പിറവം: ഇടതുതരംഗം ആഞ്ഞടിച്ചപ്പോഴും പിറവത്ത് ഭൂരിപക്ഷം മൂന്നിരട്ടിയിലേറെയാക്കി അനൂപ് ജേക്കബ്. 25,364 വോട്ടിനാണ് അനൂപ് ജേക്കബ് ജയിച്ചത്.

സംസ്ഥാനത്ത് ഇടതു മുന്നേറ്റമെന്നു പ്രവചനങ്ങൾ വന്നപ്പോഴും പിറവം യു.ഡി.എഫിനൊപ്പം തന്നെയായിരുന്നു. അനൂപിനെ നേരിടാൻ ആളെ കിട്ടാതെ, യാക്കോബായ വിശ്വാസിയെ സ്ഥാനാർഥിയാക്കണമെന്ന നിബന്ധനയോടെയാണ് സി.പി.എം. പിറവം കേരള കോൺഗ്രസ്‌ ജോസ് വിഭാഗത്തിനു നൽകിയത്. മാണി ഗ്രൂപ്പിന്റെ സ്ഥാനാർഥിക്കായി കാത്തിരുന്ന സി.പി.എമ്മിന്‌ അവസാനം സ്വന്തം പാർട്ടിക്കാരിയെ ‘രണ്ടില’ക്കാരിയായി നിർത്തേണ്ടി വന്നു. പ്രാദേശികമായി ഇടതുമുന്നണിയിലെ പലർക്കും അംഗീകരിക്കാനാകാത്ത തീരുമാനമായിരുന്നു അത്. നേതൃത്വത്തിന്റെ കണ്ണുരുട്ടലിനു മുന്നിൽ പ്രാദേശിക നേതാക്കൾ മുട്ടുമടക്കിയെങ്കിലും പ്രവർത്തകർ അത് ഉൾക്കൊണ്ടില്ലെന്നു വേണം കരുതാൻ.

2016-ലെ വോട്ട്‌ നിലനിർത്താൻ പോലും ഇടതു മുന്നണിക്കായില്ല. ചുരുക്കത്തിൽ ഇടതു തരംഗമോ സഭാ വിശ്വാസമോ ഒന്നും പിറവത്തെ ഇടതുമുന്നണിയെ തുണച്ചില്ല. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ആർക്കും എപ്പോഴും സമീപിക്കാവുന്ന നേതാവ് എന്ന വിശേഷണം ജനങ്ങൾ ഏറ്റെടുത്തു. പ്രചാരണ പ്രവർത്തനങ്ങളിൽ പാലിച്ച മിതത്വം ജനങ്ങൾ അംഗീകരിച്ചു. പിറവം അവികസിത പ്രദേശമാണെന്ന് കളിയാക്കിയതിനു മാത്രം മറുപടി പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം.

ടി.എം. ജേക്കബ്ബിന്റെ ആകസ്മികമായ വേർപാടിനെ തുടർന്നാണ് അനൂപ് ജേക്കബ് 2012-ൽ പിറവത്തു സ്ഥാനാർഥിയായത്. അന്ന് ഭൂരിപക്ഷം 12,071 വോട്ട്. പിതാവിന്റെയും എതിരാളിയായിരുന്ന എം.ജെ. ജേക്കബ്ബിനെ പരാജയപ്പെടുത്തിയാണ് അനൂപ് ആദ്യമായി സഭയിലെത്തിയത്. 2016-ൽ അനൂപിന്റെ ഭൂരിപക്ഷം 6195 വോട്ടായി കുറഞ്ഞു.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പിറവത്ത്‌ യു.ഡി.എഫിന് 9104 വോട്ടുകളുടെ മുൻതൂക്കമുണ്ടായി. അനൂപിന്റെ പ്രവർത്തനങ്ങൾക്കു കിട്ടിയ അംഗീകാരം കൂടിയായിരുന്നു അത്. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ അതിൽ ഗണ്യമായ ഇടിവുണ്ടായി. എന്നാൽ, അതെല്ലാം മറികടന്ന്‌ ഭൂരിപക്ഷം വർധിപ്പിക്കാൻ അനൂപിനായി. തപാൽ വോട്ടുകളിലും അനൂപിനായിരുന്നു മുൻതൂക്കം. പതിനഞ്ചു റൗണ്ടുകളിലായി നടന്ന വോട്ടെണ്ണലിൽ ഒരിക്കൽ പോലും അനൂപ് പിന്നിൽ പോയില്ല.