അങ്കമാലി: അതുവരെ നാട്ടിൽ സജീവമല്ലാത്ത ഒരാൾ ഒരു സുപ്രഭാതത്തിൽ സ്ഥാനാർഥിയായി രംഗപ്രവേശം ചെയ്യുന്നതിനോട് യോജിപ്പില്ല. നാടും നാടിന്റെ പ്രശ്നങ്ങളും അറിയാവുന്നവരെ വേണം തിരഞ്ഞെടുക്കാൻ. പ്രളയം വന്നപ്പോഴും മഹാമാരി എത്തിയപ്പോഴും ജനങ്ങളുടെ ദുരിതം കണ്ടറിഞ്ഞ് പ്രവർത്തനത്തിനിറങ്ങിയവർ മത്സരിക്കുന്നുണ്ടെങ്കിൽ അവരെ വിജയിപ്പിക്കണം. കാരണം, അവർ തിരഞ്ഞെടുപ്പു കഴിഞ്ഞാലും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ നിസ്വാർഥ സേവകരായിരിക്കണം. തനിക്ക് എന്തു കിട്ടും എന്നുനോക്കി പ്രവർത്തിക്കുന്നവരെ തുടർന്നുള്ള തിരഞ്ഞെടുപ്പിലെങ്കിലും പരാജയപ്പെടുത്തണം.
അങ്കമാലി ടി.ബി. ജങ്ഷനിലെ ഓട്ടോ ഡ്രൈവറായ എനിക്ക് നഗരസഭയിൽ അഞ്ചാം വാർഡിലാണ് വോട്ട്. വോട്ട് ഇക്കുറിയും പാഴാക്കില്ല. ഓട്ടോറിക്ഷ തൊഴിലാളികൾ ഇപ്പോൾ വലിയ ദുരിതത്തിലാണ്. 1000-1500 രൂപയ്ക്ക് നിത്യേന ഓടിയിരുന്ന തൊഴിലാളികൾക്ക് ഇപ്പോൾ ലഭിക്കുന്നത് വെറും 400-500 രൂപയുടെ ഓട്ടമാണ്. ചില ദിവസങ്ങളിൽ ചായക്കാശു പോലും കിട്ടാത്തവരുണ്ട്. പലരും മറ്റു തൊഴിലുകളിൽ ഏർപ്പെട്ടാണ് കുടുംബം പോറ്റുന്നത്. സർക്കാർ കിറ്റ് നൽകിയതുകൊണ്ടു മാത്രം ജീവിതപ്രശ്നങ്ങൾ തീരുന്നില്ല. ഓരോ മേഖലയുടെയും ഉന്നമനത്തിനായി പാക്കേജുകൾ നടപ്പാക്കണം.
- സിജു പുളിക്കൽ
അങ്കമാലിയിലെ ഓട്ടോ ഡ്രൈവർ.