തോപ്പുംപടി: കൈക്കുടന്നയിലുണ്ടായിരുന്ന വോട്ടുകൾ പോയ വഴിയറിയാതെ വിഷമിക്കുകയാണ് കൊച്ചിയിലെ യു.ഡി.എഫ്. നേതൃത്വം. ലഭിച്ച ഭൂരിപക്ഷത്തിലേക്കു വന്നുചേർന്ന വോട്ട്‌ എവിടെ നിന്നെന്ന ആശ്ചര്യത്തിലാണ് ഇടതുപക്ഷം. കൊച്ചിയിൽ കെ.ജെ. മാക്സിയുടെ വിജയം ഇരുപക്ഷത്തെയും ഞെട്ടിച്ചു.

എന്തു പ്രശ്നമുണ്ടായാലും കൊച്ചി ഒപ്പം നിൽക്കുമെന്ന വിശ്വാസമായിരുന്നു യു.ഡി.എഫിന്. പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ചെല്ലാനത്തു തകർന്നടിഞ്ഞപ്പോഴും മാറ്റം കാണാൻ യു.ഡി.എഫ്. നേതൃത്വത്തിനു കഴിഞ്ഞില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരസഭാ പ്രദേശങ്ങളിൽ പലയിടത്തും നഷ്ടങ്ങളുണ്ടായി. കുമ്പളങ്ങിയിൽ മാത്രമാണ് പിടിച്ചുനിന്നത്.

മട്ടാഞ്ചേരിയിൽ ലീഗിനുമുണ്ടായി തിരിച്ചടികൾ. ഇക്കുറി പക്ഷേ ലീഗിന്റെ വിമത നേതാവായ ടി.കെ. അഷറഫിനെ യു.ഡി.എഫ്. ഒപ്പം കൂട്ടി. അതുപോലെ, എസ്.ഡി.പി.ഐ., വെൽഫെയർ പാർട്ടി എന്നിവയുടെ സഹായവും ഉറപ്പിച്ചു. ഇതുവഴി മുസ്‌ലിം മേഖലയിൽ വലിയ പിന്തുണ ലഭിക്കുമെന്ന് അവർ കണക്കുകൂട്ടി. പുറമേ നിന്നു നോക്കിയാൽ ഈ കണക്കൊക്കെ ശരിയുമായിരുന്നു. ക്രിസ്ത്യൻ സഭയ്ക്കു സ്വാധീനമുള്ള മേഖലകളിലും വോട്ട് വീഴുമെന്നവർ കണക്കുകൂട്ടി.

ചെല്ലാനത്ത് കോൺഗ്രസിന്റെ കാൽച്ചുവട്ടിൽനിന്ന് മണ്ണൊലിച്ചു പോകുന്നത് നാട്ടുകാർക്ക് അറിയാമായിരുന്നു. ട്വന്റി 20-യും എൽ.ഡി.എഫും തമ്മിലാണ്‌ ചെല്ലാനം മേഖലയിൽ മത്സരമെന്നും വ്യക്തമായിരുന്നു. എന്നിട്ടും നേതൃത്വം പഴയ കണക്കുപുസ്തകം വായിച്ചാണ്‌ വോട്ട് കണക്കുകൂട്ടിയത്.

മട്ടാഞ്ചേരി പ്രദേശത്ത് അഷറഫിനെപ്പോലെ കരുത്തനായ നേതാവിനെ കൂടെക്കൂട്ടിയിട്ടും വിചാരിച്ചതുപോലെ മുന്നേറാനായില്ല. മാത്രമല്ല, മാക്സി അവിടെ കൂടുതൽ വോട്ടു നേടുകയും ചെയ്തു. മട്ടാഞ്ചേരിയിലെ മുന്നേറ്റം കണ്ടപ്പോൾത്തന്നെ കോൺഗ്രസ് പ്രവർത്തകർ പരാജയം മണത്തറിഞ്ഞു.

എൽ.ഡി.എഫിന്റെയും കണക്കുകൂട്ടലുകൾ തെറ്റിയെന്നു പറയാതിരിക്കാനാവില്ല. 5000-ത്തിൽ താഴെ വോട്ടിനു ജയിക്കുമെന്നായിരുന്നു പ്രവർത്തകരുടെ കണക്കുകൂട്ടൽ. 3000-ത്തിനും 5000- ത്തിനുമിടയിൽ ഭൂരിപക്ഷം നേടുമെന്ന്‌ േനതൃത്വവും കണക്കുകൂട്ടി. സർക്കാരിനനൂകൂലമായി കൂടുതൽ വോട്ട്‌ ലഭിക്കാനിടയുണ്ടെന്ന് മാക്സിയും കണക്കുകൂട്ടി. അപ്പോഴും അതു പതിനായിരവും കടന്നു പോകുമെന്ന്‌ അദ്ദേഹം സ്വപ്നംപോലും കണ്ടില്ല. എം.എൽ.എ. എന്ന നിലയിൽ അദ്ദേഹം നടത്തിയ ഇടപെടലുകളാണ് വോട്ട്‌ കൂടാൻ കാരണമെന്നാണു പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ.

കുമ്പളങ്ങി പോലുള്ള കോട്ടകളിൽ പോലും കാര്യമായി വോട്ട്‌ നേടാൻ കഴിയാതെ പോയത് യു.ഡി.എഫ്. നേതൃത്വത്തെ ഞെട്ടിച്ചു. മുണ്ടംവേലി, ഫോർട്ട്‌കൊച്ചി, തോപ്പുംപടി തുടങ്ങി എക്കാലത്തും യു.ഡി.എഫിനെ മാത്രം തുണയ്ക്കുന്ന മേഖലകളിലും കാര്യമായി മുന്നേറാൻ യു.ഡി.എഫിനു കഴിഞ്ഞില്ല.