അങ്കമാലി : അങ്കമാലിയിൽ 37.25 സെന്റ് സ്ഥലത്ത് പുതിയ കോടതിസമുച്ചയം വരുന്നു. ജലസേചന വകുപ്പിൽനിന്ന് ലഭിച്ച സ്ഥലത്താണ് കോടതിസമുച്ചയം പണി കഴിപ്പിക്കുന്നത്. പ്രാരംഭനടപടികളുടെ ഭാഗമായി താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ സ്ഥലം അളന്നുതിരിച്ച്

സർവേക്കല്ലുകൾ സ്ഥാപിച്ചു. എത്രയുംവേഗം പുതിയ കെട്ടിടംപണിത് അങ്കമാലി കോടതി വാടകക്കെട്ടിടത്തിൽ നിന്നു മാറ്റി സ്ഥാപിക്കുമെന്ന് റോജി എം. ജോൺ എം.എൽ.എ. പറഞ്ഞു. എം.എൽ.എ.യുടെ ശ്രമഫലമായാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സ്ഥലം നിയമവകുപ്പിന് കൈമാറിക്കിട്ടിയത്. കുടുംബ കോടതി, മുൻസിഫ് കോടതി ഉൾപ്പെടെ കൂടുതൽ കോടതികൾ അനുവദിച്ച് കിട്ടുന്നതിനും നടപടികൾ സ്വീകരിക്കും. റോജി എം. ജോൺ എം.എൽ.എ., ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷാജി, ജനറൽ സെക്രട്ടറി അഡ്വ. സാജി ജോസഫ്, ഭാരവാഹികളായ അഡ്വ. എം.പി. ഇട്ടിയച്ചൻ, അഡ്വ. ജെറി വർഗീസ്, നഗരസഭാ കൗൺസിലർ കെ.പി. പോൾ ജോവർ, അങ്കമാലി കോടതി ജൂനിയർ സൂപ്രണ്ട് പി.എസ്. രമാദേവി, എൻ.പി. രാജീവ്, പൊതുമരാമത്ത് വകുപ്പ് എൻജിനീയർ സജയ് ഘോഷ്, താലൂക്ക് സർവേയർ അഷറഫ്, ഷെൽസി ജിൻസൺ എന്നിവർ പങ്കെടുത്തു.