ചെല്ലാനം : “ഞങ്ങളുടെ വീടുകളിൽ ചെളി നിറഞ്ഞിരിക്കുകയാണ്. വാതിലുകളുടെ പൂട്ടുകളിൽ ചെളിനിറഞ്ഞു. ഇനി വെട്ടിപ്പൊളിക്കേണ്ടി വരും വീട്ടിൽ കയറണമെങ്കിൽ. വീടുകളിലെ പാത്രങ്ങളും സിലിൻഡറും വരെ ഒഴുകിപ്പോയി. ഇനിയെല്ലാം ആദ്യമേതൊട്ട്‌ ഉണ്ടാക്കണം”

- കൃത്യം മൂന്നുവർഷം മുമ്പ് ചെല്ലാനം സെയ്ൻറ് മേരീസ് സ്കൂളിലൊരുക്കിയ ദുരിതാശ്വാസ ക്യാമ്പിലിരുന്ന്‌ മറിയാമ്മ എന്ന ചെല്ലാനംകാരി പറഞ്ഞ വാക്കുകളാണിത്.

മൂന്നു വർഷത്തിനിപ്പുറം, അന്ന്‌ കടൽ കലിതുള്ളിയെത്തിയ ബസാർ തീരത്ത്‌ നിൽക്കുമ്പോൾ, ലൂയിസെന്ന മത്സ്യത്തൊഴിലാളിയുടെ വാക്കുകളിലും കാര്യമായ വ്യത്യാസമില്ല: “ഭൂമിയുണ്ടായിട്ടല്ലേ വോട്ടും തിരഞ്ഞെടുപ്പുമൊക്കെ”.

തീരം തൊട്ടുനിൽക്കുന്ന ലൂയിസിന്റെ വീടിനു ചുറ്റും മണൽക്കൂനകളാണ്. തീര സംരക്ഷണത്തിനു കെട്ടിയ കടൽഭിത്തിയുടെ കല്ലുകളും മണൽച്ചാക്കുകളും തീരയിൽപ്പെട്ട് വീട്ടുമുറ്റത്തു നിരന്നുകിടക്കുന്നു. ഓരോ കടലേറ്റവും ബസാറിലെ തീരത്തെ വീടുകളിൽ കൊണ്ടിടുന്നതു മണൽക്കൂനകളാണ്. ബസാറിലൂടെ ഒഴുകുന്ന ഉപ്പത്തുംതോടിന്റെ ഒരു ഭാഗം തീർത്തും മൂടിപ്പോയി. മറ്റൊരു ഭാഗത്ത്‌ ഒഴുക്കു നിലച്ചു.

ഓരോ ന്യൂനമർദവും ചെല്ലാനംകാരുടെ മനസ്സിൽ അതിസമ്മർദത്തിന്റെ വാതിൽ തുറക്കും. ഉറങ്ങാൻപോലുമാകാതെ അവർ തിരകളുടെ ശബ്ദവ്യത്യാസമളക്കും. ജീവിതം തന്ന കടൽതന്നെ എല്ലാം തിരിച്ചെടുക്കുമോയെന്ന ഭയമാണ് മനസ്സുനിറയെ.

ചെല്ലാനംകാർക്ക് ഉറക്കം നഷ്ടമായിട്ട്‌ മൂന്നു വർഷമായി. കൃത്യം പറഞ്ഞാൽ, 2017 നവംബർ 29 മുതൽ. ഒപ്പമുണ്ടായിരുന്ന രണ്ടു പേരെയാണ് അന്ന്‌ ചെല്ലാനത്തിന്‌ നഷ്ടമായത്.

‘ഓഖി’യെന്ന ചുഴലിക്കാറ്റാണ് അവരുടെ ജീവിതം കടപുഴക്കിയത്. ദുരിതാശ്വാസ ക്യാമ്പിലും മറ്റുമായി തള്ളിനീക്കിയ ദിനങ്ങൾക്കൊടുവിൽ, വീട്ടിലേക്ക്‌ തിരിച്ചുവന്ന അവരെ കാത്തിരുന്നത് മണൽക്കൂനകളായിരുന്നു... കടൽ കൊണ്ടുെവച്ച മണൽക്കൂനകൾ. ഒട്ടേറെ വീടുകൾ വാസയോഗ്യമല്ലാതായി. പലതും മണ്ണിൽ മൂടിപ്പോയി. ശേഷിച്ചവരാകട്ടെ, ഇന്നും പേടിയോടെ തിരയളന്ന്‌ ജീവിക്കുന്നു. കാളിപ്പറമ്പിൽ റെക്സന്റെ ജീവനറ്റ ശരീരം വീട്ടുമുറ്റത്തെ ചെളിവെള്ളത്തിലാണ് കിടന്നത്. അന്നത്തെ നടുക്കം ഇനിയും മാറിയിട്ടില്ല.

‘അരിയും പയറും വേണ്ട, ഞങ്ങൾക്ക്‌ കടൽഭിത്തി മതി’ എന്ന മുദ്രാവാക്യമാണ്‌ ചെല്ലാനംകാർ ഉയർത്തുന്നത്. എന്നാൽ ഓഖി ദുരന്തമുണ്ടായതിനു പിന്നാലെ തീരത്തേക്ക്‌ ഓടിയെത്തിയ അധികൃതരൊന്നും ഇപ്പോൾ ആ ഭാഗത്തേക്കു വരുന്നില്ല. ഇപ്പോൾ, ഉദ്യോഗസ്ഥരെത്തുന്നത് തീരവാസികളെ അവിടെ നിന്ന്‌ കുടിയിറക്കാനുള്ള നീക്കവുമായാണ്. തീരത്തുനിന്ന്‌ 50 മീറ്റർ വരെയുള്ളവരെ പുനരധിവസിപ്പിക്കാനുള്ള നീക്കം ശക്തമാണ്.

