കോലഞ്ചേരി: ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിൽ കുന്നത്തുനാട് പത്ത്‌ വർഷത്തിനു ശേഷം എൽ.ഡി.എഫ്. തിരിച്ചുപിടിച്ചു. ഇടതു-വലതു മുന്നണികൾക്കൊപ്പം ട്വന്റി 20-യും ശക്തമായി പോരാടിയ ത്രികോണ മത്സരത്തിൽ 2815 വോട്ടുകൾക്കാണ് സി.പി.എം. സ്ഥാനാർഥി പി.വി. ശ്രീനിജിൻ വിജയം ചൂടിയത്.

ആദ്യ റൗണ്ടിൽ വാഴക്കുളം പഞ്ചായത്തിൽനിന്നാണ് എണ്ണിത്തുടങ്ങിയത്. യു.ഡി.എഫ്. ഭരിക്കുന്ന വാഴക്കുളത്ത് 300-ൽ താഴെ മാത്രം ലീഡ്‌ നേടിയത് അവരുടെ വീഴ്ചയുടെ തുടക്കമായി. എൽ.ഡി.എഫ്. രണ്ടാം സ്ഥാനത്തും ട്വന്റി-20 ഇവിടെ മൂന്നാം സ്ഥാനത്തേക്കും പോയി. രണ്ടാം റൗണ്ടിൽ മഴുവന്നൂർ എൽ.ഡി.എഫിനെ തുണച്ചു. ട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തായിട്ടും ശ്രീനിജൻ 321 വോട്ടിനു മുന്നിലേക്കെത്തി. മൂന്നാം റൗണ്ടിൽ എൽ.ഡി.എഫ്. മുൻതൂക്കം 1182 വോട്ടുകളുടേതായി. അഞ്ചാം റൗണ്ടിലേക്കു കടന്നപ്പോഴും എൽ.ഡി.എഫിന്‌ ലീഡ് 1813-ലേക്ക് ഉയർത്താനെ കഴിഞ്ഞുള്ളൂ.

കിഴക്കമ്പലത്തേക്കു കടന്നതോടെ എൽ.ഡി.എഫിന്റെ ലീഡ് കുറഞ്ഞെങ്കിലും പ്രതീക്ഷിച്ച പോലെ ട്വന്റി 20-ക്ക് മുന്നേറാനായില്ല. സ്വന്തം തട്ടകത്തിലും ട്വന്റി 20-ക്കു പിടിച്ചുനിൽക്കാനായില്ല. കിഴക്കമ്പലത്തുനിന്ന്‌ 10,000 വോട്ടാണ് ട്വന്റി 20-ക്കു കിട്ടിയത്. കിഴക്കമ്പലത്ത് ട്വന്റി-20 രണ്ടാം സ്ഥാനത്തെത്തിയെങ്കിലും ഏഴാം റൗണ്ടിൽ കുന്നത്തുനാട്ടിലേക്കു കടന്നപ്പോൾ യു.ഡി.എഫാണ് 154 വോട്ടുകൾക്കു മുന്നിലെത്തിയത്.

കുന്നത്തുനാട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോൾ യു.ഡി.എഫ്. 755 വോട്ടുകൾക്ക്‌ ലീഡ്‌ ചെയ്തു. അവിടെയും ട്വന്റി-20 മൂന്നാം സ്ഥാനത്തായി. എന്നാൽ, ഐക്കരനാട് പഞ്ചായത്തുൾപ്പെടുന്ന എട്ടാം റൗണ്ടിലേക്കെത്തിയപ്പോൾ 399 വോട്ടുകളുമായി എൽ.ഡി.എഫ്. ലീഡ് തിരിച്ചുപിടിച്ചു. ഐക്കരനാട്, പൂത്തൃക്ക പഞ്ചായത്തുകൾ എണ്ണിത്തീർത്തപ്പോൾ യു.ഡി.എഫ്. 108 വോട്ടുകൾക്കു മുന്നിലായി.

എൽ.ഡി.എഫ്. ഭരിക്കുന്ന പുത്തൻകുരിശ്, തിരുവാണിയൂർ പഞ്ചായത്തുകളിലേക്കെത്തിയതോടെ യു.ഡി.എഫ്. സ്ഥാനാർഥി വി.പി. സജീന്ദ്രൻ 108 വോട്ടുകൾ വരെ ലീഡ്‌ ചെയ്തെങ്കിലും അധികം വൈകാതെ എൽ.ഡി.എഫ്. മുന്നോട്ടെത്തി. രണ്ടു പഞ്ചായത്തിലും ചേർത്ത് ശ്രീനിജിന്‌ 1300 വോട്ടുകളുടെ ഭൂരിപക്ഷം കിട്ടി.

തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോഴും ആദ്യം മുന്നിട്ടു നിന്നത് യു.ഡി.എഫാണ്. അവസാന റൗണ്ടിലേക്കെത്തിയപ്പോൾ 1766 വോട്ടുകൾക്ക്‌ എൽ.ഡി.എഫ്. മുന്നിലേക്ക് വന്നു. ഭൂരിപക്ഷം 2815 വോട്ടുകളുടേതായി. എൻ.ഡി.എ. സ്ഥാനാർഥി രേണു സുരേഷ് എല്ലാ റൗണ്ടുകളിലും നാലാം സ്ഥാനത്തു തന്നെയായിരുന്നു.