കൊച്ചി : കളമശ്ശേരി പത്തടിപ്പാലത്ത് അമിത വേഗത്തിൽ പാഞ്ഞ കാർ മെട്രോ തൂണിലിടിച്ച് യുവതി മരിച്ച സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന പാലക്കാട് സ്വദേശി കരിംപെട്ട വീട്ടിൽ സൽമാനുൽ ഫാരിസി (26) നെതിരേ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. മദ്യലഹരിയിലാണ് ഇയാൾ വാഹനമോടിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അപകട സമയത്ത് കാറിലുണ്ടായിരുന്ന വരാപ്പുഴ സ്വദേശി പള്ളിയേക്കൽ വീട്ടിൽ ജിബിൻ ജോൺസണെ (28) വിശദമായി ചോദ്യം ചെയ്യാൻ നോട്ടീസ് നൽകി വിളിപ്പിക്കുമെന്ന് കളമശ്ശേരി സ്റ്റേഷൻ ഇൻസ്പെക്ടർ പി.ആർ. സന്തോഷ് പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ കളമശ്ശേരി പത്തടിപ്പാലത്തിനു സമീപമായിരുന്നു അപകടം. അപകടത്തിൽ ആലുവ രാജഗിരി ആശുപത്രിക്ക് സമീപം എരുമത്തല കൊട്ടാരപ്പിള്ളി വീട്ടിൽ മുഹമ്മദിന്റെ മകൾ മൻഫിയ (സുഹാന-21) സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.