കൊച്ചി: മുന്നണികൾ രണ്ടും കിഴക്കോട്ടു നോക്കി ഇരിപ്പാണ്. ജില്ലയുടെ രാഷ്ട്രീയഗതി നിർണയിക്കുന്നത് കിഴക്കൻകാറ്റ് ആയിരിക്കുമെന്ന് നേതാക്കൾ പറയുന്നു. അത് ആർക്ക് അനുകൂലമാകും എന്നാണറിയേണ്ടത്.
ജില്ലാ പഞ്ചായത്തിൽ വലിയ വോട്ടിന്റെയോ സീറ്റിന്റെയോ ഭൂരിപക്ഷത്തിലല്ല, യു.ഡി.എഫ്. ഭരണം പൂർത്തിയാക്കിയത്. ഭരണം അവസാനിക്കുമ്പോൾ ഒരു സീറ്റിന്റെ വ്യത്യാസമാണ് ഇരു മുന്നണികളും തമ്മിൽ ഉണ്ടായിരുന്നത്.
കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ് ജില്ലാ പഞ്ചായത്ത് ഭരണം. ഇക്കുറി അതെങ്ങോട്ടു വീഴുമെന്നത്, കേരള കോൺഗ്രസ് വോട്ടുകളുടെ വിഭജനത്തെ ആശ്രയിച്ചാകുമെന്നാണ് കണക്കുകൂട്ടൽ. കേരള കോൺഗ്രസ്-എമ്മിന്റെ ശക്തമായ ഘടകം ഒപ്പമുണ്ടെന്ന ധൈര്യത്തിലാണ് രണ്ടു മുന്നണികളും.
ജില്ലാ പഞ്ചായത്ത് സീറ്റു ചർച്ചകളിൽ ജോസിനെയും ജോസഫിനെയും പിണക്കാതിരിക്കാൻ ഇരു വിഭാഗങ്ങളും പ്രത്യേകം ശ്രദ്ധിച്ചു. രണ്ടു സീറ്റുകൾ വീതം ഇരു വിഭാഗവും വേഗം കൊടുത്തു. അതിനുവേണ്ടി മറ്റു ഘടക കക്ഷികളോട് പിണങ്ങാനും തയ്യാറായി.
‘ന്യൂനമർദം’ ശക്തമാകുമോ?
ജില്ലയുടെ പൊതുവായ ഘടന അനുകൂലമാണെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. നിയമസഭ-ലോക്‌സഭ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് അവരിതു പറയുന്നത്. പ്രാദേശിക തിരഞ്ഞെടുപ്പിലേക്കു വരുമ്പോൾ ആ ‘ന്യൂനമർദം’ കൂടുതൽ ശക്തിപ്രാപിക്കുമെന്ന വിശ്വാസത്തിലാണ് മുന്നണി. എന്നാൽ, കോൺഗ്രസിനകത്തെ പടലപ്പിണക്കങ്ങൾ വിധിയെ ബാധിച്ചേക്കാമെന്ന് കണക്കുകൂട്ടുന്ന നേതാക്കളുമുണ്ട്.
അധികാരം ഉറപ്പായതിനാൽ, ജില്ലാ പഞ്ചായത്ത് ‘എ’ ഗ്രൂപ്പിനും കൊച്ചി കോർപ്പറേഷൻ ‘ഐ’ ഗ്രൂപ്പിനും എന്ന അലിഖിത ധാരണ ഉണ്ടാക്കാൻ ഇരു ഗ്രൂപ്പുകളിലേയും ചില മുതിർന്ന നേതാക്കൾ ഒരുക്കം തുടങ്ങിയിരുന്നു. എന്നാൽ, യുവ പോരാളികൾ അതിനെ തകിടംമറിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് എ വിഭാഗം ഉയർത്തിയ കെ.പി.സി.സി. ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബിന് സ്ഥാനാർഥിത്വം പോലും കിട്ടാത്ത സ്ഥിതി വന്നു. ഇത് എ വിഭാഗത്തിന് മുറിവുകളുണ്ടാക്കി. അത് ആലുവ, നെടുമ്പാശ്ശേരി മേഖലകളിൽ പ്രതിഫലിച്ചേക്കാം. ഭൂരിപക്ഷം നേടിയ ശേഷം പ്രസിഡന്റിനെ തിരഞ്ഞെടുക്കാമെന്നാണ് കോൺഗ്രസ് കരുതുന്നത്.
