പറവൂർ: വോട്ടർമാരെ മാത്രമല്ല ഈ സ്ഥാനാർഥി വീടുകളിലെത്തി കാണുന്നത്, വീട്ടുകാരുടെ അരുമകളെയും കാണും. പരിശോധിക്കും. പരിശോധനയ്ക്കു ശേഷം മരുന്നിന്റെ കുറിപ്പടിയും നൽകും. പോകാൻ തുടങ്ങുമ്പോൾ ഒരഭ്യർഥന കൂടി: ‘മറക്കല്ലേ, എന്റെ ചിഹ്നം സ്റ്റെതസ്കോപ്പ് ആണ്’.
ചേന്ദമംഗലം 13-ാം വാർഡ് മനക്കോടത്തെ സ്വതന്ത്ര സ്ഥാനാർഥിയാണ് മൃഗഡോക്ടർ കെ.എ. ജോയ് കുരിശിങ്കൽ. വാർഡിലാകെ അഞ്ചു സ്ഥാനാർഥികളുണ്ട്. രാവിലെ എട്ടര മുതൽ ഉച്ച വരെയും വൈകീട്ട് നാലിനു ശേഷവും വീടുകളിലെത്തി ഡോക്ടർ വോട്ടർമാരെ കാണും. സ്റ്റെതസ്കോപ്പ് സ്ഥിരമായി കഴുത്തിലണിയാൻ സ്ഥാനാർഥി മറക്കാറില്ല. വാർഡിൽ ഏതെങ്കിലും വളർത്തുമൃഗങ്ങളില്ലാത്ത വീടുകളില്ല. സ്ഥാനാർഥിയുടെ ക്ഷേമാന്വേഷണവും ഇവയെ കേന്ദ്രീകരിച്ചാണ്.
ഡോ. ജോയ് 27 വർഷം ഗവ. മൃഗസംരക്ഷണ വകുപ്പിൽ ഡോക്ടറായിരുന്നു. 2019 ജൂണിൽ ഇടപ്പള്ളി വെറ്ററിനറി ആശുപത്രിയിൽനിന്ന് വിരമിച്ചു. ഭാര്യ ഇതേ വകുപ്പിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസറാണ്.