നദിയാണു പെരിയാർ. മണ്ഡലത്തിലെ കുടിവെള്ളത്തിനും കൃഷിക്കും വ്യവസായത്തിനും പച്ചപ്പിനും പരിഹാരം ഈ നദിയാണ്. എന്നാൽ, മലിനീകരണവും തീര കൈയേറ്റവും അടിത്തട്ടുപൊളിച്ചുള്ള മണൽ വാരലും തടയാനോ ഒഴുക്ക് നിലനിർത്താനോ സംരക്ഷിക്കാനോ ജന പ്രതിനിധികൾക്കും സർക്കാരിനും കഴിയുന്നില്ല.

പാതാളത്തും മഞ്ഞുമ്മലും പുറപ്പിള്ളിക്കാവിലും നിർമിച്ച റെഗുലേറ്റർ കം ബ്രിഡ്ജിന്റെ അശാസ്ത്രീയ നിർമാണം വേനലിൽ മുഴുവൻ മാലിന്യങ്ങളും പുഴയിൽ കെട്ടിക്കിടക്കാനിടയാക്കുന്നു.

വികസനത്തിന്റെ പേരിൽ പെരിയാറിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ കെട്ടിപ്പൊക്കിയത് 18 പാലങ്ങളാണ്. നിർമാണ സമയത്തും പണിതീർന്നിട്ടും അവ പുഴയിലുണ്ടാക്കിയ ഒഴുക്കു തടസ്സങ്ങൾ ചില്ലറയല്ല. ഈ പാലങ്ങളും പുഴയിലേക്കു മാലിന്യം തള്ളുന്നതിനുള്ള എളുപ്പവഴികളായി മാറി.

- ഡോ. സി.എം. ജോയി

വെള്ളക്കെട്ടിന് പരിഹാരം കാണണം

മാലിന്യം അടിഞ്ഞ്‌ ഒഴുക്കുനിലച്ചതിനാലാണ് പെരിയാറിനു സമീപത്തെ ആയിരക്കണക്കിനു വീടുകളിൽ മഴക്കാലത്ത്‌ വെള്ളം കയറി നാശനഷ്ടം ഉണ്ടാകുന്നത്. മാലിന്യം നീക്കി ആഴംകൂട്ടി ഒഴുക്ക്‌ സുഗമമാക്കിയാൽ ഇതിന്‌ ഒരു പരിധി വരെ പരിഹാരമാകും.

പെരിയാർ തീരത്ത് 55 വർഷം മുമ്പ് അധികം വീടുകൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നിപ്പോൾ ആയിരക്കണക്കിനു വീടുകളുണ്ട്. 55 വർഷം മുമ്പത്തെ പ്രളയത്തിൽ വളരെയധികം നാശനഷ്ടങ്ങൾ ഉണ്ടായില്ല. എന്നാൽ കഴിഞ്ഞ പ്രളയത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ വളരെ വലുതാണ്. പ്രളയത്തിൽപ്പെട്ടവർ മാനസികമായും ശാരീരികമായും സാമ്പത്തികമായും ഏറെ കഷ്ടനഷ്ടങ്ങൾ അനുഭവിച്ചു. പെരിയാർ ശുചീകരിച്ചാൽ ഇത്തരത്തിലുള്ള പ്രളയ ദുരിതത്തിൽനിന്നു നാടിനെ രക്ഷിക്കാനാകും.

- എ.എസ്. നാഥ്, ചാർട്ടേഡ് അക്കൗണ്ടൻറ്