രണ്ടു തവണയായി ജില്ല ഭരിക്കുന്നത് യു.ഡി.എഫാണ്. ഇക്കുറിയും അത് സാധിക്കുമെന്ന ആത്മവിശ്വാസവുമുണ്ട്. കഴിഞ്ഞ ഭരണകാലത്ത് രണ്ട് സീറ്റ് കേരള കോൺഗ്രസ് എമ്മിനായിരുന്നു. പാർട്ടി രണ്ടാവുകയും ജോസ് വിഭാഗം എൽ.ഡി.എഫിൽ എത്തുകയും ചെയ്തതിനാൽ, കിഴക്കൻ മേഖലയിൽ വോട്ടുചോർച്ച ഉണ്ടാകുമോ എന്നാണ് അറിയാനുള്ളത്. ജോസഫ് ഗ്രൂപ്പാണ് ജില്ലയിൽ പ്രബലം എന്നാണ് യു.ഡി.എഫ്. നേതാക്കളുടെ വിലയിരുത്തൽ.
ബോണസാണ് ജോസ്
ഇടതുമുന്നണിയും കിഴക്കൻകാറ്റിനെ ആശ്രയിച്ചാണ് കണക്കുകൂട്ടുന്നത്. മുന്നണിയെ സംബന്ധിച്ചിടത്തോളം ജോസിന്റെ വരവ് ബോണസാണ്. കിഴക്കൻ മേഖലയിൽ ജോസിന്റെ പിൻബലവും വടക്കൻ മേഖലയിലും തീര മേഖലയിലും മുന്നണിയുടെ പിൻബലവും കൂടിയാവുമ്പോൾ ഭരണത്തിൽ തിരിച്ചെത്താൻ കഴിയുമെന്നാണ് നേതാക്കൾ പ്രതീക്ഷിക്കുന്നത്.
ഇടതുമുന്നണിയിൽ മാറ്റം ഉണ്ടാക്കേണ്ടത് ജോസിനെ സംബന്ധിച്ച് അനിവാര്യമാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ സീറ്റിനായി അവകാശവാദം ഉന്നയിക്കണമെങ്കിൽ അവർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ നല്ല ട്രാക് റെക്കോഡ് ഉണ്ടാക്കണം.
നീറുന്ന പ്രശ്നങ്ങൾ
എൻ.ഡി.എ.യ്ക്ക് ജില്ലാ പഞ്ചായത്ത് വാർഡിൽ എവിടെയെങ്കിലും ജയിച്ചുകയറുക എന്നത് സ്വപ്നം മാത്രമാണെന്ന് നേതാക്കൾക്കും അറിയാം. ഏതെങ്കിലും ഡിവിഷനിൽ ജയിക്കാനുള്ള ഭൂരിപക്ഷം ഉള്ളതായി നേതാക്കൾ അവകാശപ്പെടുന്നുമില്ല. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് സി.പി.എമ്മിനും കോൺഗ്രസിനും എതിരേ പ്രചാരണത്തിനുള്ള അവസരമായാണ് അവർ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ കാണുന്നത്.
സീറ്റ് വിഭജനത്തിൽ ചില ഘടക കക്ഷികളുമായി ധാരണയിലെത്താനാവാത്തതും കൂട്ടുകക്ഷികൾ ദുർബലരായ സ്ഥാനാർഥികളെ ഇറക്കിയിരിക്കുന്നതുമെല്ലാം എൻ.ഡി.എ.യ്ക്ക് അകത്തുള്ള ’നീറുന്ന’ പ്രശ്നങ്ങളാണ്.