കൊച്ചി: അഴിമതിയുടെ പേരിൽ ജനശ്രദ്ധയാകർഷിച്ച മത്സരമായിരുന്നു കളമശ്ശേരിയിലേത്. അഴിമതിക്കെതിരായ പോരാട്ടത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥി പി. രാജീവ് ജയമുറപ്പിച്ചത് 15,336 വോട്ടിന്റെ ഭൂരിപക്ഷത്തിൽ.

എല്ലാ ഊഹാപോഹങ്ങളും ആദ്യ റൗണ്ടുമുതൽ തള്ളിക്കളഞ്ഞാണ് രാജീവിന്റെ വിജയം. ആദ്യ റൗണ്ടിൽ 6545 വോട്ടുമായാണ്‌ രാജീവ് വിജയക്കുതിപ്പിന് തുടക്കമിട്ടത്. 5304 വോട്ടാണ് യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ നേടിയത്. രാജീവിന്റെ ഭൂരിപക്ഷം 1241.

ഒരു ഘട്ടത്തിലും കടുത്ത മത്സരത്തിലേക്കു മണ്ഡലം പോയില്ല. എന്നാൽ, യു.ഡി.എഫ്. ക്യാമ്പിന് കളമശ്ശേരിയിലെ പരാജയം അപ്രതീക്ഷിതമായി. മണ്ഡലം രൂപവത്കരിച്ച ശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പിലും യു.ഡി.എഫിനായിരുന്നു വിജയം. മൂന്നാമങ്കത്തിൽ കളമശ്ശേരി എൽ.ഡി.എഫിനു സമ്മാനിച്ചത്‌ അട്ടിമറി ജയം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലടക്കം യു.ഡി.എഫിനു മുൻതൂക്കം ലഭിച്ചയിടങ്ങളിൽ ഇടതുമുന്നണി വോട്ട് വർധിപ്പിച്ചു.

ആദ്യമെണ്ണിയ തപാൽ വോട്ടുകളിൽ കൃത്യമായ മേൽക്കൈ നിലനിർത്തി മുന്നേറ്റം തുടങ്ങിയ രാജീവ് അവസാന റൗണ്ടിൽ വരെ ആധിപത്യം തുടർന്നു. കരുമാല്ലൂർ പഞ്ചായത്തിലെ 13 ബൂത്തുകളിലെ വോട്ടുകളാണ്‌ ആദ്യമെണ്ണിയത്‌. ആലങ്ങാടും കടുങ്ങല്ലൂരും കടന്ന്‌ ഏലൂരിലേക്ക്‌ പുരോഗമിക്കുമ്പോൾ നേരിയ തോതിൽ രാജീവിന്റെ ലീഡ്‌ ഉയർന്നു. പതിമൂന്നാമത്തെയും അവസാനത്തെയും റൗണ്ടിൽ കളമശ്ശേരി നഗരസഭാ പ്രദേശത്തെ ബൂത്തുകൾ രാജീവിന്റെ വൻ വിജയം ഉറപ്പിച്ചു.

പാലാരിവട്ടം പാലം അഴിമതിയിൽ പ്രതിയായതോടെയാണ്‌ വി.കെ. ഇബ്രാഹിംകുഞ്ഞിനു സീറ്റ്‌ നിഷേധിക്കപ്പെട്ടത്‌. ഇതോടെ മകൻ വി.ഇ. അബ്‌ദുൾ ഗഫൂറിനെ ഇബ്രാഹിംകുഞ്ഞ് സ്ഥാനാർഥിയാക്കി.‌ അബ്ദുൾ ഗഫൂറിന്റെ സ്ഥാനാർഥിത്വത്തിൽ പാർട്ടിയിൽനിന്നും മുന്നണിയിൽനിന്നും എതിർപ്പുകൾ ഉയർന്നു.

എൻ.ഡി.എ.ക്കും വോട്ട് വർധിപ്പിക്കാനായില്ല. 2016-ലെ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. നേടിയതിന്റെ പകുതി വോട്ടുപോലും ഇക്കുറി ലഭിച്ചില്ല.