വരാപ്പുഴ : കനിവിന്റെ ആൾരൂപമാണ് സുനിൽ. 25 വർഷം മുമ്പ് സഹോദരി വൃക്കരോഗത്തിനു കീഴടങ്ങിയപ്പോൾ, തന്റെ വൃക്കകളിലൊന്ന്‌ ദാനം ചെയ്ത് അവരെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നയാൾ. എന്നാൽ, സുനിൽ ഇന്ന്‌ കനിവിനായി സുമനസ്സുകളുടെ സഹായം തേടുകയാണ്. വൃക്കരോഗത്തിനും ഹൃദയ ശസ്ത്രക്രിയയ്ക്കുമായി സഹായം തേടുകയാണ് കൂനമ്മാവ് കൊച്ചാൽ സ്വദേശി കണ്ടമംഗലത്ത് വീട്ടിൽ ടി.ജി. സുനിൽ.

സുനിലിന്റെ ഹൃദയ വാൽവ് അടിയന്തരമായി മാറ്റിവയ്ക്കണം. സുനിലിന്റെ ശേഷിക്കുന്ന വൃക്ക പത്തു ശതമാനം മാത്രമേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ. ഹെർണിയയുടെ അസ്വസ്ഥതകളുള്ള സുനിലിന്‌ അതിനും ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ട്.

എറണാകുളം ലൂർദ്‌ ആശുപത്രിയിലെ ഡോക്ടർമാരാണ് സുനിലിനെ ചികിത്സിക്കുന്നത്. ശസ്ത്രക്രിയയ്ക്കും മറ്റുമായി അഞ്ചുലക്ഷം രൂപയെങ്കിലും വേണം. തുടർ ചികിത്സയും ഡയാലിസിസും നടത്തണം. സ്വന്തമായി സ്ഥലമോ കിടപ്പിടമോ ഇല്ലാത്ത സുനിൽ ഭാര്യക്കും മകനുമൊപ്പം വാടക വീട്ടിലാണ് കഴിയുന്നത്.

സുനിലിനെ സഹായിക്കാം

പഞ്ചായത്തംഗം ബിജു ആന്റണിയുടെ നേതൃത്വത്തിൽ സുനിൽ ചികിത്സാ സഹായ നിധി രൂപവത്കരിച്ചിട്ടുണ്ട്. കാനറ ബാങ്കിന്റെ കൂനമ്മാവ് ശാഖയിലാണ് അക്കൗണ്ട്.

അക്കൗണ്ട് നമ്പർ: 6009101002983

ഐ.എഫ്.എസ്. കോഡ്: CNRB 0006009

എം.ഐ.സി.ആർ. കോഡ്: 682015040.

ഫോൺ: 88488 60053, 85898 49605.