തുറവൂർ : തിരഞ്ഞെടുപ്പു പ്രചാരണത്തിൽ മുന്നിലെത്താൻ മുന്നണികൾ തമ്മിൽ നടക്കുന്നതിനേക്കാൾ കടുത്തമത്സരമാണ് അരൂർ മണ്ഡലത്തിലെ സ്ത്രീകൾ തമ്മിലുള്ളത്. മുന്നണികളുടെ മത്സരസ്ഥലം പൊതുവിടങ്ങളാണെങ്കിൽ ഇവരുടേത് ചെമ്മീൻ പീലിങ് ഷെഡ്ഡുകളാണെന്നു മാത്രം. ഇവരുടെ മത്സരമാകട്ടെ ജീവിതത്തിൽ തോൽക്കാതിരിക്കാനും.

ഒരു ടോക്കൺ ചെമ്മീൻപൊളിച്ചാൽ 17 രൂപയാണ് കൂലിയായി കിട്ടുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ചെമ്മീനിന്റെ വരവുകുറഞ്ഞതോടെ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസംമാത്രമാണ് പണികിട്ടുന്നത്. കൂടുതൽ ചെമ്മീൻ പൊളിച്ചുനൽകിയാൽ കൂടുതൽ പണംകിട്ടും. വോട്ടവകാശമുണ്ടെങ്കിലും കുടുംബംപുലർത്താൻ തങ്ങൾ നടത്തുന്ന മത്സരത്തേക്കാൾ വലുതല്ല മുന്നണികൾ തമ്മിലുള്ള മത്സരമെന്നാണ് തൊഴിലാളികൾ പറയുന്നത്. എങ്കിലും തങ്ങളെക്കാണാൻ ഷെഡ്ഡുകളിൽ എത്തുന്ന സ്ഥാനാർഥികൾക്ക് വിജയാശംസകൾ നേരാനും ഇവർക്കുമടിയില്ല. മണ്ഡലത്തിൽ 400 പീലിങ് ഷെഡ്ഡുകളിലായി ആയിരക്കണക്കിനു തൊഴിലാളികളാണ് ജോലിചെയ്യുന്നത്. തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിൽനിന്നുള്ള ചെമ്മീനിന്റെ വരവ്‌ പൂർണമായിനിലച്ചതും ഇവരെ ആശങ്കയിലാക്കിയിട്ടുണ്ട്. വല്ലപ്പോഴും ആന്ധ്രയിൽ നിന്നെത്തുന്ന പൂവാലൻ ചെമ്മീനാണ് എകാശ്വാസം.

രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥാപനങ്ങൾ ഇടക്കിടെ അടച്ചിടേണ്ടിവരുന്നതും മുടങ്ങാതെ സ്ഥാപനങ്ങളിൽ എത്തിച്ചേരാനാകാത്തതും തൊഴിലാളികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ദുരിതത്തിലായ പീലിങ് തൊഴിലാളികൾക്ക് പ്രത്യേകപാക്കേജ് അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.