കൊച്ചി : നിന്നുതിരിയാൻ നേരമില്ല. പറയുമ്പോൾ ‘ഠ’ വട്ടത്തിലെ വാർഡുകളാണെങ്കിലും വോട്ടർമാരെ കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ലെന്ന അവസ്ഥയിലാണ് സ്ഥാനാർഥികൾ. ഇതിനകം മൂന്നും നാലും തവണ ഗൃഹസന്ദർശനം പൂർത്തിയാക്കിയവരുണ്ട്. ജനവിധിക്ക് ഇനി ഒരാഴ്ചകൂടി മാത്രം. പ്രചാരണം ലാസ്റ്റ് റൗണ്ടിലേക്ക്‌ കടക്കുമ്പോൾ സർവശക്തിയും പുറത്തെടുത്തുള്ള പടയോട്ടമാണ് നടക്കുന്നത്.

ഇളക്കിമറിച്ചുള്ള പദയാത്രകളാണ് ആട്ടക്കലാശത്തിൽ പ്രധാന ഇനം. എന്നാൽ വിലങ്ങുതടിയായി കോവിഡ് നിയന്ത്രണങ്ങൾ നിൽക്കുന്നത്‌ എല്ലാവരേയും വലയ്ക്കുന്നു.

പോസ്റ്റർ വിപ്ലവമാണ് ഇക്കുറി പ്രചാരണത്തിലെ പ്രധാന ആകർഷണ കേന്ദ്രം. പൊതു പ്രചരണത്തിന്‌ നിയന്ത്രണങ്ങൾ വന്നതോടെ ആ കേടുകൂടി പോസ്റ്ററിലൂടെ തീർത്തു.

മുമ്പ് പോസ്റ്ററടിക്കാൻ തമിഴ്‌നാട്ടിലേക്ക്‌ വണ്ടി പിടിക്കണമായിരുന്നു. അടിച്ചുകിട്ടാനും താമസം. അതിന് ഇടനിലാക്കാരെ ആശ്രയിക്കണം. ഇപ്പോൾ എല്ലാം ഇവിടത്തന്നെ നടക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ അഞ്ചു സെറ്റ്‌ പോസ്റ്ററുകൾവരെ അടിച്ചവരുണ്ട്. വ്യത്യസ്തമായ പോസ്റ്റർ തയ്യാറാക്കുന്നതിനുള്ള മത്സരവും മുന്നണികൾ തമ്മിലുണ്ട്. പോസ്റ്ററിലെ പുതുമ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നു.

മുമ്പ്‌ സ്വതന്ത്രർ ഒറ്റ പോസ്റ്ററിൽ അവസാനിപ്പിക്കുമായിരുന്നു. എന്നാൽ, പലയിടത്തും പോസ്റ്റർ പോരാട്ടത്തിൽ അവരിപ്പോൾ മുന്നണി സ്ഥാനാർഥികളുമായി മത്സരത്തിലാണ്. നാട്ടിൻപുറങ്ങളിലെ ചുവരുകളെല്ലാം തിരഞ്ഞെടുപ്പു കഴിഞ്ഞാൽ വൃത്തിയാക്കിയെടുക്കാൻ ഉടമസ്ഥർ പാടുപെടേണ്ടിവരും. ഒരിഞ്ചുപോലും വിടാതെ പോസ്റ്ററുകൾ പതിച്ച സ്ഥലങ്ങളുണ്ട്. പോസ്റ്ററൊട്ടിക്കാൻ പ്രത്യേകിച്ച് അനുമതിയൊന്നും തേടുന്നില്ല. ആദ്യം ഒരാൾ ഒട്ടിക്കും, പിന്നാലെ മറ്റുള്ളവരെല്ലാം കൂടി കൈയേറും. എല്ലാവരും ഒന്നിച്ചാവുമ്പോൾ പിന്നെ ആരുടെ പേരിലും കുറ്റമില്ല. സ്ഥാനാർഥികൾ പരിചയക്കാരായതിനാൽ പരാതിയുമായി പോകാനാരും മിനക്കെടുന്നില്ല.

സ്ക്വാഡ് പ്രവർത്തനത്തിനാണ്‌ മുന്നണികൾ പ്രാമുഖ്യം നൽകിയിട്ടുള്ളത്. അമ്പത്‌ വീടിന് ഒരാളെന്നും ഇരുപത്‌ വീടിന് ഒരു സ്ക്വാഡെന്നുമൊക്കെ തിരിച്ചാണ്‌ പ്രവർത്തനങ്ങൾ.

സി.പി.എം. പരമ്പരാഗത ശൈലിയിൽ ചിട്ടയായ പ്രവർത്തനങ്ങളുമായി മുന്നോട്ടുനീങ്ങുന്നു. ഉറച്ച വോട്ടുകൾ, സ്ഥലത്തില്ലാത്തവ, കോവിഡ് വോട്ട്, ക്വാറന്റീൻ വോട്ട്, തപാൽ വോട്ട് എല്ലാം ഇനംതിരിച്ച് നോട്ടുബുക്കുകളിലായിക്കഴിഞ്ഞു. പുറമെയുള്ളവരെ പോളിങ് ബൂത്തിലേക്ക്‌ എത്തിക്കുന്നതിനുള്ള അവസാനവട്ട ചർച്ചകളും തകൃതിയാണ്.

ലാസ്റ്റ് റൗണ്ടിൽ ഇറക്കേണ്ട ക്യാപ്‌സ്യൂളുകളെക്കുറിച്ച് ‘വാർറൂമു’കളിൽ യുവരക്തങ്ങൾ തലപുകയുകയാണ്. സ്ഥാനാർഥിയെ മനസ്സിൽനിന്ന്‌ മായാത്ത വിധത്തിൽ പുതുമയോടെ അവതരിപ്പിക്കുന്നതിനാണ് ആലോചനകൾ. അവസാന നിമിഷം പൊട്ടിക്കേണ്ട ബോംബിനെക്കുറിച്ചും തലപുകയുന്നുണ്ട്. അഴിമതിക്കഥകളും ആക്ഷേപങ്ങളും പഴയ കേസുകളുമെല്ലാം പൊടിതട്ടിയെടുക്കുന്നുമുണ്ട്.

പതിവായുള്ള കൊട്ടിക്കലാശത്തിന്‌ ഇക്കുറി വിലക്കുണ്ട്. ഒരു പരിധിവിട്ട്‌ പ്രവർത്തകർക്ക് അണിനിരക്കാൻ പറ്റില്ല. എന്നാലും പ്രചാരണത്തിന്റെ കലാശം ആടിത്തകർക്കാനുള്ള അണിയറ നീക്കങ്ങളാണ് നടക്കുന്നത്.