കൊച്ചി: ഞായറാഴ്ച രാവിലെ എട്ടു മണി. എറണാകുളം ജനറൽ ആശുപത്രി റോഡും മഹാരാജാസ് കോളേജ് റോഡുമെല്ലാം കനത്ത പോലീസ് കാവലിൽ. തിരഞ്ഞെടുപ്പ്‌ ഫല പ്രഖ്യാപനത്തിന്‌ മിനിറ്റുകൾ മാത്രം ഇനി ബാക്കി.

ആവേശം അടക്കാനാവാതെ സോബിൻ മഹാരാജാസ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിലേക്കെത്തി. ഫൈൻ ആർട്സ് ഹാളിനു സമീപത്തെ വീട്ടിൽനിന്ന്‌ മഹാരാജാസ് വരെ സൈക്കിൾ ഓടിച്ചെത്തിയപ്പോഴേക്കും പോലീസ് പിടിച്ചു.

“കൊറോണക്കാലമാണ്‌ മോനേ വീട്ടിൽ പോ” എന്ന്‌ പോലീസ്. വീട്ടിലെ സ്‌ക്രീനിൽ കണ്ടറിയാം ആവേശമെന്നുറപ്പിച്ച്‌ സോബിൻ പതിയെ വീട്ടിലേക്ക്.

ജനറൽ ആശുപത്രിക്ക് എതിർവശത്തുള്ള കവാടത്തിലൂടെയാണ് മഹാരാജാസ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക്‌ പ്രവേശനം. മീഡിയ സെന്ററിനു മുന്നിൽ വിജയപ്രതീക്ഷ പങ്കുവെച്ച്‌ തൃപ്പൂണിത്തുറയിലെ യു.ഡി.എഫ്. സ്ഥാനാർഥി കെ. ബാബു ആത്മവിശ്വാസത്തോടെ വോട്ടെണ്ണൽ കേന്ദ്രത്തിനകത്തേക്ക്‌ നടന്നു. കാക്കിയും വലിയ പോലീസ് വണ്ടിയും കണ്ട്‌ റോഡിലൂടെ പോകുന്നവർ പതിയെ എത്തിനോക്കുന്നു.

ഇപ്പോൾ തുടങ്ങുമെന്ന പ്രതീക്ഷയിൽ മീഡിയ റൂമിലെ സ്‌ക്രീനിലേക്ക്‌ കണ്ണുനട്ടിരിക്കുകയാണ് എല്ലാവരും. എണ്ണൽ താമസിയാതെ തുടങ്ങുമെന്ന്‌ അറിയിപ്പെത്തി. ഇതിനിടെ മറ്റു വോട്ടെണ്ണൽ കേന്ദ്രങ്ങളിൽനിന്ന്‌ ചെറിയ കണക്കുകൾ വന്നു തുടങ്ങി. ഇവിടെ മാത്രം എന്താണ് തുടങ്ങാത്തതെന്ന അക്ഷമ തൊട്ടറിഞ്ഞെന്ന പോലെ കംപ്യൂട്ടർ സ്‌ക്രീനിൽ വലിയ അക്ഷരങ്ങൾ തെളിഞ്ഞു: “കൗണ്ടിങ് ഇപ്പോൾ തുടങ്ങും... അക്ഷമരാകാതിരിക്കൂ...”

ആദ്യ റൗണ്ടിന്റെ ഫലം പ്രഖ്യാപിച്ചപ്പോൾ സമയം 9.24. കെ. ബാബു 4590 വോട്ടും എം. സ്വരാജ് 4067 വോട്ടും നേടി. ബാബുവിന്റെ ഭൂരിപക്ഷം 523 വോട്ട്.

തൃപ്പൂണിത്തുറയ്ക്കു പിന്നാലെ സ്‌ക്രീനിൽ പതിയെ കൊച്ചിയും പെരുമ്പാവൂരും കളമശ്ശേരിയുമെല്ലാം മിന്നിമറയാൻ തുടങ്ങി. ഫലം അറിയാനുള്ള ആകാംക്ഷയിൽ സ്‌ക്രീനിനു മുന്നിലെ തലകളുടെ എണ്ണം കൂടിവന്നു.

മീഡിയ റൂമിൽ നാല്‌ സ്‌ക്രീനുകളാണ് ഒരുക്കിയത്. ഒന്നിൽ തിരുവനന്തപുരം മുതൽ കാസർകോട്‌ വരെയുള്ള കണക്കുകൾ തെളിഞ്ഞു. മറ്റു മൂന്നിലും നിറഞ്ഞത് ജില്ലയുടെ മിടിപ്പ്. സ്‌ക്രീനിലേക്കും ചുവപ്പ് പടർന്നു തുടങ്ങിയപ്പോൾ പല മുഖങ്ങളും ആവേശത്തിൽ തുടുത്തു. ചിലർ നിരാശയിൽ മുഖം തിരിച്ചു.

പതിവിൽനിന്ന്‌ വ്യത്യസ്തമായി കാക്കിയും ക്യാമറയും ഉദ്യോഗസ്ഥരും മാത്രമായിരുന്നു കൗണ്ടിങ് സ്റ്റേഷന്റെ മതിൽക്കെട്ടിനുള്ളിൽ. അങ്ങനെ ആരവവും ആവേശവുമില്ലാതെ വലിയൊരു ആഘോഷത്തിനു കൂടി കൊടിയിറങ്ങി.