കൊച്ചി: എറണാകുളം ജില്ലയിൽ അഞ്ചു മണ്ഡലങ്ങളിലാണ്‌ മുന്നണി സ്ഥാനാർഥികൾക്കെതിരേ അപരൻമാർ നിരന്നത്. ‍എറണാകുളത്ത്‌ എൽ.ഡി.എഫ്. സ്ഥാനാർഥി ഷാജി ജോർജ് പ്രണതയ്ക്ക് അപരനായി ഷാജി ജോർജ് പ്ലാക്കിൽ നിന്നെങ്കിലും 289 വോട്ട് മാത്രമാണ് നേടിയത്.

ഒരേ പേരിലുള്ള അപരൻ വന്നതോടെ തന്റെ പ്രസാധക സ്ഥാപനമായ ‘പ്രണത’യെന്ന പേരും ഇടതു സ്വതന്ത്ര സ്ഥാനാർഥി പേരിനൊപ്പം ചേർക്കുകയായിരുന്നു.

കോതമംഗലം മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി ഷിബു തെക്കുംപുറത്തിന്‌ രണ്ട് അപരൻമാർ ഉണ്ടായിരുന്നു. ഇതിൽ ഷിബു 43-ഉം ഷിബു തെക്കൻ 92 വോട്ടും നേടി.

പറവൂരിൽ യു.ഡി.എഫ്. സ്ഥാനാർഥി സതീശന്റെ പേരിനോടു സാദൃശ്യമുള്ള സത്യനേശൻ ഏഴിക്കര എന്ന സ്ഥാനാർഥി നേടിയത് 110 വോട്ട്.

പിറവത്ത് ഇടതമുന്നണി സ്ഥാനാർഥി ഡോ. സിന്ധുമോൾ ജേക്കബ്ബിന് അപരയായി മത്സര രംഗത്തുണ്ടായിരുന്ന സി. സിന്ധുമോൾക്ക് 563 വോട്ട് ലഭിച്ചു.

കുന്നത്തുനാട് മണ്ഡലത്തിൽ ട്വന്റി-20 സ്ഥാനാർഥി ഡോ. സുജിത് പി. സുരേന്ദ്രന് അപരനായി രംഗത്തുണ്ടായിരുന്ന സുജിത് കെ. സുരേന്ദ്രൻ 598 വോട്ട് നേടി.