“പലരെയും കൊണ്ട് വെള്ളക്കടലാസിൽ ഒപ്പിടീച്ചു. ഇവിടെ വന്ന്‌ എന്നെക്കൊണ്ടും ഒരു ബുക്കിൽ ഒപ്പിടീപ്പിച്ചു. ഇവിടന്ന്‌ മാറില്ലെന്നാണ് ഞാനവരോടു പറഞ്ഞത്. എന്നാൽ, അവരതൊന്നും കേട്ടില്ല” - ലൂയിസ് പറയുന്നു.

‘അതിർത്തി സംരക്ഷിക്കാനുള്ള വ്യഗ്രത എന്തുകൊണ്ട്‌ തീര സംരക്ഷണത്തിന്‌ ഇല്ല’ എന്ന ചോദ്യമാണ് ജോസഫ് അറയ്ക്കൽ ഉന്നയിക്കുന്നത്. “ഇതും നമ്മുടെ അതിർത്തിയല്ലേ? 1.07 കിലോമീറ്റർ വീതിയിൽ 17.5 കിലോമീറ്റർ നീളത്തിൽ കര കടലെടുത്തു. എത്രായിരം ഏക്കർ ഭൂമിയാണു പോയത്” - അദ്ദേഹം പറയുന്നു. ‘‘തിരയുരുമ്മി ഉരുളക്കിഴങ്ങു പോലെയായിട്ടുണ്ട് കടൽഭിത്തിയിലെ കല്ലുകൾ. തിരയൊന്നാഞ്ഞടിച്ചാൽ കല്ലുകളുരുണ്ടു വീട്ടിലെത്തും’’.

ജോസഫ് അറയ്ക്കൽ തിരഞ്ഞെടുപ്പു വരെ നിരാഹാര സമരത്തിലാണ്. കടലേറ്റം പരിഹരിക്കാൻ പുലിമുട്ടും ബലമുള്ള കടൽഭിത്തിയും പോലുള്ള ശാശ്വത പരിഹാരം നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം.

ഐതിഹാസികമായ മറ്റൊരു സമരവും ചെല്ലാനത്ത്‌ നടക്കുന്നുണ്ട്; ചെല്ലാനം-കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തിൽ. മുമ്പു രണ്ട്‌ സമരപ്പന്തലുകളിലായിരുന്നു സമരം. കോവിഡ് വന്ന ശേഷം ഓരോ യൂണിറ്റിൽനിന്ന് ഒരാളെന്ന നിലയിൽ നിരാഹാര സമരം തുടരുന്നു. വ്യാഴാഴ്ച സമരം 402-ാം ദിവസത്തിലെത്തും.

‘കുടിയൊഴിപ്പിക്കലും പുനരധിവാസവുമല്ല, തീരസുരക്ഷയാണ് വേണ്ടത്‌’ എന്ന് സമരക്കാർ പറയുന്നു. തിര കരയിലേക്ക്‌ തള്ളുന്ന കല്ലുകൾ പെറുക്കി കടലിലിട്ടതുകൊണ്ടോ മണൽ നിറച്ച ബാഗുകളും ജിയോ ട്യൂബുകളും നിരത്തിയതുകൊണ്ടോ കടലാക്രമണം തടയാനാവില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

“പുലിമുട്ടുകളും ഉറപ്പുള്ള കടൽഭിത്തികളും വേണം. അതെവിടെ സ്ഥാപിക്കണമെന്നതിന്‌ തീരത്തുള്ളവരുടെ പരിചയസമ്പത്ത്‌ കൂടി കണക്കിലെടുക്കണം” - ജോസഫ് അറയ്ക്കൽ പറഞ്ഞു.

കടലിലുള്ള വിശ്വാസംപോലെ രാഷ്ട്രീയക്കാരിലുള്ള വിശ്വാസവും ഈ തീരവാസികളിൽനിന്ന് അതിവേഗം തിരയിറങ്ങുകയാണ്. ഇക്കുറി തിരഞ്ഞെടുപ്പിലുയർന്നുവന്ന ട്വന്റി-20 ചെല്ലാനം എന്ന കൂട്ടായ്മ തന്നെ അതിനു തെളിവ്. 21 വാർഡിലും കൂട്ടായ്മയുടെ സ്ഥാനാർഥികളുണ്ട്.

“മീൻകെട്ടു കേന്ദ്രങ്ങളിൽനിന്നും ചാലുകളിൽനിന്നും വൻതോതിൽ വരുമാനമുള്ള പഞ്ചായത്താണിത്. ആ പണമെല്ലാം തീര സംരക്ഷണത്തിനു വേണ്ടി ചെലവാക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം” - ട്വന്റി-20 യുടെ 13-ാം വാർഡ്‌ സ്ഥാനാർഥി ജോഷ്മി പറയുന്നു.

ഉരുളൻകല്ലുകൾക്കു മീതെ കൂടി പ്രവർത്തകയുടെ കൈപിടിച്ചു നടക്കവെ, ജോഷ്മി ഒന്നുകൂടി പറഞ്ഞു: ‘ചെല്ലാനത്തിന്‌ സഹിച്ചുമടുത്തു’ എന്ന്. ആ പെൺകുട്ടിയുടെ ഉറച്ച ശബ്ദം അത്‌ വെളിപ്പെടുത്തുന്നു.